താഴികക്കുടം കവര്‍ച്ച ഗീതാനന്ദനെതിരെ നടപടി വൈകുന്നതില്‍ ദുരൂഹത

Posted on: 04 Feb 2012



ചെങ്ങന്നൂര്‍: മുതവഴി ശ്രീകുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ താഴികക്കുടം കവര്‍ച്ചക്കേസിലെ പ്രധാനപ്രതി വാഴാര്‍മംഗലം ഇടവൂര്‍ മഠം ഗീതാനന്ദ ഭട്ടതിരിക്കെതിരെ ദേവസ്വം ബോര്‍ഡ് ഇതുവരെ നടപടി സ്വീകരിക്കാത്തതിനു പിന്നില്‍ ദുരൂഹത. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മഴുക്കീര്‍മേല്‍ വിഷ്ണുക്ഷേത്രത്തിലെ ശാന്തിക്കാരനാണ് ഗീതാനന്ദന്‍. കേസില്‍ മുന്‍കൂര്‍ ജാമ്യമെടുത്തുനില്‍ക്കുന്ന ഇയാള്‍ വീണ്ടും ശാന്തിജോലിക്ക് കയറാന്‍ നീക്കം ആരംഭിച്ചത് ഒരുവിഭാഗം ഭക്തര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

ഒക്ടോബര്‍ 19ന് രാത്രിയാണ് മുതവഴി ക്ഷേത്രത്തിലെ താഴികക്കുടമകുടം കവര്‍ച്ചചെയ്തത്. അന്നുമുതല്‍ക്കേ ഗീതാനന്ദന്‍ ക്ഷേത്രശാന്തിക്കെത്തുന്നില്ലെന്ന് ദേവസ്വംബോര്‍ഡ് അധികൃതര്‍ പറഞ്ഞു. അവധിയും എടുത്തിരുന്നില്ല. വീണ്ടും ജോലിക്കുകയറാന്‍ ഗീതാനന്ദന്‍ തിരുവല്ല ദേവസ്വം അസി. കമ്മീഷണര്‍ ഓഫീസില്‍ അനുമതി തേടി ചെന്നിരുന്നു. ദേവസ്വം കമ്മീഷണറുടെ തീരുമാനം അറിഞ്ഞശേഷം ജോലിക്കുകയറിയാല്‍ മതിയെന്നുപറഞ്ഞ് അവര്‍ ഇയാളെ മടക്കി.

മോഷണക്കേസ് സംബന്ധിച്ച പ്രഥമവിവരറിപ്പോര്‍ട്ടിന്റെ പകര്‍പ്പടക്കം ദേവസ്വം അസി. കമ്മീഷണര്‍ ഓഫീസില്‍നിന്ന് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് അയച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നടപടികള്‍ ഇഴയുകയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

താഴികക്കുടത്തില്‍ ഇറിഡിയം സാന്നിദ്ധ്യമുണ്ടെന്നും അതിന് കോടികള്‍ വിലമതിക്കുമെന്നും ധരിച്ച് വില്‍പ്പനയ്ക്ക് ഇടനിലക്കാര്‍ രംഗത്തു വന്നതോടെയാണ് മുതവഴി ക്ഷേത്രം ശ്രദ്ധാകേന്ദ്രമായത്. താഴികക്കുടത്തിന്റെ ഭാഗം കവര്‍ച്ചചെയ്തതില്‍ നിര്‍ണ്ണായകപങ്ക് വഹിച്ചയാളാണ് ഗീതാനന്ദനെന്ന് പോലീസ് പറഞ്ഞു. ഇയാളടക്കം രണ്ടുപേര്‍ മുന്‍കൂര്‍ജാമ്യം നേടി. റിമാന്‍ഡിലായിരുന്ന ഏഴുപേര്‍ ജാമ്യത്തില്‍ ഇറങ്ങി. കവര്‍ച്ചയുടെ സൂത്രധാരനായ കൊടുങ്ങല്ലൂര്‍ സ്വദേശി സുരേഷ് ഒളിവിലാണെന്നും പോലീസ് പറയുന്നു.

More News from Alappuzha