ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്ത കര്‍ഷര്‍ കടബാദ്ധ്യത മൂലം ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ നിരവധി. എന്നാല്‍ ജീവിതം വഴിമുട്ടിയപ്പോള്‍ അയല്‍വാസി സൗജന്യമായി കൊടുത്ത മണ്ണിലിറങ്ങി അദ്ധ്വാനിച്ച് പ്രതിസന്ധികളെ അതിജീവിച്ച വീട്ടമ്മയാണ് ഇത്. ഭര്‍ത്താവ് ജോലി ചെയ്യാന്‍ കഴിയാതെ തളര്‍ന്നുപോയപ്പോള്‍ ഈ വീട്ടമ്മയ്ക്ക് തുണയായത് കൃഷി. 

ഒരു കോഴിയെയും പശുവിനെയും വീട്ടില്‍ വളര്‍ത്താന്‍ പ്രയാസപ്പെടുന്നവരാണ് നാം. എന്നാല്‍ ദിവസവും രാവിലെ 3.00 മണിക്ക് തൊഴുത്തിലെത്തി പശുക്കളെ പരിചരിക്കുകയാണ് ബീന. കൊച്ചുവെളുപ്പാന്‍ കാലത്ത് എഴുന്നേറ്റ് ഈ വീട്ടമ്മ അന്തിയാവോളം ഓട്ടമാണ്. മതിലകം പഞ്ചായത്തിലെ ഊടുവഴികളിലൂടെ......വീടുകളില്‍,കൃഷി ഭവനില്‍, കുടുംബശ്രീ യൂണിറ്റില്‍,കാര്‍ഷിക സര്‍വകലാശാലയില്‍. കൈയില്‍ കരുതിയ ഭക്ഷണപ്പൊതികളിലൂടെ ചുറ്റുമുള്ളവരുടെ ഹൃദയത്തിലേക്കു കയറാനുള്ള താക്കോലുമായി സ്വന്തം ടൂവീലറില്‍ കയറുമ്പോഴേക്കും ഈ വീട്ടമ്മയുടെ ഒരു ദിവസത്തിന്റെ പാതി പിന്നിടുകയായി. ഒപ്പം അദ്ധ്വാനിച്ച് കുടുംബം സംരക്ഷിച്ച ഒരു സാധാരണ വീട്ടമ്മയുടെ വിവാഹ ജീവിതത്തിലെ വിജയകരമായ 23 വര്‍ഷങ്ങളും.

ആരോടു ചോദിച്ചാലും അറിയാം....അതാണ് ബീന സഹദേവന്‍

തൃശൂരിലെത്തി ഇരിങ്ങാലക്കുട വഴി മുന്നോട്ടൊന്നു പോയി നോക്കാം. മൂന്നുപീടിക എത്തിയാല്‍ ആരോടെങ്കിലും ചോദിച്ചു നോക്കാം. അപ്പോള്‍ നിങ്ങളോട് ആരെങ്കിലും ഉറപ്പായും ഇങ്ങനെ പറയും പുതിയ കാവ് വളവിലെത്തിയാന്‍ തെക്കോട്ട് ഒരു വഴിയുണ്ട്. അതു വഴി മുന്നോട്ട് പോയാല്‍ ആരോടു ചോദിച്ചാലും ബീനയുടെ വീട് പറഞ്ഞുതരും. പണിതീരാത്ത വീടിന്റെ മുന്നില്‍ മനോഹരമായ ചിരി സമ്മാനിച്ചുകൊണ്ട് ബീന കാത്തുനില്‍പ്പുണ്ടാകും. 

കണ്ടപ്പോള്‍ തന്നെ ബീന പറഞ്ഞു, ' ഇന്നലെ ഞങ്ങളുടെ ഇരുപത്തി മൂന്നാം വിവാഹ വാര്‍ഷികമായിരുന്നു. ഞാന്‍ പച്ചക്കറി കൃഷി തുടങ്ങിയിട്ട് ആറു വര്‍ഷമാകുന്നതേയുള്ളു. സാഹചര്യമാണ് മണ്ണിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത്. പക്ഷേ എനിക്ക് മണ്ണിനെ വിശ്വാസമുണ്ടായിരുന്നു. ഇപ്പോള്‍ നാട്ടുകാര്‍ക്ക് വിഷരഹിത പച്ചക്കറികള്‍ എത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. മതിലകം പഞ്ചായത്തിലെ എല്ലാ കല്യാണവീടുകളിലേക്കും വിഭവങ്ങള്‍ ഉണ്ടാക്കി നല്‍കുന്നുണ്ട്. സ്വന്തമായി സമ്പാദിച്ച പണം കൊണ്ട് ഒരു ടൂവീലറും ഞാന്‍ വാങ്ങി. സദ്യയ്ക്കുള്ള വിഭവങ്ങള്‍ ഒരുക്കി എന്റെ വണ്ടിയില്‍ ഞാന്‍ തന്നെ കൊണ്ടുപോയിക്കൊടുക്കും. വലിയ സദ്യയ്ക്കുള്ള ഓര്‍ഡറുകളാണെങ്കില്‍ അവര്‍ തന്നെ വന്ന് കൊണ്ടുപോകും.'

ബീനയുടെ ഒരു ദിവസം ഇതാ

മകള്‍ക്ക് ആറു മണിക്ക് സ്‌കൂളില്‍ പോകണം. അവള്‍ക്കുള്ള ഭക്ഷണം ഒരുക്കിക്കൊടുത്ത് ബസ്സ്‌സ്‌റ്റോപ്പിലേക്ക്  മകളോടൊപ്പം പോകും. പോകുന്ന വഴിക്കാണ് മില്‍മ. സ്വന്തം കൈ കൊണ്ട് കറന്നെടുത്ത പാല്‍ മില്‍മയില്‍ കൊടുക്കും. തിരിച്ച് വീട്ടിലെത്തിയിട്ട് ഭര്‍ത്താവിനുള്ള ചായ തയ്യാറാക്കിക്കൊടുക്കും. പിന്നെ നേരെ പോകുന്നത് ആട്ടിന്‍കൂട്ടിലേക്കാണ്. അവര്‍ക്കുവേണ്ട ഭക്ഷണം കൊടുത്തു കഴിഞ്ഞാല്‍ പിന്നെ കോഴിക്കൂട്ടിലേക്ക് ഓട്ടമായി. മുറ്റത്ത് അല്‍പ്പം ഉയരത്തിലായി കോഴികള്‍ക്ക് കൂട് ഒരുക്കിക്കൊടുത്തിട്ടുണ്ട്. തീറ്റയുമായി കൂട്ടിനകത്ത് കയറി ബീനയുടെ ഒരു തകര്‍പ്പന്‍ പെര്‍ഫോമന്‍സ് ഉണ്ട്. ഇടയ്ക്ക് ചില വിരുതന്‍ കോഴികള്‍ കൂട്ടിനു വെളിയിലേക്ക് ഒരു ചാട്ടമാണ്. പിന്നെ ബീന കോഴിയെ പിടിക്കാന്‍ ഓടുന്നു, കൂട്ടില്‍ കയറ്റുന്നു,മുട്ട ഇടീക്കുന്നു....ഒന്നും പറയണ്ട. വീട്ടിനകത്ത് കയറി നോക്കിയാല്‍ നിരവധി ട്രോഫികളും അവാര്‍ഡുകളും ഷോക്കേസില്‍ ഇരിക്കുന്നു. അഭിനയത്തിനുള്ള ഉര്‍വശി അവാര്‍ഡല്ല. അദ്ധ്വാനിച്ച് ജീവിത വിജയം നേടിയ കര്‍ഷകയ്ക്കുള്ള അംഗീകാരം.

ഒന്നു കണ്ണോടിച്ചു നോക്കിയാല്‍ സംസ്ഥാന കൃഷി വകുപ്പ് മികച്ച കര്‍ഷകയ്ക്ക് നല്‍കിയ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്, ആത്മ കൃഷി വകുപ്പിന്റെ അംഗീകാരം, മണ്ണുത്തി കൃഷി വിജ്ഞാന കേന്ദ്രം കഴിഞ്ഞ വര്‍ഷം നല്‍കിയ പുരസ്‌കാരം,ഗവര്‍ണര്‍ സദാശിവം നല്‍കിയ കര്‍ഷക തിലകം അവാര്‍ഡ്, ദാമോദരന്‍ ഫൗണ്ടേഷന്റെ അക്ഷയശ്രീ അവാര്‍ഡ്...... അങ്ങനെ പലതും കാണാം. 

beena

ഇനി എങ്ങോട്ടാണ്? ബീന നേരെ പോകുന്നത് പറമ്പിലെ പച്ചക്കറികള്‍ നനയ്ക്കാനാണ്.  ഇവര്‍ക്കുള്ള ഭക്ഷണം നല്‍കിക്കഴിഞ്ഞ ശേഷം കുളിച്ചു വന്ന് ഭക്ഷണം കഴിക്കുന്നതാണ് ബീനയുടെ രീതി. അപ്പോള്‍ വരും കല്യാണ ആവശ്യങ്ങള്‍ക്കുള്ള ഭക്ഷണം പാചകം ചെയ്ത് വീടുകളില്‍ എത്തിക്കാനുള്ള ഓര്‍ഡറുകള്‍. നേരത്തെ പറഞ്ഞുറപ്പിച്ചവര്‍ക്കുള്ള വിഭവങ്ങള്‍ സ്വന്തമായി നട്ടുനനച്ച പച്ചക്കറികള്‍ കൊണ്ട് തയ്യാറാക്കാനുള്ള ഒരുക്കത്തിലേക്ക് ബീന പോകുകയായി. പാചകാവശ്യങ്ങള്‍ക്ക് ആവശ്യമുള്ള ബാക്കി പച്ചക്കറികള്‍ പഞ്ചായത്തിലെ മറ്റു ജൈവ പച്ചക്കറി കര്‍ഷകര്‍ എത്തിച്ചുകൊടുക്കും. മാംസ വിഭവങ്ങള്‍ ഉള്ള സദ്യയാണെങ്കില്‍ ഹോര്‍മോണ്‍ നല്‍കാതെ വീട്ടില്‍ വളര്‍ത്തിയ കോഴിയിറച്ചി മാത്രമേ ഉപയോഗിക്കൂ. വിഗോവ താറാവുകളും മത്സ്യകൃഷിയും ബീനയ്ക്കുണ്ട്. 

ദിവസത്തിന് 24 മണിക്കൂര്‍ പോരാ..........

 ബാക്കിയുള്ള സമയത്ത് ബീനയ്ക്ക് പഞ്ചായത്തില്‍ പോകണം. മതിലകം പഞ്ചായത്തില്‍ 17 വാര്‍ഡില്‍  23 കുടുംബശ്രീ യൂണിറ്റുകളുണ്ട്. ഈ യൂണിറ്റിലുള്ള 50 പേര്‍ക്ക് ക്ലാസ് എടുത്തുകൊടുക്കേണ്ട ചുമതല ബീനയ്ക്കാണ്. അവിടെ വരുന്നവര്‍ക്ക് കഴിക്കാനായി ചായയും ഉണ്ണിയപ്പവും എള്ളിടിച്ച ഉണ്ടയുമായി ബീനയ്ക്ക് വീട്ടില്‍ നിന്നിറങ്ങണം. ചിലപ്പോള്‍ രാവിലെയും വൈകുന്നേരവും ക്ലാസുണ്ടാകും. ഇതിനിടയില്‍ വീട്ടുജോലികള്‍ വേറെയും. കൃഷി ഭവന്റെയും ബാങ്കിന്റെയും കീഴില്‍ ക്ലാസ് എടുക്കാന്‍ പോകണം. ഒരു മണിക്കൂറിന് ആയിരം രൂപ പ്രതിഫലം. മണ്ണുത്തിയിലെ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ഉപദേശക സമിതിയില്‍ അംഗമായ ബീന കുടുംബശ്രീയുടെ സാഫല്യം യൂണിറ്റിന്റെ സെക്രട്ടറി കൂടിയാണ്. 

ഇതൊന്നുമായിരുന്നില്ല ഒരിക്കല്‍ ബീന സഹദേവന്‍ 

അദ്ധ്വാനിക്കാനുള്ള മനസ്സ് ബീനയ്ക്ക് എന്നുമുണ്ടായിരുന്നു. വലിയ കഷ്ടപ്പാടുകളൊന്നുമില്ലാതെയായിരുന്നു ബീന വളര്‍ന്നത്. അച്ഛന് കൃഷിയില്‍ താത്പര്യമുണ്ടായിരുന്നു. അമ്മയ്ക്ക് തയ്യല്‍പ്പണികളും അറിയാമായിരുന്നു. 23 വര്‍ഷങ്ങള്‍ക്കുമുമ്പ് വിവാഹം കഴിഞ്ഞെത്തിയ ബീന അവിടെയും ഉത്സാഹത്തോടെ പണിയെടുത്തു. ചെത്ത് തൊഴിലാളിയായിരുന്ന ഭര്‍ത്താവ് സഹദേവന്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ വിദേശത്തു പോയി. പക്ഷേ തിരിച്ചുവന്നത് 'പാര്‍ക്കിന്‍സണ്‍സ്' രോഗത്തിന്റെ പിടിയിലമര്‍ന്നാണ്. ഒരു വശം തളര്‍ന്ന് ജോലി ചെയ്യാന്‍ കഴിയാതെ തന്റെ മുന്നിലെത്തിയ ഭര്‍ത്താവ്!  ഒരു സാധാരണ വീട്ടമ്മയുടെ പ്രതീക്ഷകള്‍ക്കേറ്റ കനത്ത പ്രഹരമായിരുന്നു ഈ അസുഖം. താമസിയാതെ  പ്രായമായ അച്ഛനും അമ്മയും കിടപ്പിലായി. രണ്ടു പെണ്‍കുട്ടികളെ വളര്‍ത്തണം. അവരുടെ വിദ്യാഭ്യാസം, ഭര്‍ത്താവിന്റെ ചികിത്സയ്ക്കുള്ള പണം എന്നിവയെല്ലാം സ്വന്തം കണ്ടെത്തണം. എന്തുചെയ്യും?

 ബീന മണ്ണിലേക്കിറങ്ങി.സ്വന്തം മണ്ണില്‍ നട്ടുനനച്ച പച്ചക്കറികള്‍ക്ക് ആവശ്യക്കാര്‍ ഉണ്ടായപ്പോള്‍ കൃഷിയില്‍ സജീവമായി. സൂഹൃത്തായ സജീന ഷമ്മി ഗഫൂര്‍ എന്ന വീട്ടമ്മയാണ് എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് ബീനയ്ക്ക് കൃഷി ചെയ്യാന്‍ സൗജന്യമായി സ്ഥലം നല്‍കിയത്. മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത അസുഖമാണ് തന്റെ ഭര്‍ത്താവിനെന്നറിഞ്ഞ ബീന മണ്ണില്‍ പണിയെടുത്ത് നേടിയ പണം കൊണ്ട് തിരുവനന്തപുരത്ത് ശ്രീ ചിത്തിര തിരുനാള്‍ ആസ്പത്രിയില്‍ ഭര്‍ത്താവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി. അസുഖം ശരീരത്തിന്റെ രണ്ടുവശങ്ങളിലേക്കും ബാധിച്ചിരിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍.

എന്നും രാവിലെ കുടുംബശ്രീ യൂണിറ്റിലേക്ക് ആവശ്യമുള്ള എള്ളുണ്ട, പച്ചക്കറി, തൈര് എന്നിവയെല്ലാമായാണ് ബീന പോകുന്നത്. 1000 രൂപ ഈ വകയില്‍ ബീന ദിവസവും സമ്പാദിക്കുന്നു. ഇതിനിടയില്‍ രണ്ടുലക്ഷം രൂപയുടെ കല്യാണ സദ്യയും ഒരുക്കിക്കൊടുത്തു. 2500 പേര്‍ക്കുള്ള സദ്യയ്ക്കുള്ള വിഭവങ്ങള്‍ ബീന സ്വന്തം വീട്ടില്‍ ഒരുക്കുന്നുണ്ട്. 

beena

നാടന്‍ ഭക്ഷണത്തിന്റെ രുചി ആസ്വദിക്കാന്‍ ബീനയുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളിലും ആവശ്യക്കാരുണ്ട്. കാവ്യയും നവ്യയും അമ്മയ്ക്ക് സഹായവുമായി എപ്പോഴും കൂടെയുണ്ട്. പാലപ്പം,പത്തിരി,എള്ളുണ്ട, ബിരിയാണി എന്നിവയെല്ലാം സ്വന്തം കൈകള്‍ കൊണ്ട് ഉണ്ടാക്കി നല്‍കുമ്പോള്‍ നാട്ടുകാര്‍ നല്‍കുന്ന ആദരവും സ്‌നേഹവുമാണ് ഈ വീട്ടമ്മയ്ക്ക് വലുത്.  പാപ്പിനിവട്ടം ബാങ്കും കുടുംബശ്രീയും കൃഷിഭവനും പഞ്ചായത്തും ഒരു കുടുംബത്തിലെ അംഗത്തെപ്പോലെ കൂടെ നില്‍ക്കുന്നതാണ് തന്റെ വിജയമെന്ന് ബീന ഓര്‍മിപ്പിക്കുന്നു. 

സന്തോഷം....സമാധാനം

beena

സമയം വൈകുന്നേരം നാല് മണി........ബീന സ്വന്തം ടൂവീലറില്‍ യാത്ര പുറപ്പെടുകയാണ്. സ്വയം തയ്യാറാക്കിയ രുചിയുള്ള പരിപ്പുവടയും ഉണ്ണിയപ്പവുമായി കല്യാണ വീട്ടിലേക്ക്. ഊടുവഴികളിലൂടെയുള്ള യാത്ര. കല്യാണപ്പന്തലില്‍ കാത്തുനില്‍ക്കുന്ന വീട്ടുകാരുടെയിടയിലേക്ക് ബീന പതുക്കെ ചെല്ലുന്നു. കൈയിലുള്ള  പൊതിയോടൊപ്പം ഉണ്ണിയപ്പത്തിന്റെ മധുരമുള്ള ഒരു ചിരിയും വീട്ടുകാര്‍ക്ക് സമ്മാനിച്ച് ഈ വീട്ടമ്മ യാത്ര പറയുകയാണ്. വിഷരഹിതമായ ഭക്ഷണം നാട്ടുകാരിലെത്തിക്കാന്‍ കഴിഞ്ഞ സംതൃപ്തിയോടെ.