ചെങ്ങന്നൂരില്‍ വീടുകുത്തിത്തുറന്ന് എട്ട് പവന്‍ കവര്‍ന്നു

Posted on: 23 Dec 2012ചെങ്ങന്നൂര്‍: പട്ടാപ്പകല്‍ നഗരഹൃദയത്തിലെ വീട് കുത്തിപ്പൊളിച്ച് എട്ടുപവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. കീഴ്‌ചേരിമേല്‍ പുലിക്കോട്ടില്‍ ജോണിന്റെ വീട്ടിലാണ് ശനിയാഴ്ച ഒരു മണിക്കുശേഷം കവര്‍ച്ച നടന്നത്. രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്.

നഗരത്തില്‍ ബ്യൂട്ടിസെന്റര്‍ നടത്തുന്ന ജോണ്‍ ഭാര്യ ജിജി കടയിലെത്തിയശേഷമാണ് ഊണുകഴിക്കാന്‍ വീട്ടിലെത്താറ്. ശനിയാഴ്ച പതിവുപോലെ ഒരുമണിയായപ്പോള്‍ ജിജി വീട്ടില്‍നിന്ന് കടയിലേക്ക് പോയി. ഭാര്യ ബ്യൂട്ടി സെന്ററിലെത്തിയശേഷം ജോണ്‍ ഒന്നരയോടെ ഓടെ വീട്ടിലെത്തിയപ്പോഴേക്കും കവര്‍ച്ച നടന്നിരുന്നു. കിടപ്പുമുറിയുടെ പൂട്ട് പൊളിച്ച് അതിനുള്ളിലുണ്ടായിരുന്ന അലമാര തുറന്ന് ആഭരണങ്ങള്‍ എടുത്തു. അലമാരയിലെ സാധനങ്ങള്‍ വാരിവലിച്ച് അടുക്കളയിലിട്ടിരുന്നു. വെട്ടുകത്തി, കറിക്കത്തികള്‍ എന്നിവ പുറത്തെടുത്തിട്ട് മുറിയിലാകെ വെള്ളം കോരി ഒഴിച്ചിരുന്നു. കിടപ്പുമുറിയിലെ മറ്റൊരലമാരയും തുറന്നിട്ടിരുന്നു. സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാരയുടെ താക്കോല്‍ അതിന് മുകളില്‍ വച്ചത് എടുത്താണ് പൂട്ടുതുറന്നത്.

വീടിന്റെ പിന്‍വാതില്‍ കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. സംഭവസമയത്ത് ജോണിന്റെ പിതൃസഹോദരന്‍ ഉക്രൂ (92) മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. കേഴ്‌വിക്കുറവുള്ള ഇദ്ദേഹം മറ്റൊരു മുറിയില്‍ കിടപ്പുണ്ടായിരുന്നു. ഈ മുറിയുടെ വാതില്‍ ചാരിയശേഷമാണ് കവര്‍ച്ച നടത്തിയതെന്ന് വീട്ടുകാര്‍ പറയുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

More News from Alappuzha