അധ്വാനിച്ച് സ്വരുക്കൂട്ടിയ പണംകൊണ്ട് 2009ല്‍ അനില്‍ ഭാര്യയുടെ പേരില്‍ വാങ്ങിയ സ്ഥലത്ത് പ്ലാസ്റ്റിക് മറച്ച് ഷെഡ് കെട്ടിയാണ് താമസിച്ചിരുന്നത്. ഒരുമാസം മുന്‍പ് മരക്കമ്പുവീണ് തകര്‍ന്നതോടെയാണ് ഇവര്‍ ദുരിതത്തിലായത്.
പശുവളര്‍ത്തല്‍ മാത്രം വരുമാനമാര്‍ഗമായ അനില്‍ വീട് പുനര്‍നിര്‍മിക്കാന്‍ പണമില്ലാതെ വലയുകയാണ്. ഒരുഭാഗം തുണിയും പ്ലാസ്റ്റിക് ഷീറ്റും വച്ച് മറച്ച് തൊഴുത്തിലാണ് താമസം. പാല് വിറ്റുകിട്ടുന്ന വരുമാനംകൊണ്ടാണ് കുട്ടികളുടെ പഠിപ്പും കുടുംബത്തിന്റെയും മറ്റു ചെലവുകളും നടക്കുന്നത്.
സ്വന്തം സ്ഥലമുണ്ടെങ്കിലും സുരക്ഷിതമായി കഴിയാന്‍ ഒരു വീടിനായി മുട്ടാത്ത വാതിലുകളില്ല. പഞ്ചായത്തില്‍ നിരവധിതവണ അപേക്ഷ നല്കി. പലതവണ മുന്‍ഗണനാ ലിസ്റ്റില്‍ ഇടംപിടിച്ചെങ്കിലും വീട് അനുവദിച്ചുകിട്ടിയില്ല.
2012ല്‍ വീടിനായി രണ്ടുലക്ഷം രൂപ അനുവദിച്ചുകിട്ടി. ചരിവുള്ള പുരയിടത്തിലെ മണ്ണുനീക്കി വീടിന് അനുയോജ്യമാക്കാന്‍ തുടങ്ങിയപ്പോള്‍ മണ്ണ് നീക്കംചെയ്യുന്നതിനെതിരേ അയല്‍ക്കാര്‍ പരാതിയുമായി എത്തി. ഇതോടെ നിര്‍മാണം തടസ്സപ്പെട്ടു.
അനുവദിച്ച തുകയും നഷ്ടമായി. തുടര്‍ന്ന് ജില്ലാ കളക്ടര്‍, ആര്.ഡി.ഒ, മനുഷ്യാവകാശ കമ്മിഷന് എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് അനുവദിച്ചുനല്‍കാന്‍ മുഖ്യമന്ത്രിക്ക് അപേക്ഷ നല്കി കാത്തിരിക്കുകയാണ് അനിലും കുടുംബവും.