ജെന്‍ഡര്‍ പാര്‍ക്ക്: സി.പി.ഐ. സെക്രട്ടറിക്കെതിരെ വീണ്ടും സി.പി.എം.

Posted on: 23 Dec 2012ആലപ്പുഴ:ജില്ലാ പഞ്ചായത്ത് ജെന്‍ഡര്‍പാര്‍ക്ക് പ്രശ്‌നത്തില്‍ കാര്യങ്ങള്‍ പഠിക്കാതെയാണ് സി.പി.ഐ. ജില്ലാ സെക്രട്ടറി പ്രതികരിച്ചതെന്ന് സി.പി.എം. സെക്രട്ടറി സി.ബി.ചന്ദ്രബാബു.

ജില്ലാ പഞ്ചായത്തിന്റെ 2011-2012 വര്‍ഷത്തെ പദ്ധതിയില്‍പ്പെടുത്തി ജെന്‍ഡര്‍ പാര്‍ക്കിന് സ്ഥലം വാങ്ങുന്നതിന് തദ്ദേശഭരണ സെക്രട്ടറി 2012 മാര്‍ച്ച് ആറിന് അനുവാദം നല്‍കിയതാണ്. ഇതിന്റെയടിസ്ഥാനത്തില്‍ മാര്‍ച്ച് 20ലെ യോഗത്തില്‍ സ്ഥലം വാങ്ങാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ഇതിലേക്ക് കലക്ടറുടെ മൂല്യനിര്‍ണയ സര്‍ട്ടിഫിക്കറ്റാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. കലക്ടര്‍ നിയോഗിച്ചപ്രകാരം അമ്പലപ്പുഴ തഹസില്‍ദാര്‍ മൂല്യ നിര്‍ണയ സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു.

സ്റ്റാമ്പ് ഡ്യൂട്ടി ഇളവിന് സര്‍ക്കാറിനെ സമീപിച്ചെങ്കിലും മാര്‍ച്ച് 31ന് മുമ്പ് ക്യാബിനറ്റില്‍വച്ച് അനുവാദം ലഭിക്കുക പ്രയാസമായിരുന്നു. ഭൂമി വാങ്ങിയ ഇനത്തില്‍ നല്‍കുന്ന സ്റ്റാമ്പ് ഡ്യൂട്ടി സര്‍ക്കാറിനുതന്നെയാണ് ലഭിച്ചത്. ഇക്കാര്യത്തില്‍ സ്വകാര്യ വ്യക്തികള്‍ക്ക് ഒരു നേട്ടവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

പട്ടികജാതി ക്ഷേമത്തിനുള്ള തുക പുര്‍ണമായും ആ വിഭാഗത്തിനുവേണ്ടിയാണ് ചെലവഴിക്കേണ്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആരോടും മോശമായി പെരുമാറാന്‍ പാടില്ല. എന്നാല്‍, ആരുടെയെങ്കിലും താളത്തിനുതുള്ളുന്ന പാവയായി പ്രസിഡന്റ് മാറേണ്ടതുമില്ല. ഇക്കാര്യത്തില്‍ ഡി.സി.സി. പ്രസിഡന്റ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നോക്കേണ്ടതില്ല. അഴിമതിയുണ്ടെങ്കില്‍ അന്വേഷണംനടത്തി നടപടിയെടുക്കണം. പ്രശ്‌നത്തില്‍ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരുടെ യഥാര്‍ഥ ഉദ്ദേശ്യം പുറത്തുവരണം. ജെന്‍ഡര്‍ പാര്‍ക്ക് ഭൂമിയിടപാടില്‍ ഇടനിലക്കാര്‍ക്ക് അവസരം ലഭിക്കാത്തതാണ് പ്രശ്‌നമെങ്കില്‍ അതിനുള്ള മറുമരുന്ന് സി.പി.എമ്മിന്റെ പക്കലില്ലെന്നും ചന്ദ്രബാബു പറഞ്ഞു

More News from Alappuzha