സര്‍ഗാത്മക പ്രതിഷേധം ഇന്ന്

Posted on: 23 Dec 2012ആലപ്പുഴ: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിനും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ സൗഹൃദക്കൂട്ടമൊരുക്കി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സര്‍ഗാത്മക പ്രതിഷേധം ഞായറാഴ്ച .മത ചിഹ്നങ്ങള്‍ ധരിക്കാതെ വര്‍ത്തമാനം പറഞ്ഞിരുന്നതിന് ദമ്പതിമാര്‍ പോലീസ് അവഹേളനത്തിനിരയായ കനാല്‍ക്കരയിലാണ് പരിപാടി നടത്തുന്നത്. ആലപ്പുഴ ലൈറ്റ് ഹൗസിന് സമീപമുള്ള കനാല്‍ത്തീരത്ത് വൈകിട്ട് മൂന്നുമണിക്കാണ് കൂട്ടായ്മ.

പെണ്‍-ആണ്‍ സൗഹൃദത്തിന്റ സ്വാതന്ത്ര്യ പ്രഖ്യാപനം വെളിപ്പെടുത്തി കൂട്ടങ്ങള്‍ നിരന്നിരിക്കും. ആര്‍.രാജേഷ് എം.എല്‍.എ., മുന്‍ എം.പി.അഡ്വ. സി.എസ്.സുജാത, സംവിധായകന്‍ ലിജിന്‍ ജോസ്, നടന്‍ അനൂപ് ചന്ദ്രന്‍, അഡ്വ. ടി.ഗീനാകുമാരി, സാമൂഹിക പ്രവര്‍ത്തക ഉഷ, ചിത്രകാരന്‍മാരായ അലക്‌സാണ്ടര്‍, ഹുസൈന്‍ ആലപ്പുഴ, പ്രൊഫ. അമൃത, അഭയന്‍ കലവൂര്‍ തുടങ്ങിയവര്‍ കൂട്ടായ്മക്കെത്തും.

പാട്ട്, ചിത്രം, സംവാദം, കവിത, ശില്പം എന്നിങ്ങനെ വിവിധ തീരങ്ങള്‍ കൂട്ടായ്മയിലുണ്ട്.സന്ധ്യക്ക് സൗഹൃദ ദീപം തെളിച്ച് മനുഷ്യാവകാശ പ്രഖ്യാപനം നടത്തും. സ്ത്രീപുരുഷ സമത്വമെന്ന ഭരണഘടനാവകാശംപോലും നിഷേധിക്കുന്ന മതമൗലികവാദികള്‍ക്കും അവര്‍ക്ക് കൂട്ടുനില്ക്കുന്ന പോലീസിനും എതിരെയുള്ള പ്രഖ്യാപനം കൂടിയാണിത്. ആലപ്പുഴയിലെ കനാല്‍ക്കരയില്‍ വര്‍ത്തമാനം പറഞ്ഞിരുന്ന രാജേഷ്-രശ്മി ദമ്പതിമാരെ അവഹേളിച്ച സംഭവത്തില്‍ എസ്.ഐ.ക്കെതിരെ മാത്രമാണ് നടപടിയുണ്ടായത്. ദമ്പതിമാരെ ഏറ്റവുമധികം പീഡിപ്പിച്ച വനിതാ സി.പി.ഒ.യ്ക്കും പോലീസ് ഡ്രൈവറിനുനെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും പരിഷത്ത് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ആര്‍. രഞ്ജിത്ത്, സെക്രട്ടറി എന്‍.സാനു, ജില്ലാ ജെന്‍ഡര്‍ വിഷയസമിതി കണ്‍വീനര്‍ ലേഖ കാവാലം, ജില്ലാകമ്മിറ്റിയംഗം ജയന്‍ ചമ്പക്കുളം എന്നിവര്‍ പങ്കെടുത്തു.

More News from Alappuzha