രട്ടക്കീശയുള്ള മുഴുക്കയ്യന്‍ കുപ്പായവും ധരിച്ച് നഗ്‌നപാദനായി കോട്ടക്കുന്നിലെ കൃഷിയിടത്തില്‍ സദാസമയവുമുണ്ട് കണ്ടുപിടിത്തക്കാരനായ സദാനന്ദന്‍. കൃഷിക്കാരനായും  അന്നദാതാവായും കാവലാളായും ഇദ്ദേഹത്തെ വിശേഷിപ്പിക്കാം. സീസണില്‍ എട്ട് ഏക്കറില്‍ക്കൂടുതല്‍ നെല്‍കൃഷി ചെയ്യുന്ന സദാനന്ദന്‍ എരുമ ,പോത്ത്, പശു, ആട്, പലവിധ കോഴികള്‍, താറാവ് എന്നിവയും വളര്‍ത്തുന്നുണ്ട് .

കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം കൃഷിഭവന്‍ പരിധിയിലെ അറത്തില്‍ കോട്ടക്കുന്നിലെ സദാനന്ദന്‍ തൈവളപ്പില്‍ എന്ന കര്‍ഷകന്‍ സ്വയം വികസിപ്പിച്ച കാര്‍ഷിക കണ്ടുപിടിത്തങ്ങളുമായാണ്  ശ്രദ്ധേയനാകുന്നത്. പാഡി പെസ്റ്റ് പിക്കര്‍ , അഡ്ജസ്റ്റ്  ലെവലര്‍ അങ്ങനെ ഇദ്ദേഹം കണ്ടുപിടിച്ച കൃഷിയന്ത്രങ്ങളുടെ പട്ടിക നീളുകയാണ് .

പിപിപി (പാഡി പെസ്റ്റ് പിക്കര്‍)

paddy pest picker

പാഡി പെസ്റ്റ് പിക്കര്‍

നെല്ലിലെ പ്രധാന കീടങ്ങളായ ഓലചുരുട്ടിപ്പുഴു, തണ്ടുതുരപ്പന്‍ പുഴു എന്നിവയെ കൂട്ടത്തോടെ പിടിക്കാൻ കൈ കൊണ്ട് തള്ളി പ്രവര്‍ത്തിക്കുന്ന യന്ത്രമാണ് ഇത്. ഫാന്‍ സമ്പ്രദായത്തിലൂടെ കീടങ്ങളെ യന്ത്രത്തിന്റെ പിന്‍ഭാഗത്ത് ഘടിപ്പിച്ച, നെറ്റുപയോഗിച്ച് നിര്‍മിച്ച പെട്ടിയിലേക്ക് സംഭരിക്കുന്ന രീതിയിലാണ് ഈ യന്ത്രം രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇന്ധനം ആവശ്യമില്ല. പഴയകാലത്ത് ഇത്തരം കീടങ്ങളെ ആനകൊട്ട , വാലന്‍കൊട്ട, കൊമ്പുമുറം എന്നിവ കൊണ്ട് വീശിയെടുത്ത് നശിപ്പിക്കാറാണ് പതിവ് . ഇൗ തത്വത്തെ ആസ്പദമാക്കിയാണ് തന്റെ യന്ത്രം സദാനന്ദന്‍ വികസിപ്പിച്ചിട്ടുള്ളത്. കെണിയില്‍ അകപ്പെടുന്ന കീടങ്ങളെ ജൈവികമായി സൗകര്യപൂര്‍വം നശിപ്പിക്കാം.

കീടനിര്‍മാര്‍ജനത്തിന് രാസകീടനാശിനി പ്രയോഗം ആവശ്യമില്ല. കൈ കൊണ്ട് ലിവര്‍ തിരിച്ച് ഫാന്‍ കറക്കി കീടങ്ങളെ നെറ്റിനകത്താക്കുന്നതാണ് പ്രവര്‍ത്തന രീതി. 30-35 മിനുട്ട് കൊണ്ട് പാഡി പെസ്റ്റ് പിക്കര്‍ ഉപയോഗിച്ച് നെല്ലിലെ കീടങ്ങളെ പിടിച്ചു നശിപ്പിക്കാമെന്ന് സദാനന്ദന്‍ പറയുന്നു .

അഡ്ജസ്റ്റ് ലെവലര്‍ 

adjust leveler
 അഡ്ജസ്റ്റ് ലെവലര്‍ 
 

ഞാറ്റടിയിലും ചിനപ്പ് പൊട്ടുന്ന സമയത്തും ഇതുപയോഗിക്കാവുന്നതാണ്. ട്രാക്ടറിന്റെ പിറകില്‍ പ്രത്യേകം ഘടിപ്പിക്കാവുന്ന ലെവലര്‍ ആണിത്. സാധാരണ ട്രാക്ടറില്‍ പിടിപ്പിക്കുന്ന ലെവലറിനേക്കാളും ചരിവ് കൂട്ടാനും കുറക്കാനും ഈ ലെവലറിന് കഴിയും. കൂടാതെ സദാനന്ദന്‍ ഇതിനു കൊഴു പ്രത്യേകം പിടിപ്പിച്ചിട്ടുണ്ട്. ഒന്നാം ചാല്‍ നിലമുഴുത് വരമ്പ് വെച്ച ശേഷം നാട്ടിക്കും വിതക്കും വയല്‍ പരുവപ്പെടുത്തുവാന്‍ ഉത്തമം. ചളി ഇളക്കി കലക്കി എളുപ്പത്തില്‍ നിരപ്പാക്കാം. കേജ് വീലുകള്‍ തമ്മിലുള്ള വിടവും ഇല്ലാതാക്കാം . ചെറിയ പ്ലോട്ടുകളില്‍ അനുയോജ്യം. കൂടുതലുള്ള വെള്ളം ലെവെലറിന് മുകളിലേക്ക് മറിഞ്ഞൊഴുകും. കഴിഞ്ഞ സീസണില്‍ 150 ഏക്കര്‍ വിസ്തൃതിയുള്ള അറത്തില്‍ പാടശേഖരത്തില്‍ സദാനന്ദന്‍ പരീക്ഷിച്ച് വിജയിച്ചതാണ് അഡിജസ്റ്റ് ലെവലര്‍. ഈ യന്ത്രം രൂപപ്പെടുത്താന്‍ 4000 രൂപയോളം സദാനന്ദന് ചെലവായി.

മണ്ണ് നിറക്കുന്ന ഉപകരണം അഥവാ സോയില്‍ ഫില്ലിംഗ് ഡിവൈയ്‌സ്

soil filling device

പോട്ടിംഗ് മിശ്രിതം കൂടുതല്‍ എളുപ്പത്തില്‍ കൂടകളില്‍ നിറക്കാവുന്ന വിവിധ തരത്തിലുള്ള കണ്ടുപിടിത്തങ്ങള്‍ നിലവിലുണ്ട്. ഈ ഗണത്തില്‍പ്പെട്ട ശ്രദ്ധേയമായ മറ്റൊരു ഉപകരണമാണിത്. ഒരു ഭാഗത്തുള്ള ലിവര്‍ കൈ കൊണ്ട് തിരിക്കുമ്പോള്‍ മറുഭാഗത്തുള്ള കൂടയിലേക്ക് നിര്‍ദ്ദിഷ്ട അളവില്‍ മിശ്രിതം വേഗത്തില്‍ നിറയുന്നു.

ട്രാക്ടറില്‍ ഘടിപ്പിച്ചു കൊണ്ട് വരമ്പ് പണി എളുപ്പത്തിലാക്കുന്ന പ്രത്യേകം യന്ത്രം, ഉഴുന്ന് വിളവെടുക്കുന്ന മോട്ടോറുള്ള യന്ത്രം തുടങ്ങിയവ രൂപപ്പെടുത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ് സദാനന്ദന്‍. 

sadanandan
സദാനന്ദന്‍ രൂപപ്പെടുത്തിയ ട്രാക്റ്റര്‍

കല്ല്യാശേരി ബ്ലോക്കിലെ മികച്ച നെല്‍കര്‍ഷകന്‍, ഗ്രാമ പഞ്ചായത്തിലെ മികച്ച കര്‍ഷകന്‍ തുടങ്ങിയ ആദരവുകള്‍ ലഭിച്ചിട്ടുണ്ട് . മികച്ച പാടശേഖരത്തിനുള്ള ജില്ലാ അവാര്‍ഡ് അറത്തിലിന് ലഭിച്ചപ്പോള്‍ സദാനന്ദന്‍ തന്നെയായിരുന്നു പാടശേഖരപ്രസിഡണ്ട് .

ട്രാക്ടര്‍ , പവര്‍ ടില്ലര്‍, കംബയിന്‍ഡ് ഹാര്‍വെസ്‌ററര്‍, ബെയ്‌ലര്‍ എന്നിവ അനായാസം കൈകാര്യം ചെയ്യുവാന്‍ അറിയുന്ന സദാനന്ദന്‍ ഒന്നാന്തരം കാലിപൂട്ടുകാരനാണ്. ഭാര്യ അജിതയും മക്കളായ ശ്യാംജിത്തും , ശ്യാംമിനിയും ഇദ്ദേഹത്തിന് കൂട്ടായുണ്ട്. 

(സദാനന്ദന്റെ മൊബൈല്‍ നമ്പര്‍ :9947347312)

(വയക്കര കൃഷിഭവനിലെ അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റാണ് ലേഖകന്‍- contact number -  9747369672.)