ചുനക്കര ഉത്സവവിശേഷം ചുനക്കര ക്ഷേത്രത്തില്‍ കെട്ടുകാഴ്ചയും ആറാട്ടും ഇന്ന്

Posted on: 04 Feb 2012



ചാരുംമൂട്:ചുനക്കര തിരുവൈരൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തിലെ പത്തുനാള്‍ നീണ്ടുനിന്ന തിരുവുത്സവത്തിന് ശനിയാഴ്ച നടക്കുന്ന കെട്ടുകാഴ്ച, ആറാട്ട് എന്നിവയോടെ കൊടിയിറങ്ങും. ക്ഷേത്രവുമായി ബന്ധപ്പെട്ട തെക്കുംമുറി, കരിമുളയ്ക്കല്‍, കോമല്ലൂര്‍, നടുവിലേമുറി, വടക്കുംമുറി, കിഴക്കുംമുറി കരകളില്‍ നിന്നാണ് കൂറ്റന്‍ കെട്ടുകാളകളെ കരക്കാര്‍ കെട്ടുത്സവത്തിനായി കൊണ്ടുവരുന്നത്. നന്ദികേശ ജോഡികളെ അണിയിച്ചൊരുക്കുന്ന ജോലികള്‍ വെള്ളിയാഴ്ച വൈകീട്ടോടെ പൂര്‍ത്തിയായി. ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള കളിക്കണ്ടം ഭഗവാന്റെ വാഹനങ്ങളെയും ഭക്തലക്ഷങ്ങളെയും നെഞ്ചിലേറ്റുന്നതിന് ഒരുങ്ങി. വെള്ളിയാഴ്ച ഉച്ചയ്ക്ക് വിവിധ കരകളില്‍നിന്ന് ക്ഷേത്രത്തിലേക്കുള്ള കെട്ടുത്സവഘോഷയാത്രകള്‍ തുടങ്ങും. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വടത്തില്‍ കെട്ടിവലിച്ച് കെട്ടുകാളകളെ കരക്കാര്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നത്. കളിക്കണ്ടത്തിലെത്തിക്കുന്ന കെട്ടുകാഴ്ചകള്‍ കരപ്രാതിനിധ്യപ്രകാരം കളിപ്പിക്കും. തുടര്‍ന്ന് ക്ഷേത്രത്തിലെത്തിച്ച് വലംവയ്പിച്ച് യഥാസ്ഥാനങ്ങളില്‍ നിരത്തും. കൊടിയിറക്കിന് ശേഷം ആറാട്ടും രാത്രിയില്‍ വലിയകാണിക്കയും നടക്കും.

ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ യു.അനില്‍കുമാര്‍(പ്രസി.), എസ്.സുമേഷ്‌കുമാര്‍, ആര്‍.രാമചന്ദ്രന്‍(വൈസ്​പ്രസി.), പി.ഉദയകുമാര്‍ മഞ്ചുനാഥഇല്ലം(സെക്ര.), എന്‍.രവീന്ദ്രന്‍, കെ.ഗംഗാധരന്‍പിള്ള, ടി.കൃഷ്ണന്‍കുട്ടി(ജോ.സെക്ര.), എന്നിവരും കരകണ്‍വീനര്‍മാരായ പി.പങ്കജാക്ഷക്കുറുപ്പ്,പി.വിശ്വനാഥന്‍ നായര്‍, സോമനാഥന്‍പിള്ള, രാധാകൃഷ്ണന്‍, കെ.ശിവരാമന്‍ നായര്‍, ആര്‍.അനില്‍കുമാര്‍ എന്നിവരും ഉത്സവ നടത്തിപ്പിന് നേതൃത്വം നല്കും.

More News from Alappuzha