കല്യാശ്ശേരി: കല്യാശ്ശേരി ബിക്കിരിയന്‍പറമ്പിന് സമീപത്തെ ഇടച്ചേരിയില്‍ ഗിരീഷിന്റെ ജൈവപച്ചക്കറിക്കൃഷിത്തോട്ടം വിഷുക്കാലത്ത് ഏവരുടെയും ശ്രദ്ധാകേന്ദ്രമാണ്. എട്ടുവര്‍ഷമായി ഗിരീഷ് ജൈവകൃഷി തുടങ്ങിയിട്ട്. സ്വന്തമായി തയ്യാറാക്കുന്ന വിത്തിനങ്ങളും തനതായ കൃഷിരീതികളും വളപ്രയോഗങ്ങളും കീടങ്ങളെ അകറ്റാനുള്ള പ്രതിരോധമാര്‍ഗങ്ങളും ഗിരീഷിന്റെ പച്ചക്കറിക്കൃഷിക്ക് വേറിട്ടമുഖം നല്‍കുന്നു. 

വീടിനോടുചേര്‍ന്ന ഒരേക്കറോളം സ്ഥലത്താണ് ഈ മാതൃകാകര്‍ഷകന്റെ കൃഷിത്തോട്ടം. താലോലി, കൈപ്പക്ക, പടവലം, വെണ്ട, പയര്‍, വെള്ളരി മുതലായവയാണ് പ്രധാന വിളവുകള്‍. കൃഷിയുടെ പരിപാലനത്തിന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും വലിയ പിന്തുണയാണ് ഈ കര്‍ഷകന് നല്‍കുന്നത്. എങ്കിലും ഗിരീഷിന്റെ സ്വന്തമായ വേറിട്ട രീതികളാണ് കൃഷിയുടെ വിജയം.

പ്രദേശത്തെ കേബിള്‍ ഇലക്ട്രീഷ്യനായി ജോലിനോക്കുന്നതിനിടയിലെ ഒഴിവുസമയങ്ങളാണ് ജൈവ പച്ചക്കറിക്കൃഷിക്കായി മാറ്റിവെക്കുന്നത്. 

ഗിരീഷിന്റെ കൃഷിരീതിയെ കൃഷിവകുപ്പുതന്നെ നിരവധി തവണ അംഗീകരിക്കുകയും പുരസ്‌കാരങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. കല്യാശ്ശേരിയിലെ മികച്ച പച്ചക്കറി കര്‍ഷകനായും അംഗീകാരം നേടിയിട്ടുണ്ട്. ഗിരീഷിന്റെ സഹായത്തോടെ കല്യാശ്ശേരി ഗവ. എല്‍.പി. സ്‌കൂളില്‍ വളര്‍ത്തിയെടുത്ത പച്ചക്കറിത്തോട്ടം മുന്‍വര്‍ഷം വിദ്യാഭ്യാസ വകുപ്പിന്റെയും കൃഷിവകുപ്പിന്റെയും നിരവധി അംഗീകാരങ്ങള്‍ നേടിയിരുന്നു. ഇവകൂടാതെ ആവശ്യക്കാര്‍ക്ക് ജൈവ പച്ചക്കറിക്കൃഷിയെ ക്കുറിച്ച് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളും ഗിരീഷിന്റെ സേവനത്തിന്റെ ഭാഗമാണ്.

വിഷുക്കാലത്തും അതിനുശേഷവും നിത്യേന നിരവധിപേരാണ് ദൂരസ്ഥലങ്ങളില്‍നിന്നുപോലും എത്തി പച്ചക്കറി കൊണ്ടുപോകുന്നത്. ഇതിനകം ടണ്‍കണക്കിന് വിഷരഹിത പച്ചക്കറികളാണ് ഗിരീഷിന്റെ തോട്ടത്തില്‍നിന്ന് ഉത്പാദിപ്പിച്ചത്.