മനോഹരം ഈ ഉത്സവവും തെരുവും

Posted on: 23 Dec 2012ആലപ്പുഴ: 'ആലപ്പുഴയില്‍ വന്നപ്പോള്‍ ഹൗസ് ബോട്ടും കായല്‍സവാരിയും മാത്രമെ വിചാരിച്ചുള്ളൂ. എന്നാല്‍, ഈ കാഴ്ചകളും ആള്‍ക്കൂട്ടവും ഒട്ടും പ്രതീക്ഷിച്ചില്ല . മനോഹരമായിരിക്കുന്നു ഉത്സവവും തെരുവും'- സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്ന് ക്രിസ്മസ് ആഘോഷിക്കാനായി എത്തിയ റോസര്‍ക്കും ഭാര്യ മാള്‍ഗക്കും മുല്ലയ്ക്കല്‍ തെരുവിലെ കാഴ്ചകള്‍ കണ്ട് മതിയാകുന്നില്ല. ആദ്യമായിട്ടാണ് ഇരുവരും ആലപ്പുഴയില്‍ വരുന്നത്. ഇവര്‍ക്കൊപ്പം മൂന്ന് വയസ്സുകാരന്‍ മകനുമുണ്ട്. ഇവര്‍ മൂന്നുദിവസം മുമ്പാണ് ആലപ്പുഴയില്‍ വന്നത്. ആലപ്പുഴയില്‍ വന്നപ്പോള്‍ മകന് സുഖമില്ലാതെ വന്നതിനാല്‍ ഹൗസ് ബോട്ട് സവാരി നടത്താനായില്ല. അതിനാല്‍ കിട്ടിയ സമയമത്രയും ചിറപ്പിന്റെ ആഘോഷത്തില്‍ ഇവരും ചേര്‍ന്നു. ഹൗസ് ബോട്ട് യാത്ര ക്രിസ്മസിന് മാറ്റിവെച്ചിരിക്കുകയാണ് ഇവര്‍.

മുല്ലയ്ക്കല്‍ തെരുവിലെ ആഘോഷം ആലപ്പുഴയിലെത്തുന്ന വിദേശസഞ്ചാരികള്‍ക്കും ഹരമാണ്. തെരുവിലെ കാഴ്ചകളും കാര്‍ണിവലും അവര്‍ കാമറയില്‍ പകര്‍ത്തും. ആള്‍ക്കൂട്ടത്തിനൊപ്പം വഴിയോരക്കച്ചവടം കണ്ടാണ് അവര്‍ നടക്കുന്നത്. കരിമ്പും ചോളവും വാങ്ങാനും ഇവര്‍ക്ക് ഇഷ്ടമാണ്. ക്രിസ്മസ് - പുതുവത്സരമാഘോഷിക്കാന്‍ എത്തിയിരിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കിയിരിക്കുകയാണ് ചിറപ്പിലെ കാഴ്ചകള്‍.

More News from Alappuzha