ബെല്‍ജിയം സ്വദേശിയുടെ തട്ടിപ്പ്; രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പോലീസ് അവഗണിച്ചു
Posted on: 04 Feb 2012
ചേര്‍ത്തല: ഇന്ത്യന്‍ വംശജനായ ബെല്‍ജിയം സ്വദേശി അര്‍ത്തുങ്കല്‍ കേന്ദ്രീകരിച്ചു നടത്തിയ തട്ടിപ്പ് സംബന്ധിച്ച കേസില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി സൂചന. തട്ടിപ്പിനെപ്പറ്റി രഹസ്യാന്വേഷണവിഭാഗത്തിന് ലഭിച്ച വിവരം പോലീസ് അവഗണിച്ചെന്നാണ് അറിയുന്നത്. സന്ദര്‍ശകവിസയില്‍ എത്തിയ ബെല്‍ജിയം സ്വദേശി ജെസ്‌പേഴ്‌സ് ഷിബു തോമസാണ് (40) ചേര്‍ത്തല, അര്‍ത്തുങ്കല്‍ ഭാഗത്തുനിന്നായി 16 ലക്ഷത്തോളം രൂപയുടെ തട്ടിപ്പു നടത്തിയത്. ഇതുസംബന്ധിച്ച് രണ്ടുപരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. അര്‍ത്തുങ്കലിലെ ഹോംസ്റ്റേയില്‍ താമസിച്ചിരുന്ന ഷിബു തോമസ് തട്ടിപ്പു പുറത്തായതിനെത്തുടര്‍ന്ന് മുങ്ങിയിരിക്കുകയാണ്.
ഇയാളുടെ തട്ടിപ്പുകളെക്കുറിച്ച് പോലീസിലെ രഹസ്യാന്വേഷണവിഭാഗം ആഴ്ചകള്‍ക്കു മുമ്പുതന്നെ അധികൃതര്‍ക്ക് വിവരം നല്‍കിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പോലീസ് ഗൗരവത്തോടെ കാണുകയോ നടപടികള്‍ എടുക്കുകയോ ചെയ്തില്ല. ഇതുമൂലം രക്ഷപ്പെടാനുള്ള അവസരം ബെല്‍ജിയം സ്വദേശിക്കു ലഭിച്ചു.
വിദേശി നാട്ടില്‍ കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ ഇടപാടുകള്‍ നടത്തിയിട്ടും നടപടികള്‍ ഉണ്ടാകാത്തതില്‍ ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായതായും കണക്കാക്കുന്നു.
ഇംഗ്ലണ്ടിലടക്കം മെഡിക്കല്‍ വിദ്യാഭ്യാസത്തിന് പ്രവേശനം, വിദേശത്തു ജോലി തുടങ്ങിയ വാഗ്ദാനങ്ങള്‍ നിരത്തിയാണ് ഇയാള്‍ തട്ടിപ്പു നടത്തിയിരുന്നത്. ഷിബു തോമസ് നടത്തിയ തട്ടിപ്പുകളെക്കുറിച്ചു വിവരങ്ങള്‍ ലഭിച്ച് മൂന്നുനാള്‍ പിന്നിട്ടിട്ടും ഇപ്പോഴും ലോക്കല്‍ പോലീസ് മാത്രമാണ് വിഷയത്തില്‍ അന്വേഷണം നടത്തുന്നത്. കഴിഞ്ഞദിവസം ആര്‍ത്തുങ്കലില്‍നിന്ന് മുങ്ങിയ ഇയാളെക്കുറിച്ച് വെള്ളിയാഴ്ചയും വിവരങ്ങള്‍ കിട്ടിയിട്ടില്ല.