ചെങ്ങന്നൂര്‍: ജലമാണ് ജീവന്റെ ആധാരം. എന്നാല്‍, വരട്ടാറിലെ വെള്ളത്തിന് ജീവനില്ലെന്ന് കണ്ടെത്തല്‍. ശുദ്ധജലത്തിന് ആവശ്യമായ ഘടകങ്ങള്‍ ഒട്ടുംതന്നെയില്ല. ജലജീവികള്‍ക്ക് വളരാനുള്ള സാഹചര്യവും തുലോം കുറവാണെന്ന കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്. വരട്ടാറിലെ വെള്ളം സ്ഥിരമായി ഉപയോഗിക്കുന്നവര്‍ മാരകരോഗങ്ങളുടെ അടിമകളാവുമെന്ന മുന്നറിയിപ്പുമുണ്ട്.

സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് (സി.ഡബ്ല്യു.ആര്‍.ഡി.എം.) ആണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴിലുള്ള സ്ഥാപനമാണിത്. ആധുനിക സംവിധാനങ്ങളോടുകൂടി സഞ്ചരിക്കുന്ന ലാബോറട്ടറിയില്‍ കോഴിക്കോട്ടുനിന്ന് എത്തിയ ശാസ്ത്രജ്ഞസംഘമാണ് വെള്ളം പരിശോധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. പമ്പാ പരിരക്ഷണസമിതി, അക്ഷയ പമ്പാ മിഷന്‍ എന്നിവരുമായി സഹകരിച്ചായിരുന്നു പഠനം.

വരട്ടാറിലെയും സമീപപ്രദേശങ്ങളിലെ പതിനഞ്ചോളം കിണറുകളിലെയും വെള്ളം സംഘം പരിശോധിച്ചു. പുതുക്കുളങ്ങരമുതല്‍ പമ്പാനദിയെയും മണിമലയാറിനെയും ബന്ധിപ്പിക്കുന്ന ഇരമല്ലിക്കര വാളത്തോട് വരെയുള്ള ഭാഗങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി.

ഫ്‌ളൂറൈഡ്, നൈട്രേറ്റ് എന്നീ ഇതരവസ്തുക്കള്‍ അമിതമായതിനാല്‍ സൂര്യപ്രകാശം കടക്കാന്‍ പ്രയാസമാണ്. ജലത്തിലെ സൂക്ഷ്മജീവികള്‍ക്ക് ജീവഹാനിയാണ് ഫലം. ഇവയുടെ പ്രത്യുത്പാദനവും അസാധ്യമാകും. ജലത്തിലെ പി.എച്ച്. മൂല്യം മുതല്‍ ഇ-കോളിവരെയുള്ള ഘടകങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

വെള്ളത്തിന്റെ ഗുണനിലവാരം ഇങ്ങനെ
  • പി.എച്ച്.മൂല്യം (അസിഡിറ്റി, അമ്ലത്വം)- കൂടുതല്‍
  • വെള്ളത്തിന്റെ നിറം (ഹേസണ്‍ യൂണിറ്റ് -എച്ച്.യു. അഞ്ച് യൂണിറ്റില്‍ അധികം)- ശുദ്ധജലത്തിന്റെ നിറം ഇല്ല
  • റ്റി.ഡി.എസ്. (ടോട്ടല്‍ ഡിസോള്‍വ്ഡ് സോളിഡ്‌സ്)- കൂടുതല്‍
  • കോളിഫോം ബാക്ടീരിയ (മനുഷ്യവിസര്‍ജ്യത്തില്‍നിന്ന് ജലത്തില്‍ എത്തുന്ന ബാക്ടീരിയ)- അളവില്‍ കൂടുതല്‍
  • ബയോളജിക്കല്‍ ഓക്‌സിജന്‍ ഡിമാന്‍ഡ് (ബി.ഒ.ഡി.)- അളവില്‍ കുറവ്
  • ഡിസോള്‍വ്ഡ് ഓക്‌സിജന്‍ (ഡി.ഒ.)- അളവില്‍ കുറവ്
  • ടര്‍ബിഡിറ്റി (ജലം ഇരുണ്ടുമൂടിയ അവസ്ഥ)- വളരെ കൂടുതല്‍