സിനിമയുടെ പിന്നാലെ പാഞ്ഞ മനോജ് ആലപ്പുഴ

Posted on: 01 Dec 2011ആലപ്പുഴ:കുഞ്ഞുന്നാള്‍ മുതലേ മനോജിന് സിനിമാക്കമ്പമുണ്ടായിരുന്നു. എവിടെ ഷൂട്ടിങ് നടന്നാലും കാണാന്‍ പോകും. അങ്ങനെയാണ് ആലപ്പുഴയിലെ ഷൂട്ടിങ് ലൊക്കേഷനില്‍വെച്ച് വസ്ത്രാലങ്കാരവിദഗ്ധന്‍ വേലായുധന്‍ കീഴില്ലവുമായി പരിചയപ്പെടുന്നത്. സിനിമാക്കമ്പക്കാരനായ മനോജിനെ വേലായുധന്‍ കീഴില്ലത്തിന് വല്ലാതെ ബോധിച്ചു. അദ്ദേഹം അയാളെക്കൂടെക്കൂട്ടി. ഇതാണ് മനോജിന്റെ സിനിമാ പ്രവേശത്തിന്റെ തുടക്കം.

ആലപ്പുഴ ടി.ഡി. സ്‌കൂളില്‍നിന്ന് പത്താംക്ലാസ് പൂര്‍ത്തിയാക്കിയശേഷം ആര്‍ട്ടിസ്റ്റായ ജ്യേഷ്ഠന്‍ ഹരികുമാറിന്റെ സഹായിയായി. ഇതിനിടെ തയ്യല്‍ പഠിക്കാന്‍ ചേര്‍ന്നു. തയ്യല്‍ പഠനം ഏറെക്കുറെ പൂര്‍ത്തിയാക്കിയ സമയത്തായിരുന്നു വേലായുധന്‍ കീഴില്ലം ആലപ്പുഴയിലെ ലൊക്കേഷനില്‍ ഷൂട്ടിങ്ങിനെത്തിയത്. ആരും പരിചയപ്പെടുത്താനില്ലാതിരുന്നിട്ടുകൂടി അദ്ദേഹത്തെ നേരിട്ടു കണ്ടു. അദ്ദേഹം എറണാകുളത്തേക്ക് ക്ഷണിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഒട്ടേറെ ചിത്രങ്ങള്‍ക്ക് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. ഇതിനിടെ ഇന്ദ്രന്‍സുമായി വളരെയടുത്തു. ഇന്ദ്രന്‍സാണ് സ്വതന്ത്ര വസ്ത്രാലങ്കാരകാരനാകാന്‍ മനോജിനെ പ്രേരിപ്പിച്ചത്. അങ്ങനെ, ആലഞ്ചേരി തമ്പ്രാക്കള്‍ എന്ന സിനിമയ്ക്ക് സ്വതന്ത്രമായി വസ്ത്രാലങ്കാരം നിര്‍വഹിച്ചു. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കൈനിറയെ അവസരങ്ങള്‍. മോഹന്‍ലാലിന്റെ ഒട്ടുമിക്ക ചിത്രങ്ങള്‍ക്കും മനോജിന്റെ വസ്ത്രാലങ്കാരം വേണമെന്നായി. നരസിംഹം, റെഡ് ചില്ലീസ്, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, ട്വന്റി ട്വന്റി എന്നിങ്ങനെ നീളുന്നു മോഹന്‍ലാല്‍ ചിത്രങ്ങള്‍. മമ്മൂട്ടിയോടൊപ്പവും പ്രവര്‍ത്തിച്ചു. ദി കിങ്, വല്ല്യേട്ടന്‍ എന്നിവ അവയില്‍പ്പെടും. മലയാള സിനിമയിലെ ഒട്ടുമിക്കവര്‍ക്കും കുപ്പായം തുന്നാന്‍ മനോജ് ആലപ്പുഴയ്ക്കായി.

ആലപ്പുഴ തിരുവമ്പാടി കൊച്ചുമുല്ലയ്ക്കല്‍ ചേപ്പുങ്കേരില്‍ പരേതരായ ശ്രീധരന്‍പിള്ളയുടെയും രാജമ്മയുടെയും മകനായി ജനിച്ച മനോജ് സിനിമയിലെ അറിയപ്പെടുന്ന വസ്ത്രാലങ്കാരവിദഗ്ധനായത് വളരെ വേഗത്തിലായിരുന്നു. 22-ാം വയസ്സിലാണ് മനോജ് സിനിമയിലെത്തുന്നതെന്ന് ജ്യേഷ്ഠന്‍ ഹരികുമാര്‍ ഓര്‍ക്കുന്നു. 15 വര്‍ഷമായി മനോജ് പാലക്കാട്ടാണ് താമസിക്കുന്നതെങ്കിലും ആലപ്പുഴയില്‍ സമയം കിട്ടുമ്പോഴൊക്കെ എത്തുമായിരുന്നു. തിരുവമ്പാടിയിലെ കുടുംബവീട്ടില്‍ സഹോദരങ്ങളായ മുരളികുമാറും ശ്രീകുമാറുമാണ് താമസം.

More News from Alappuzha