അരൂര്‍ (ആലപ്പുഴ): രക്താര്‍ബുദം ബാധിച്ച ഒന്നരവയസുകാരന്‍ ആര്‍ദ്രവിനുവേണ്ടിനടത്തിയ മഹാമൃത്യുഞ്ജയഹോമം ജീവകാരുണ്യപ്രവര്‍ത്തനമായി. അഞ്ചുമണിക്കൂര്‍ നീണ്ട ഹോമത്തിലൂടെ പിരിഞ്ഞുകിട്ടിയത് മൂന്നുലക്ഷം രൂപ. ഹോമത്തില്‍ പങ്കെടുത്ത 21 പുരോഹിതന്‍മാര്‍ അവര്‍ക്കുലഭിച്ച ദക്ഷിണയും പിഞ്ചുകുഞ്ഞിന്റെ ചികിത്സാ ചെലവിനായി നല്‍കി.

കുമ്പളം തെക്കേചിറ്റയില്‍ സനീഷ്-അമൃത ദമ്പതിമാരുടെ ഏകമകനാണ് ആര്‍ദ്രവ്. മത്സ്യത്തൊഴിലാളിയായ സനീഷ്, മകന്റെ ചികിത്സയ്ക്കായി ഇതിനകം ലക്ഷങ്ങള്‍ ചെലവഴിച്ചു. രോഗം ഭേദമാകണമെങ്കില്‍ ഇനിയും പണം വേണം.
ഈ സാഹചര്യത്തിലാണ് കുമ്പളം സഞ്ജീവനി പൂജാമഠവും എസ്.പി.എസ്. യുവജനസംഘടനയും ചേര്‍ന്ന് ആര്‍ദ്രവിനുവേണ്ടി ഹോമം നടത്തിയത്.
 
കളരിക്കല്‍ മഠം ബാലകൃഷ്ണന്‍ എമ്പ്രാന്തിരി മൃത്യുഞ്ജയഹോമത്തിന് കാര്‍മികത്വം വഹിച്ചു. 101 രൂപയാണ് ഹോമത്തിന്റെ കൂപ്പണിന്. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ നിന്നായി ധാരാളംപേര്‍ ഹോമത്തില്‍ പങ്കെടുക്കുകയും ആര്‍ദ്രവിനായി പ്രാര്‍ഥിക്കുകയും ചെയ്തു.

പിരിഞ്ഞുകിട്ടിയ മുഴുവന്‍ തുകയും ബാലകൃഷ്ണന്‍ എമ്പ്രാന്തിരിയും യുവജനസംഘടനാ സെക്രട്ടറി എം.ജെ.കിരണും ചികിത്സാ സഹായനിധിക്ക് കൈമാറി.