കയര്‍ അന്താരാഷ്ട്രമേളയ്ക്ക് ഇന്ന് മുഖ്യമന്ത്രി തിരിതെളിക്കും

Posted on: 04 Feb 2012



ആലപ്പുഴ:കയര്‍ മേഖലയില്‍ പ്രതീക്ഷ പകര്‍ന്ന് അന്താരാഷ്ട്ര കയര്‍ മേളയ്ക്ക് ശനിയാഴ്ച തിരിതെളിയും. വൈകീട്ട് അഞ്ചിന് ഇ.എം.എസ്.സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വ്വഹിക്കും. മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ദേശീയ പവലിയന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ നിര്‍വ്വഹിക്കും. എം.എല്‍.എ.മാരായ ജി.സുധാകരനും ഡോ.തോമസ് ഐസക്കും മുഖ്യപ്രഭാഷകരാണ്. ചലച്ചിത്രനടന്‍ സലിംകുമാര്‍ വിശിഷ്ടാതിഥിയാകും. ഉദ്ഘാടനത്തിനുമുമ്പായി സാംസ്‌കരികഘോഷയാത്രയുണ്ട്. ഇതില്‍ കണ്ണൂര്‍മുതല്‍ തിരുവനന്തപുരം വരെയുള്ള കയര്‍ത്തൊഴിലാളികള്‍ അണിനിരക്കും.

മേളയില്‍ 32 രാജ്യങ്ങളില്‍നിന്നായി 84 പ്രതിനിധികളെത്തും. ഇതില്‍ 22 പ്രതിനിധികള്‍ വെള്ളിയാഴ്ചതന്നെ എത്തിയിട്ടുണ്ട്. മേളയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന ഉല്പാദകര്‍ 220 സ്റ്റാളുകളിലായി കയര്‍ മാറ്റുകള്‍, പലതരത്തിലുള്ള നാരുകള്‍, സഞ്ചികള്‍, പരവതാനികള്‍, മെത്തകള്‍, ടൈലുകള്‍, കരകൗശലവസ്തുക്കള്‍ എന്നിവ നിരത്തും. കയറിന്റെ ചരിത്രം വിളമ്പുന്ന കയര്‍ഗ്രാമം മേളയുടെ ആകര്‍ഷണമാണ്. ഭൂവസ്ത്രം, ചകിരിച്ചോറ്, വിവിധയിനം ബാഗുകള്‍ തുടങ്ങിയ പാരമ്പര്യേതര ഉല്പന്നങ്ങളുടെ നീണ്ടനിരയും ഉണ്ട്.

വ്യാപാരം ലക്ഷ്യമിട്ട് തുടങ്ങുന്ന മേളയില്‍ ഏഴുമുതലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. ഇതിനു സമാന്തരമായി കയറുല്പന്നങ്ങളുടെ വില്പന ലക്ഷ്യമാക്കിയുള്ള ദേശീയമേള ഫിബ്രവരി ഒമ്പതുവരെ നീളും.

വെള്ളിയാഴ്ച വൈകീട്ട് ഇ.എം.എസ്.സ്റ്റേഡിയത്തിലെത്തിയ മന്ത്രി അടൂര്‍ പ്രകാശ് ക്രമീകരണങ്ങള്‍ വിലയിരുത്തി.

More News from Alappuzha