വാഴച്ചുണ്ടിലിരുന്ന് തേന്‍കുരുവി...ഓലേഞ്ഞാലിക്കിളിയോടു പതിവ് കുശലം ചോദിച്ചു, കുസൃതികൂട്ടിയ പശുക്കിടാങ്ങളെ ശകാരിച്ചുകൊണ്ടൊരു കാക്കത്തമ്പുരാട്ടി പറന്നുപോയി.ആശങ്കയുടെ ചെതുമ്പലക്കങ്ങളുമായി മീന്‍ കുഞ്ഞുങ്ങള്‍ ഊളിയിട്ടു മറഞ്ഞു.....പണ്ടെപ്പോളോ കണ്ടുമറന്ന നാട്ടിന്‍പുറത്തിന്റെ ഓര്‍മ്മയല്ലിത്...ഇത് ബിരാമിക..ദി ആഗ്രോ വില്ലേജ് ...എരയാംകുടി സമരനായിക ജയശ്രീ ടീച്ചറും ഭര്‍ത്താവ് അപ്പുവും ഒറ്റപ്പെടലിന്റെ തുരുത്തില്‍ നിന്നും നന്മ പാകി മുളപ്പിച്ച വിത്തുപാത്രം. പ്രകൃതിയെ അറിഞ്ഞ് മണ്ണിനെ മുറിവേപ്പില്‍ക്കാതെ നാളത്തെ തലമുറയ്ക്കായി മാറ്റിവച്ചതാണ് ഈയിടം.

നെടുമ്പാശ്ശേരിയ്ക്ക് അടുത്ത്  എളവൂരില്‍ കാക്കയെ പോലും കണ്ടുകിട്ടാത്ത ആറേക്കര്‍ സ്ഥലത്ത് 2007ല്‍ ബിരാമിക ആരംഭിക്കുമ്പോള്‍ ടീച്ചറിനെ സംബന്ധിച്ചിടത്തോളം ഒരുപാടു പ്രതീക്ഷകളുടെ പുനര്‍ജനിയായിരുന്നു സ്വപ്‌നം. ബംഗാളില്‍ തങ്ങള്‍ വിട്ടിട്ടുപോന്ന ബിരാമിക എന്ന ആശയത്തിന്റെ വേരുകളിലേക്കൊരു മടക്കയാത്ര. ബംഗാളിനെക്കുറിച്ചും ബിരാമികയുടെ അവിടുത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പറയുമ്പോള്‍ ടീച്ചറിന്റെ കണ്ണുകളില്‍ ഗൃഹാതുരത്വം തുളുമ്പി.

അവരില്‍ സമരവീര്യത്തിന്റെ കനലിപ്പോളും ബാക്കിയുണ്ട്. ഭൂമി നമ്മുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങളെ വിതച്ചു കൊയ്യേണ്ട ഇടമല്ല,വരും തലമുറയ്ക്ക് ദദ്രമായി മാറ്റിവെക്കേണ്ട കരുതലാണ്. കൃഷിയ്ക്കും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കുമായി മാറ്റി വച്ചിരിക്കുന്ന ബിരാമികയില്‍ ഇന്നില്ലാത്തതായി ഒന്നുമില്ല.അഞ്ചല്ല പത്തു ദിവസം കേരളത്തില്‍ ഹര്‍ത്താലാചരിച്ചാലും അത് തങ്ങളെ ബാധിക്കില്ലെന്നു ടീച്ചര്‍ ചിരിച്ചുകൊണ്ട് പറയുന്നു.

ഉപ്പൊഴികെ ബാക്കിയെല്ലാം സ്വന്തം മണ്ണില്‍ നിന്നും കിട്ടുന്നു. വിഷം പുരളാത്ത ഭക്ഷ്യോല്‍പന്നങ്ങള്‍ ,നെല്ലും പാലും മുട്ടയും മീനും തുടങ്ങി പച്ചക്കറികളെല്ലാം സമൃദ്ധമായി ലഭിക്കുന്ന കാര്‍ഷിക ഗ്രാമമാക്കി അവര്‍ വീടിനെ മാറ്റി. ബിരാമികയ്ക്ക് കീഴില്‍ ഒരുട്രസ്റ്റ് നിലവിലുണ്ട്.പരിസ്ഥിതിസ്‌നേഹികളെ കൂട്ടിച്ചേര്‍ത്ത്‌കൊണ്ട് വലിയ കൂട്ടായ്മകളെ സ്വപ്‌നം കാണുന്നുണ്ടിവര്‍.വീടും ഭൂമിയും കാര്‍ഷിക പഠനകേന്ദ്രമാക്കികൊണ്ട് നമ്മളിനിയും തിരിച്ചറിയാത്ത നാട്ടറിവുകളിലേക്ക് അവര്‍ ക്ഷണിക്കുകയാണ്.

കോണ്‍ഫറന്‍സ് ഹാളും കാര്‍ഷിക ലൈബ്രറിയും കൃഷി പഠിക്കാന്‍ വരുന്നവര്‍ക്ക് തങ്ങാന്‍ മണ്‍കുടിലുകളും ഒക്കെ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.പ്രായത്തിന്റെ അലട്ടുകളെയെല്ലാം തന്റെ കര്‍ത്തവ്യവീര്യം കൊണ്ട് തോല്‍പ്പിക്കുകയാണ് ടീച്ചര്‍.50 സെന്റോളും ഭൂമി കൃഷിയോട് താല്‍പര്യമുള്ളവര്‍ക്ക് വീട് വെയ്ക്കാനായി മാറ്റിവച്ച ഒരു പദ്ധതി ബിരാമികയ്ക്ക് ഉണ്ടായിരുന്നു.അതില്‍ പകുതിയും പണി പൂര്‍ത്തിയായി കഴിഞ്ഞു.

ചില നിബന്ധനകള്‍ക്ക് വിധേയമായി നിശ്ചിത തുക ഈടാക്കിയാണ് വീട് വയ്ക്കാന്‍ സ്ഥലം നല്‍കിയിട്ടുള്ളത്.ജീവിത പ്രാരാബ്ദങ്ങളില്‍ ഒറ്റയ്ക്കായി എന്ന തോന്നലുകളില്‍ സ്വയം തളച്ചിടുന്നവര്‍ക്ക് ജയശ്രീ ടീച്ചര്‍ ഉത്തമ മാതൃകയാണ്.ജീവിതം അങ്ങേയറ്റം വരെ പോരാടാനുള്ളതാണ്,പ്രായമോ പരിതസ്ഥിതികളോ അതിനു തടസ്സമാകുന്നില്ല എന്ന് സ്വന്തം ജീവിതകൊണ്ട് തെളിയിക്കുകയാണ് ടീച്ചര്‍.