കണ്ണമംഗലം കൊലക്കേസ് മൂന്നാം പ്രതിക്ക് കഠിനതടവും പിഴയും

Posted on: 23 Dec 2012മാവേലിക്കര:കണ്ണമംഗലം കൊലക്കേസ്സിലെ മൂന്നാംപ്രതി കണ്ണമംഗലം തെക്ക് പുത്തന്‍വീട്ടില്‍ ഗോപനെ(സുബി 28) ജീവപര്യന്തം കഠിനതടവിനും 10,000 രൂപ പിഴയടയ്ക്കാനും മാവേലിക്കര അതിവേഗ കോടതി ജഡ്ജി ആര്‍.സുധാകരന്‍ ശിക്ഷിച്ചു.

കണ്ണമംഗലം മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്‌സവകമ്മിറ്റി സെക്രട്ടറിയായിരുന്ന കണ്ണമംഗലം തെക്ക് കുന്നേല്‍ തറയില്‍ ലെജു(30)വാണ് ക്ഷേത്രപരിസരത്ത് കൊല്ലപ്പെട്ടത്. 2007 ജനവരി ഒന്നിന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ക്ഷേത്രത്തില്‍ ഗാനമേള നടക്കവെ മൂന്നാംപ്രതി ഗോപന്‍ ഊതിവീര്‍പ്പിച്ച ബലൂണുമായി സ്റ്റേജിലേക്ക് കയറാന്‍ ശ്രമിച്ചത് ലെജു തടഞ്ഞു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കേസ്സിലെ ഒന്നാംപ്രതി പത്തിയൂര്‍ കാവില്‍ കോളനിയില്‍ സജേഷ്(22), രണ്ടാംപ്രതി പത്തിയൂര്‍ മൂരാത്ത് ചിറയില്‍ ബിജു(22), നാലാംപ്രതി പത്തിയൂര്‍ രാജേഷ് ഭവനില്‍ രാജേഷ്(23)എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി കഴിഞ്ഞദിവസം വെറുതെവിട്ടിരുന്നു.

പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഏലിയാമ്മ എബ്രഹാം കോടതിയില്‍ ഹാജരായി.

More News from Alappuzha