ചെങ്ങന്നൂര്‍ ക്ഷേത്രവിശേഷം ആറാട്ട് ഇന്ന്

Posted on: 04 Feb 2012



ചെങ്ങന്നൂര്‍: മഹാദേവ ക്ഷേത്രത്തില്‍ ദേവഗണങ്ങളുടെ ആറാട്ട് ശനിയാഴ്ച നടക്കും. ശ്രീ പരമേശ്വരന്‍, പാര്‍വതീദേവീ, ഗണപതി, ശാസ്താവ്, നീലഗ്രീവന്‍ എന്നീ ദേവകളെ മൂന്നുമണിയോടെ ആറാട്ടിനായി പുറത്തേക്ക് എഴുന്നള്ളിപ്പിക്കും. എല്ലാവിധ കര്‍മലോപങ്ങളും പരിഹരിച്ച് ഉത്സവത്തിലെ ചടങ്ങുകളിലൂടെ ഉച്ചാവസ്ഥയിലെത്തുന്ന ദേവചൈതന്യം ദേവഗണങ്ങളുടെഎഴുന്നെള്ളിപ്പോടെ പുറത്താകെ വ്യാപിക്കും എന്നാണ് വിശ്വാസം.

പമ്പാനദിയില്‍ മിത്രപ്പുഴ കടവിലാണ് ആറാട്ട്, ഗംഗയെയും വരുണനെയും മറ്റു ദേവഗണങ്ങളെയും പൂജിച്ച് പമ്പാനദിയെ തീര്‍ഥതുല്യമാക്കി ആറാട്ടു നടത്തുമ്പോള്‍ ജലത്തിലൂടെ ജനസഞ്ചയങ്ങളിലേക്ക് ദേവ ചൈതന്യമെത്തുമെന്നാണ് സങ്കല്‍പം.

ധനുത്തിരുവാതിരയില്‍ കൊടിയേറി ആരംഭിച്ച 28 ദിവസം നീണ്ട ഉത്സവമാണ് മകരത്തിരുവാതിരയില്‍ സമാപിക്കുന്നത്.

ബുധനൂര്‍ പടിഞ്ഞാറ്റുംചേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍നിന്നുള്ള എഴുന്നെള്ളിപ്പും നഗരത്തില്‍ നിന്നാരംഭിക്കുന്ന സിദ്ധനര്‍ സര്‍വീസ് സൊസൈറ്റിയുടെ ഘോഷയാത്രയും ആറാട്ടുപുഴ ദേവീക്ഷേത്രത്തിനു സമീപത്തുള്ള കടവില്‍നിന്ന് പുറപ്പെടുന്ന പമ്പാതീര്‍ഥ കുംഭവും വഹിച്ചുള്ള ഘോഷയാത്രയും മഹാദേവക്ഷേത്ര സന്നിധിയില്‍ എത്തിയശേഷമേ ആറാട്ട് എഴുന്നെള്ളിക്കാറുള്ളൂ.

ബുധനൂരില്‍നിന്ന് സുബ്രഹ്മ്യസ്വാമി എത്തി ക്ഷേത്രത്തിന് കാവലാളാകുന്നുവെന്നാണ് സങ്കല്‍പം. ബുധനൂരില്‍ നിന്നുള്ള എഴുന്നെള്ളിപ്പ് ആര്‍ഭാട പൂര്‍ണമായാണ് നടത്തുന്നത്. കരക്കാര്‍ ഒന്നടങ്കം ഘോഷയാത്രയായി എത്തുകയും ചെയ്യും.

പണ്ട് ആറാട്ടുഘോഷയാത്രയില്‍ 28 കരകളില്‍നിന്നുള്ള ദേവകള്‍ അകമ്പടി സേവിച്ചിരുന്നു. ഒപ്പം കരക്കാരും. ആറാട്ടുകഴിഞ്ഞ് ആഹ്ലാദിച്ചെഴുന്നെള്ളുന്ന ദേവകള്‍ക്കു മുന്നില്‍ ഭക്തര്‍ നിറപറ അര്‍പ്പിക്കുന്ന പതിവുണ്ട്.

More News from Alappuzha