'രാവിലെ ഉണര്‍ന്നെഴുന്നേറ്റ് നോക്കുമ്പോള്‍ മനസ്സിന് ഒരു സന്തോഷമാ...' താന്‍ കര്‍ഷകയായ കഥ സൗമ്യ പറയുന്നു. മട്ടുപ്പാവിലും വീട്ടുമുറ്റത്തും കൃഷിത്തോട്ടമൊരുക്കി വീട്ടാവശ്യം കഴിഞ്ഞുള്ള പച്ചക്കറി അയല്‍ക്കാര്‍ക്ക് സൗജന്യമായി നല്‍കുകയാണ് നെല്ലിമുക്ക് കായിക്കരയില്‍ സൗമ്യ. വാടകവീടാണെങ്കിലും ഗ്രോ ബാഗുകളില്‍ കൃഷി തഴച്ചുവളരുന്നു. കോളിഫ്‌ലവര്‍, കാബേജ്, പാവല്‍, വഴുതനങ്ങ, മുരിങ്ങ, തക്കാളി... കൃഷിചെയ്യാത്ത പച്ചക്കറികളൊന്നുമില്ലെന്ന് സാരം. അല്പം സ്ഥലംപോലും വെറുതേപോകുന്നില്ലെന്ന് ഉറപ്പുവരുത്തിയാണ് കൃഷി.

 മുന്‍പ് താമസിച്ചിരുന്ന ഫ്‌ലാറ്റിലും സൗമ്യ പച്ചക്കറിത്തോട്ടം ഒരുക്കിയിരുന്നു. അടുക്കളയുടെ മുന്‍വശത്തുള്ള കുറച്ച് സ്ഥലത്തായിരുന്നു കൃഷി. എങ്കിലും ഫ്‌ലാറ്റിലുള്ള എല്ലാവര്‍ക്കും കൊടുക്കാനുള്ള ഉത്പന്നങ്ങള്‍ അതില്‍നിന്ന് കിട്ടുമായിരുന്നു. ഭര്‍ത്താവ് ആറ്റിങ്ങല്‍ എം.വി.ഐ. ആയ ശങ്കരപ്പിള്ളയുടെ അമ്മയും നല്ലൊരു കര്‍ഷകയാണ്. കൃഷിക്കാവശ്യമായ വിത്തുകള്‍ വീട്ടില്‍ പോകുമ്പോള്‍ ശേഖരിച്ചുകൊണ്ടുവരും. കൃഷിരീതികളെക്കുറിച്ചും പരിപാലനത്തെക്കുറിച്ചും നല്ല അറിവാണ് സൗമ്യക്ക്.

പെയിന്റിങ്ങും നൃത്തവുമാണ് പ്രിയപ്പെട്ട മറ്റ് രണ്ടുമേഖലകള്‍

നാലുവര്‍ഷമായി പെയിന്റിങ് ചെയ്യുന്നുണ്ട്. കോഫി പെയിന്റിങ്, ക്രാഫ്റ്റ് വര്‍ക്ക്, ത്രഡ് വര്‍ക്ക് തുടങ്ങിയവയാണ് പ്രിയപ്പെട്ട ഇനങ്ങള്‍. പെയിന്റിങ്ങുകള്‍ ഓര്‍ഡര്‍ അനുസരിച്ച് എറണാകുളത്തുള്ള ഒരു ഷോപ്പിലേക്ക് ചെയ്തുനല്‍കും. നെല്ലിമുക്ക് മൗലികയില്‍ ഭരതനാട്യവും പഠിക്കുന്നുണ്ട്. ജില്ലാതല യോഗമത്സരത്തില്‍ വിജയിയായിട്ടുണ്ട്. യോഗയില്‍ ട്രെയ്‌നിങ് ക്ലാസ് എടുക്കുന്നതിന് പോകാറുമുണ്ട്. വിവാഹശേഷമാണ് സര്‍ഗ്ഗാത്മകതയുടെ ലോകത്തേക്ക് സൗമ്യ തന്നെ പറിച്ചുനട്ടത്.

ആറാം ക്ലാസ് വിദ്യാര്‍ഥി നിരഞ്ജനും യു.കെ.ജി. വിദ്യാര്‍ഥി സിദ്ധാര്‍ഥുമാണ് മക്കള്‍.