അ​മ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ തിരുവാഭരണത്തിലെ സ്വര്‍ണപ്പതക്കവും മാലയും കാണാതായത് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ക്ഷേത്രോപദേശകസമിതി. സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ ദേവസ്വംബോര്‍ഡ് തിരുവാഭരണം കമ്മീഷണര്‍ എസ്.പാര്‍വതിയും ദേവസ്വം വിജിലന്‍സ് എസ്.പി. രതീഷ്‌കൃഷ്ണനും വെള്ളിയാഴ്ച ക്ഷേത്രത്തിലെത്തും.

സ്വര്‍ണത്തില്‍ നവരത്‌നങ്ങള്‍പതിച്ച പീലിക്കിരീടം, തിരുമുഖം, രണ്ടുമാല, മുടുക്കുവള എന്നിവയാണ് തിരുവാഭരണത്തിലുള്ളത്. ഇതില്‍ രണ്ടാംതരംമാലയും പതക്കവുമാണ് കാണാതായിരിക്കുന്നത്. ഉത്സവം, വിഷു, അഷ്ടമിരോഹിണി തുടങ്ങിയ വിശേഷദിവസങ്ങളിലാണ് ഭഗവാനെ തിരുവാഭരണം അണിയിക്കുന്നത്.

ഇത്തവണ വിഷുവിന് ഭഗവാനെ അണിയിച്ച കൂട്ടത്തില്‍ ഒരുമാലയും പതക്കവും ഇല്ലാതിരുന്നതായി ചില ജീവനക്കാര്‍ ദേവസ്വംഅധികൃതരെ അറിയിച്ചിട്ടുണ്ട്. ഈ വിവരം ദേവസ്വംഅധികൃതര്‍ പോലീസിന് കൈമാറി.

സ്‌ട്രോങ്‌റൂമില്‍ സൂക്ഷിക്കുന്ന ഉരുപ്പടികളുടെ വിവരം ദേവസ്വം മഹസറിലാണ് രേഖപ്പെടുത്തുന്നത്. പഴയകണക്ക്പ്രകാരം എട്ടുതോല, പതിനെട്ടര പണമട എന്ന തൂക്കമാണ് ദേവസ്വം മഹസറില്‍ കാണാതായ പതക്കത്തിനും മാലക്കുമുള്ളത്. ഗ്രാമില്‍ കണക്കാക്കുമ്പോള്‍ ഇത് 92 ഗ്രാം വരും.

24-ാംനമ്പര്‍ ഉരുപ്പടിയായാണ് ഇത് രേഖപ്പെടുത്തിയിട്ടുള്ളത്. സ്‌ട്രോങ്‌റൂമില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ കാണാതായ മാലയും പതക്കവും ഉണ്ടായിരുന്നതായി ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ എസ്.രഘുനാഥന്‍ നായര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജെ. മുരുകേശന്‍ എന്നിവര്‍ പറഞ്ഞു.

നാനൂറ്് വര്‍ഷത്തിലേറെ പഴക്കമുള്ള ക്ഷേത്രത്തിലെ തിരുവാഭരണമടക്കമുള്ള ഉരുപ്പടികള്‍ക്കും ഇത്രയുംതന്നെ പഴക്കമുണ്ട്. ഇത്രയും വിലപിടിപ്പുള്ള ഉരുപ്പടികള്‍ വേണ്ടത്ര ജാഗ്രതയില്ലാതെയാണ് കൈകാര്യം ചെയ്യുന്നതെന്ന് പ്രാഥമികാന്വേഷണം നടത്തിയ അമ്പലപ്പുഴ സി.ഐ. എം.വിശ്വംഭരന്‍ പറഞ്ഞു.

വിശദമായഅന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു.