അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയെ മാറ്റി. മേല്‍ശാന്തി ബാബു നമ്പൂതിരിയെയാണ് ദേവസ്വം അഡ്മിനിട്രേറ്റീവ് ഓഫീസര്‍ മാറ്റിയത്. പകരം സീനിയര്‍ കീഴ്ശാന്തി കെ.കെ.സുരേഷ് നമ്പൂതിരിക്ക് ബുധനാഴ്ച രാവിലെ മുതല്‍ ചുമതല കൈമാറി.

പതക്കം കൈകാര്യംചെയ്യുന്ന കാര്യത്തില്‍ മേല്‍ശാന്തിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ദേവസ്വം വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മേല്‍ശാന്തിയെ മാറ്റിനിര്‍ത്താന്‍ കഴിഞ്ഞമാസം 13ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. ദേവസ്വം അഡ്മിനിട്രേറ്റീവ് ഓഫീസറായിരുന്ന ജെ.മുരുകേശനെയും കീഴ്ശാന്തി എന്‍.സന്ദീപിനെയും സസ്‌പെന്‍ഡ് ചെയ്യാനുമായിരുന്നു ബോര്‍ഡ് തീരുമാനം.

ഇരുവരെയും കഴിഞ്ഞമാസംതന്നെ സസ്‌പെന്‍ഡ് ചെയ്തു. മേല്‍ശാന്തിസ്ഥാനം കാരായ്മ അവകാശമാണ്. പകരക്കാരനെ നിശ്ചയിക്കാന്‍ കുടുംബക്കാരണവര്‍ക്ക് ദേവസ്വം ബോര്‍ഡ് കത്ത് നല്‍കിയിരുന്നു. കുടുംബയോഗം കൂടി പകരക്കാരനെ നിര്‍ദേശിച്ച് ബോര്‍ഡിന് കത്ത് നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പുതിയ മേല്‍ശാന്തിയെ നിയോഗിച്ച് ഉത്തരവിറങ്ങിയിട്ടില്ല.

ദേവസ്വം ബോര്‍ഡ് തീരുമാനത്തെത്തുടര്‍ന്ന് ബാബു നമ്പൂതിരി ചുമതലയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയായിരുന്നുവെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ.ഗോപാലകൃഷ്ണന്‍ പറഞ്ഞു. പകരം കുടുംബത്തില്‍നിന്നുള്ള യദുകൃഷ്ണന്‍ നമ്പൂതിരിയാണ് മേല്‍ശാന്തിയുടെ ചുമതല വഹിച്ചിരുന്നത്. ചാര്‍ത്തുകളും ചടങ്ങുകളും ബാബു നമ്പൂതിരി ഇദ്ദേഹത്തെ പരിചയപ്പെടുത്തി വരികയായിരുന്നു.

എന്നാല്‍, കഴിഞ്ഞദിവസം യദുകൃഷ്ണന്‍ നമ്പൂതിരി എത്താതിരുന്നതിനാലാണ് സീനിയര്‍ കീഴ്ശാന്തിക്ക് ചുമതല കൈമാറിയത്. മേല്‍ശാന്തിക്ക് ക്ഷേത്രത്തില്‍ കയറാന്‍ അസൗകര്യമുള്ള സാഹചര്യങ്ങളില്‍ സുരേഷ്‌നമ്പൂതിരിയാണ് ചുമതല നിറവേറ്റിയിരുന്നത്. പുതിയ മേല്‍ശാന്തിയെ ചുമതലപ്പെടുത്തി ദേവസ്വം ബോര്‍ഡിന്റെ ഉത്തരവിറങ്ങുംവരെയാണിതെന്നും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പറഞ്ഞു.