കൈവിടാതെ ബാപ്പയ്‌ക്കൊപ്പം റസീനയും മരണത്തിലേക്ക്

Posted on: 04 Feb 2012



ചേര്‍ത്തല: മരണത്തിനു മുന്നിലും പതിവു തെറ്റിയില്ല, ബാപ്പയേയും മകളേയും മരണത്തിനും വേര്‍പിരിക്കാനായില്ല. കോട്ടയത്ത് കാര്‍ അപകടത്തില്‍ പാണാവള്ളി ഇടവഴിക്കല്‍ ഇ.കെ. പരീതും (72) മകള്‍ റസീന (28) യും മരിച്ച വിവരം പാണാവള്ളി ഗ്രാമം ഞെട്ടലോടെയാണ് കേട്ടത്.

മാനസിക വൈകല്യമുണ്ടായിരുന്ന റസീനയെ കോട്ടയത്തു ചികിത്സക്കായി കൊണ്ടുംപോകും വഴിയായിരുന്നു അപകടം. റസീനയുടെ രോഗം ഭേദമാകുമെന്ന പ്രതീക്ഷകളോടെയുള്ള ചികിത്സകളായിരുന്നു പരീതും കുടുംബവും നല്‍കിയികുന്നത്, പ്രായത്തിന്റെയും പണത്തിന്റെയും പരിമിതികള്‍ക്കിടയിലും.

എന്തിനുംഏതിനും ബാപ്പ കൂടെവേണമെന്ന നിര്‍ബന്ധം റസിയക്കുണ്ടായിരുന്നു. അതിനാല്‍ മകളുടെ പരിചരണങ്ങളില്‍ എപ്പോഴും പരീതു തന്നെയായിരുന്നു മുന്നില്‍.

ആലപ്പുഴ മെഡിക്കല്‍ കോളേജിലായിരുന്നു റസിയയുടെ ചികിത്സ നടന്നു വന്നിരുന്നത്. തുടര്‍ചികിത്സയ്ക്ക് കോട്ടയത്തേക്കു കൊണ്ടുപോകും വഴിയായിരുന്നു അപകടം. ചുമട്ടുതൊഴിലാളിയായിരുന്ന പരീതിന്റെയും കുടുംബത്തിലെ എല്ലാവരുടേയും അരുമയായിരുന്നു മരിച്ച റസിയ. 28 വയസ്സായെങ്കിലും കൊച്ചുകുട്ടിയെപ്പോലെയാണ് റസിയയെ പരീതും കുടുംബവും വളര്‍ത്തിയിരുന്നത്. മകളുടെ ശാഠ്യങ്ങളും നിര്‍ബന്ധങ്ങളും എല്ലാം എപ്പോഴും പരിഹരിച്ചിരുന്നത് പരീതായിരുന്നു. ഒരുനാള്‍ മകളുടെ രോഗം മാറി നല്ലൊരു ജീവിതം അവള്‍ക്കുണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു പരീതിന്.