ഓണാട്ടുകര കാര്‍ഷികോത്സവം 27 മുതല്‍ ചാരുംമൂട്ടില്‍

Posted on: 23 Dec 2012



ചാരുംമൂട്:അഞ്ചാമത് ഓണാട്ടുകര കാര്‍ഷികോത്സവം 27 മുതല്‍ 30 വരെ ചാരുംമൂട് സെന്റ് മേരീസ് എല്‍.പി.സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് ഓണാട്ടുകര ഫാര്‍മേഴ്‌സ് ക്ലബ് ജനറല്‍ കണ്‍വീനര്‍ ജി.മധുസൂദനന്‍ നായര്‍ അറിയിച്ചു.

27 ന് രാവിലെ 10 ന് കൃഷിമന്ത്രി കെ.പി.മോഹന്‍ ഉദ്ഘാടനം ചെയ്യും. ആര്‍.രാജേഷ് എം.എല്‍.എ. അധ്യക്ഷത വഹിക്കും. പ്രദര്‍ശനം സി.കെ.സദാശിവന്‍ എം.എല്‍.എ. യും ഫാര്‍മേഴ്‌സ് ക്ലബ് സ്റ്റാള്‍ എസ്.ബി.ടി. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അനന്തകൃഷ്ണപിള്ളയും ഭക്ഷ്യമേള ഓണാട്ടുകര വികസന ഏജന്‍സി വൈസ്​പ്രസിഡന്റ് കണ്ടല്ലൂര്‍ ശങ്കരനാരായണനും ഉദ്ഘാടനം ചെയ്യും.

28 ന് രാവിലെ 10 ന് കാര്‍ഷിക സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭ ഹരി ഉദ്ഘാടനം ചെയ്യും. ആലപ്പുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.ജി.ഹരികുമാര്‍ അധ്യക്ഷനാകും. ബി.വിജയകുമാര്‍, രൂപേഷ് കുമാര്‍, മുരളീധരന്‍ തഴക്കര എന്നിവര്‍ ക്ലാസ്സെടുക്കും.

29 ന് രാവിലെ 8 ന് കന്നുകാലി പ്രദര്‍ശനം താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.രാധാകൃഷ്ണന്‍ ഉണ്ണിത്താന്റെ അധ്യക്ഷതയില്‍ മില്‍മ ഡയറക്ടര്‍ സദാശിവന്‍ പിള്ള ഉദ്ഘാടനം ചെയ്യും.

30 ന് വൈകിട്ട് 3 ന് സമാപനസമ്മേളനം ആര്‍.രാജേഷ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.മണിയമ്മ അധ്യക്ഷത വഹിക്കും.

ഓയില്‍പാം ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ ഷേക് പി.ഹാരിസ് സമ്മാനങ്ങള്‍ നല്‍കും.

ഫാര്‍മേഴ്‌സ് ക്ലബ്ബുകള്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്, ദേശീയ കൃഷി, ഗ്രാമവികസന ബാങ്ക്, കൃഷി വകുപ്പ് എന്നിവര്‍ സംയുക്തമായാണ് കാര്‍ഷികോത്സവം നടത്തുന്നത്.

എഴുപതില്‍പ്പരം സ്റ്റാളുകള്‍ കാര്‍ഷികോത്സവത്തില്‍ ഉണ്ടാകുമെന്ന് സംഘാടക സമിതി വൈസ് ചെയര്‍മാന്‍മാരായ ചുനക്കര ജനാര്‍ദനന്‍ നായര്‍, എന്‍. ഉത്തമന്‍ എന്നിവര്‍ അറിയിച്ചു.

More News from Alappuzha