alappuzha
ബാങ്കിലെ സിസിടിവി ക്യാമറയില്‍
പതിഞ്ഞ യുവാവിന്റെ ചിത്രം
അമ്പലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗിക്ക് ചികിത്സാസഹായം വാഗ്ദാനം നല്‍കിയ യുവാവ് ബന്ധുക്കളില്‍നിന്ന് പണം തട്ടി. ബാങ്കിന്റെ സി.സി.ടി.വി.യില്‍ കുടുങ്ങിയ ഇയാള്‍ക്കായി അമ്പലപ്പുഴ പോലീസ് തിരച്ചില്‍ തുടങ്ങി.

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മള്‍ട്ടി ഡിസിപ്ലിനറി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഓച്ചിറ സ്വദേശിയായ യുവാവിന്റെ ബന്ധുക്കളില്‍നിന്നാണ് 13,000 രൂപ തട്ടിയെടുത്തത്. ചൊവ്വാഴ്ച രാത്രിയാണ് ചികിത്സയ്ക്കായി അഞ്ചുലക്ഷം രൂപ വാഗ്ദാനം ചെയ്തുകൊണ്ട് ഇയാള്‍ ബന്ധുക്കളെ സമീപിച്ചത്.

ബെംഗളൂരുവില്‍ ബിസിനസ് നടത്തുകയാണെന്നാണ് ഇയാള്‍ ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ ഭാര്യയെയും മക്കളെയും ധരിപ്പിച്ചത്. കുട്ടികളിലൊരാളുടെ പഠനച്ചെലവ് വഹിച്ചുകൊള്ളാമെന്നും അറിയിച്ചു. രാത്രി മടങ്ങിയ ഇയാള്‍ ബുധനാഴ്ച രാവിലെ വീണ്ടുമെത്തി. കുട്ടികളെയും കൂട്ടി വണ്ടാനത്തുള്ള ബാങ്കില്‍ ചെന്നു. കുട്ടികളെ പുറത്ത് നിര്‍ത്തി മാനേജരുടെ കാബിനില്‍ കയറിയ ഇയാള്‍ മടങ്ങിയെത്തി 13,000 രൂപ ജി.എസ്.ടി. ആയി അടയ്ക്കണമെന്ന് പറഞ്ഞു. ഇത് വിശ്വസിച്ച കുട്ടികള്‍ ആശുപത്രിച്ചെലവിനായി കരുതിയിരുന്ന പണം നല്‍കുകയായിരുന്നു.

പണം വാങ്ങിയ ഇയാള്‍ ഉടന്‍വരാമെന്ന് പറഞ്ഞ് മുങ്ങി. ബാങ്കില്‍ മാനേജരുടെ കാബിനില്‍ കയറിയ യുവാവിന്റെ ദൃശ്യങ്ങളാണ് സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞത്. ദൃശ്യങ്ങള്‍ അമ്പലപ്പുഴ പോലീസ് ശേഖരിച്ചിട്ടുണ്ട്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സി.ഐ. ബിജു വി.നായര്‍ പറഞ്ഞു.