പൂതനും തിറയും പുത്തന്‍ അനുഭവം
Posted on: 04 Feb 2012
മുതുകുളം: പുരാതന അനുഷ്ഠാന കലാരുപമായ പൂതനും തിറയും കാണികള്‍ക്ക് പുത്തന്‍ അനുഭവവും ദൃശ്യവിരുന്നുമായി. മുതുകുളം 'ഗുരുകുലം' സാംസ്‌കാരിക വിദ്യാകേന്ദ്രത്തിന്റെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പാലക്കാട്, മലപ്പുറം ജില്ലകളും തൃശ്ശൂരിന്റെ വടക്കന്‍ ഭാഗവുമുള്‍പ്പെടുന്ന വള്ളുവനാടന്‍ പ്രദേശത്തിന്റെ സ്വന്തം കലാരൂപമായ 'പൂതനും തിറയും' അരങ്ങേറിയത്. ഫോക്‌ലോര്‍ അക്കാദമിയുടെ അവാര്‍ഡിനര്‍ഹനായ വാണിയംകുളം കെ.എം. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ദാരിക നിഗ്രഹസങ്കല്പത്തിധിഷ്ഠിതമായ ഈ ക്ഷേത്രകല അവതരിപ്പിച്ചത്.
ഓണാട്ടുകരയിലെ ക്ഷേത്രങ്ങളിലെ പറക്കെഴുന്നള്ളത്തിനു സമാനമായി മറ്റൊരാചാരവും പൂതനും തിറയുമായി ബന്ധപ്പെട്ട് വള്ളുവനാട്ടില്‍ നിലനില്ക്കുന്നുണ്ട്.
ഉത്സവദിവസം ക്ഷേത്രസന്നിധിയിലെത്തി ദേവിയെ തൊഴുതുവണങ്ങി അനുഗ്രഹവും ആശീര്‍വാദവും വാങ്ങി തിറയും പൂതനും താളമേളത്തിന്റെ അകമ്പടിയോടെ ഊരുചുറ്റാനിറങ്ങുന്നു. വീടുകളില്‍ കൊട്ടിക്കളിക്കെത്തുന്ന തിറ-ഭൂതാദികളെ ദേശക്കാര്‍ ഭക്തിയോടെ സ്വീകരിക്കുകയും അരി, നെല്ല്, പണം എന്നിവ നല്‍കി ആദരിക്കുകയും ചെയ്യുന്നു.
പ്രസിഡന്റ് വി. ഹരിഹരന്‍പിള്ളയുടെ അധ്യക്ഷതയില്‍ കേരള ഫോക്‌ലോര്‍ മുന്‍ സെക്രട്ടറി ഡോ.എ.കെ. നമ്പ്യാര്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. 'കുസാറ്റ്' സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. നെടുമുടി ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
പുരാതന അനുഷ്ഠാന കലാരൂപങ്ങള്‍ അന്യം നിന്നുപോകാതെ സംരക്ഷിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുന്ന വാണിയംകുളം കെ.എം. ഉണ്ണികൃഷ്ണനെയും സംഘത്തെയും മുതുകുളം രാഘവപിള്ള സാംസ്‌കാരിക സമിതി സെക്രട്ടറി വി. രഘുനാഥ്, പാര്‍വ്വതിഅമ്മ സ്മാരക ട്രസ്റ്റ് സെക്രട്ടറി ആര്‍. മുരളീധരന്‍, ഡോ. എ.കെ. നമ്പ്യാര്‍ എന്നിവര്‍ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എസ്. ശ്രീജ സമ്മാനദാന വിതരണം നിര്‍വ്വഹിച്ചു.
ചുനക്കര ജനാര്‍ദ്ദനന്‍നായര്‍, മണക്കാല ഗോപാലകൃഷ്ണപിള്ള, സാജന്‍ ടി. അലക്‌സ്, പഞ്ചായത്തംഗം എസ്. ഷീജ, സെക്രട്ടറി ജി. കൃഷ്ണകുമാര്‍, അനൂഷമോള്‍ എന്നിവര്‍ സംസാരിച്ചു.