നെഹ്രുട്രോഫി ജലോത്സവം അടിമുടി മാറ്റാന്‍ ശുപാര്‍ശ

Posted on: 04 Feb 2012





ആലപ്പുഴ: ലോകപ്രശസ്തമായ നെഹ്രുട്രോഫി ജലമേളയുടെ നടത്തിപ്പ് അടിമുടി മാറ്റാന്‍ ശുപാര്‍ശ. കാണികളില്‍ കൂടുതല്‍ ആവേശം വിതറാന്‍ ജലോത്സവം രണ്ടുദിവസമായി നടത്തണമെന്നും മത്സരം കുറ്റമറ്റതാക്കാന്‍ ശക്തമായ നിരീക്ഷണങ്ങളും പരിശോധനകളും വേണമെന്നും നെഹ്രുട്രോഫി റേസ് കമ്മിറ്റി ചുമതലപ്പെടുത്തിയ ഉപസമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹീറ്റ്‌സും ഫൈനലും രണ്ടുദിവസമായി നടത്തുന്നതിനൊപ്പം കളിക്കാര്‍ക്ക് ഭാവിയില്‍ ഉത്തേജക ഔഷധ പരിശോധന ഏര്‍പ്പെടുത്തുന്നത് പരിശോധിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട.് റിപ്പോര്‍ട്ട് ശനിയാഴ്ച ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രിക്ക് കൈമാറും .

ഈ വര്‍ഷം അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന നെഹ്രുട്രോഫി ജലോത്സവം വിദേശസഞ്ചാരികളടക്കമുള്ളവരെ കൂടുതലായി ആകര്‍ഷിക്കാനുള്ള നടപടികളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഉപസമിതിയെ നിയോഗിച്ചത്. കഴിഞ്ഞ മത്സരത്തിലേതുപോലെ ഫൈനലിനെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ജലോത്സവത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.

നിലവില്‍ ഏറെ സമയമെടുത്താണ് ഹീറ്റ്‌സും ഫൈനല്‍മത്സരങ്ങളും പൂര്‍ത്തായാക്കുന്നത്. അത് കാണികളില്‍ വിരസതയും സമയനഷ്ടവും ഉണ്ടാക്കുന്നുണ്ട്.

ഇത് പരിഹരിക്കാനാണ് ഹീറ്റ്‌സും ഫൈനലും രണ്ട് ദിവസമായി നടത്താന്‍ ശുപാര്‍ശ ചെയ്തത്. ഇതോടപ്പം ഹീറ്റ്‌സ് മത്സരത്തിനുളള വളളങ്ങളെ നറുക്കിട്ട് തീരുമാനിക്കുന്നത് അവസാനിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്. നറുക്കിടുമ്പോള്‍ ശക്തരായ വള്ളങ്ങള്‍ പരസ്​പരം ആദ്യം മത്സരിക്കേണ്ട അവസ്ഥ വരുന്നതിനാല്‍ ഇവയില്‍ ഏതെങ്കിലും ഒരുടീം ആദ്യ ഹീറ്റ്‌സില്‍ തന്നെ പുറത്തുപോകേണ്ടിവരുന്നു. ചില സന്ദര്‍ഭങ്ങളില്‍ വള്ളപ്പാടുകള്‍ക്ക് ശക്തരായ ടീംതീരെ ദുര്‍ബലമായ ടീമിനെ പിന്തള്ളുന്നതും മത്സരത്തിന്റ വീറും വാശിയും ആവേശവും ചോര്‍ത്തിക്കളയുന്നു. ഇതിന് പരിഹാരമായിട്ട് വള്ളങ്ങളെ ഗ്രേഡ് തിരിച്ച് ഹീറ്റ്‌സില്‍ പങ്കെടുപ്പിക്കണെമന്നാണ് ശുപാര്‍ശ. ഈ മത്സരങ്ങള്‍ ഫൈനലിന് രണ്ടുദിവസം മുമ്പെങ്കിലും സംഘടിപ്പിക്കണം.

പതിനാറ് ചുണ്ടന്‍വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. നാല് ഹീറ്റസുകളിലായി ഒന്നുംരണ്ടും സ്ഥാനത്തെത്തുന്ന വള്ളങ്ങള്‍ക്കായി പ്രത്യേകമായി രണ്ട് ഹീറ്റ്‌സ് ഉണ്ടാകും . ഇതില്‍ ഒന്നുംരണ്ടും സ്ഥാനത്തെത്തുന്നവരാണ് ഫൈനലില്‍ മത്സരിക്കുന്നത്. മൂന്നുംനാലും സ്ഥാനത്തെത്തുന്നവര്‍ ലൂസേഴസ് ഫൈനലിലും മാറ്റുരയ്ക്കണം. ചെറുവള്ളങ്ങളുടെ മത്സരവും ഇത്തരത്തില്‍ നടത്തണമെന്ന ശുപാര്‍ശയുണ്ട്. മത്സരത്തില്‍ തര്‍ക്കങ്ങളും മറ്റും ഒഴിവാക്കാന്‍ മത്സരത്തിന് തൊട്ടുമുമ്പ് ടീമംഗങ്ങള്‍ യൂണിഫോം അണിഞ്ഞിട്ടുണ്ടോ, വളളത്തില്‍ എന്തെങ്കിലും കൃത്രിമം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്. ഭാവിയില്‍ ടീമംഗങ്ങള്‍ക്കായി ഉത്തേജക ഔഷധ പരിശോധന വേണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. അമ്പയര്‍മാരുടെ എണ്ണം അഞ്ചായി പരിമിതപ്പെടുത്തുക, മത്സരത്തിന്റെ ഇടവേളയില്‍ പളളിയോടങ്ങളുടെ പ്രദര്‍ശന മത്സരം, നാവികസേനയുടെ സാഹസിക പ്രകടനങ്ങള്‍ എന്നിവയും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ ശുപാര്‍ശകള്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് വേണ്ടമാറ്റങ്ങള്‍ വരുത്തിയതിന് ശേഷമായിരിക്കും അന്തിമരൂപം നല്‍കുന്നത്.

ഉപസമിതിയില്‍ എം.എല്‍.മാരായ സി.കെ.സദാശിവന്‍, തോമസ് ചാണ്ടി, മുന്‍ എം.എല്‍.എ. കെ.കെ.ഷാജു, പ്രൊഫ. ബി. രഘുനാഥ്, ആര്‍.കെ.കുറുപ്പ്, ജി.മുകുന്ദന്‍പിള്ള, എസ്.എം.ഇക്ബാല്‍, കെ.എ.ഫിലിപ്പ്, കെ.പി. സുജിത് തുടങ്ങിയവര്‍ അംഗങ്ങളാണ്.

More News from Alappuzha