അരലക്ഷം പേര്‍ അണിനിരക്കും നായര്‍ മഹാസമ്മേളനം ഇന്ന് ഹരിപ്പാട്ട്

Posted on: 23 Dec 2012ഹരിപ്പാട്: കാര്‍ത്തികപ്പള്ളി താലൂക്കിലെ അരലക്ഷം നായര്‍ സമുദായാംഗങ്ങള്‍ പങ്കെടുക്കുന്ന നായര്‍ മഹാസമ്മേളനം ഞായറാഴ്ച ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടക്കും. സമുദായ ആചാര്യന്‍ മന്നത്ത് പത്മനാഭന്റെ അര്‍ധകായ പ്രതിമയുടെ അനാച്ഛാദനം സമ്മേളനത്തിന് മുന്നോടിയായി നടക്കും.

എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ജി. സുകുമാരന്‍ നായര്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണ് നായര്‍ മഹാസമ്മേളനം. എന്‍.എസ്.എസ്. ട്രഷററും യൂണിയന്‍ പ്രസിഡന്റുമായ ഡോ. എം. ശശികുമാര്‍ ജനറല്‍ സെക്രട്ടറിയെ നെന്മണികള്‍കൊണ്ട് തയ്യാറാക്കിയ മാല അണിയിച്ച് യൂണിയനിലേക്ക് സ്വീകരിക്കും. തുടര്‍ന്ന്, മയില്‍വാഹനത്തിലുള്ള സുബ്രഹ്മണ്യസ്വാമിയുടെ വെങ്കല പ്രതിമ ജനറല്‍ സെക്രട്ടറിക്ക് സമ്മാനിക്കും. കരമന ശശിയാണ് 25 കിലോഗ്രാം തൂക്കംവരുന്ന ഈ പ്രതിമയുടെ ശില്‍പ്പി. ഡോ. എം. ശശികുമാര്‍ അധ്യക്ഷത വഹിക്കും.

യൂണിയന്‍ ആസ്ഥാനത്തെ മണ്ഡപത്തില്‍ സ്ഥാപിച്ച സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭന്റെ പ്രതിമ 2.30 ന് അനാച്ഛാദനം ചെയ്യും. തുടര്‍ന്ന്, ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, ട്രഷറര്‍ ഡോ. എം. ശശികുമാര്‍, കരയോഗം രജിസ്ട്രാര്‍ അഡ്വ. കെ.എന്‍. വിശ്വനാഥപിള്ള എന്നിവരെ സമ്മേളന നഗറിലേക്ക് സ്വീകരിച്ച് ആനയിക്കും. മൂന്ന് മണിക്ക് നായര്‍ സമ്മേളനം ആരംഭിക്കും.

വിവിധ കരയോഗങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ ഉച്ചയ്ക്ക് ഒന്ന് മുതല്‍ ഹരിപ്പാട്ട് എത്തിത്തുടങ്ങും. രണ്ട് മണിക്കകം പ്രവര്‍ത്തകര്‍ സമ്മേളന നഗറിലെത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

More News from Alappuzha