ജില്ലയിലെ 2,785 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബി.പി.എല്‍. കാര്‍ഡ് തിരികെ നല്കി
Posted on: 04 Feb 2012
ആലപ്പുഴ: അനധികൃതമായി സമ്പാദിച്ച ബി.പി.എല്‍. കാര്‍ഡ് ജില്ലയിലെ 2,785 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തിരികെ നല്‍കി. ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബി.പി.എല്‍. കാര്‍ഡ് തിരികെ നല്‍കിയത് ചേര്‍ത്തല താലൂക്കിലാണ്. 871 പേര്‍ ഇവിടെ കാര്‍ഡ് തിരികെ നല്‍കി നടപടികളില്‍നിന്ന് ഒഴിവായി. അമ്പലപ്പുഴ താലൂക്കിലെ 845 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബി.പി.എല്‍. കാര്‍ഡ് തിരികെ നല്‍കി. കാര്‍ത്തികപ്പള്ളി-480, മാവേലിക്കര-255, കുട്ടനാട്-229, ചെങ്ങന്നൂര്‍-105 എന്നിങ്ങനെയാണ് ബി.പി.എല്‍. കാര്‍ഡ് തിരിച്ചു നല്‍കിയ മറ്റുതാലൂക്കുകളിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കണക്ക്. കാര്‍ഡ് തിരിച്ചേല്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച അവസാനദിവസമായ ജനവരി 31 വരെയുള്ള സിവില്‍ സപ്ലൈസിന്റെ കണക്കാണിത്. അതേസമയം അവസാനദിവസം കഴിഞ്ഞിട്ടും കാര്‍ഡ് തിരികെ നല്‍കാത്തവരെ പിടികൂടാന്‍ റേഷന്‍കടക്കാരും രംഗത്തുണ്ട്.
വര്‍ഷങ്ങളായി ബി.പി.എല്‍. കാര്‍ഡ് കൈവശംവച്ച് പാവപ്പെട്ടവരുടെ ചികിത്സാസഹായങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ ആനുകൂല്യങ്ങളാണ് ജില്ലയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തത്. ചിലര്‍ രണ്ടുരൂപയുടെയും ഒരുരൂപയുടെയും അരിപോലും വാങ്ങി. ഉദ്യോഗത്തിലിരുന്നിട്ട് ബി.പി.എല്‍.കാര്‍ഡിന്റെ മറവില്‍ സ്വീകരിച്ച ആനുകൂല്യങ്ങളുടെ കണക്കും സര്‍ക്കാര്‍ എടുക്കുന്നുണ്ട്. എന്നാല്‍ നിശ്ചിത തീയതിക്കകം ബി.പി.എല്‍. കാര്‍ഡ് തിരിച്ചുനല്‍കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കണ്ടെത്തി അവരുടെ റേഷന്‍കാര്‍ഡുതന്നെ റദ്ദാക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. വകുപ്പുതലനടപടിയും ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ എടുക്കാനും നീക്കമുണ്ട്. പുതുതായി സര്‍ക്കാര്‍ജോലി കിട്ടിയ ബി.പി.എല്‍. കുടുംബങ്ങളിലെ അംഗങ്ങളും കാര്‍ഡ് തിരികെ നല്‍കണം. ഇല്ലെങ്കില്‍ ഇവര്‍ക്കെതിരെയും നിയമനടപടിയുണ്ടാകും. മറ്റു കാര്‍ഡുടമകളുടെ സഹായത്തോടെ ബി.പി.എല്‍. റേഷന്‍കാര്‍ഡ് കൈവശം വെച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ റേഷന്‍കടക്കാരും ശേഖരിച്ച് സിവില്‍ സപ്ലൈസ് അധികൃതര്‍ക്ക് കൈമാറുന്നുണ്ട്.
ആലപ്പുഴ ജില്ലയിലെ ഒരുലക്ഷത്തിലധികം പാവപ്പെട്ട കുടുംബങ്ങളാണ് ബി.പി.എല്‍. ആനുകൂല്യങ്ങള്‍ കിട്ടാതെ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നത്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ ഇവര്‍ പരാതി നല്‍കി കാത്തിരിക്കുകയാണ്. എന്നാല്‍ ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല. പുതുതായി എത്ര പാവപ്പെട്ടവര്‍ റേഷന്‍കാര്‍ഡിന് അപേക്ഷിച്ചാലും എ.പി.എല്‍. കാര്‍ഡാണ് കിട്ടുന്നത്. ഇതിനു പരിഹാരം കാണാന്‍, അനധികൃതമായി ബി.പി.എല്‍. കാര്‍ഡ് കൈവശം വെച്ചിരിക്കുന്നവരെ പുറത്താക്കണം. ഇതിന്റെ ഭാഗമായാണ് ഉദ്യോസ്ഥരുടെ ബി.പി.എല്‍. കാര്‍ഡുകള്‍ റദ്ദാക്കുന്നത്. അതേസമയം ബി.പി.എല്‍. പരാതികള്‍ സാമൂഹിക, സാമ്പത്തിക സര്‍വേയുടെ ഭാഗമായുള്ള ജാതിസെന്‍സസിനൊപ്പം പരിഹിരിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.