പിതൃസഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തവും പിഴയും
Posted on: 04 Feb 2012
മാവേലിക്കര: തൃപ്പെരുന്തുറ ഇരമത്തൂര്‍ ഒറ്റത്തെങ്ങില്‍വീട്ടില്‍ അനിയന്‍ ഉണ്ണൂണ്ണിയെ (44) തലയ്ക്കടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതിയും സഹോദര പുത്രനുമായ ഇരമത്തൂര്‍ പുത്തന്‍പറമ്പില്‍ യോഹന്നാനെ (ബിജു-31) ജീവപര്യന്തം തടവിനും ഒന്നരലക്ഷംരൂപ പിഴയടക്കാനും ശിക്ഷിച്ച് മാവേലിക്കര അഡീഷണല്‍ ജില്ലാ ജഡ്ജി എ. ബദറുദ്ദീന്‍ ഉത്തരവായി.
2004 ജൂലായ് 24ന് രാവിലെ 7.15ന് ഇരമത്തൂര്‍ പണിക്കനോടത്ത് മുക്കിലായിരുന്നു കൊലപാതകം. പ്രതിയും അനിയന്‍ ഉണ്ണൂണ്ണിയും തമ്മില്‍ നിലവിലുണ്ടായിരുന്ന വസ്തുതര്‍ക്കം മൂലമുള്ള വിരോധം നിമിത്തം സമീപവസ്തുവില്‍നിന്ന് വേലിപ്പത്തല്‍ ഒടിച്ചെടുത്ത് അനിയന്‍ ഉണ്ണൂണ്ണിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
വിചാരണ വേളയില്‍ സാക്ഷികള്‍ എല്ലാവരും കൂറുമാറിയിരുന്നെങ്കിലും സാഹചര്യത്തെളിവുകള്‍ പരിഗണിച്ചാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. നഷ്ടപരിഹാരമായി പ്രതി നല്‍കുന്ന ഒന്നരലക്ഷം രൂപയില്‍ ഒരുലക്ഷം രൂപ മരിച്ച അനിയന്‍ ഉണ്ണൂണ്ണിയുടെ അമ്മയ്ക്ക് നല്‍കണമെന്നും തുക നല്‍കാത്ത പക്ഷം രണ്ടുവര്‍ഷംകൂടി തടവുശിക്ഷ അനുഭവിക്കണമെന്നും വിധിന്യായത്തിലുണ്ട്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. രമണന്‍ പിള്ള കോടതിയില്‍ ഹാജരായി.