തുരുമ്പ് രോഗം റംബൂട്ടാനിലും

Posted on: 17 Sep 2013


കാപ്പിച്ചെടിയിലെ തുരുമ്പ്‌രോഗം (Rpod Hlohaoh) റംബൂട്ടാനെയും ബാധിക്കുന്നതായി കണ്ടെത്തി. ആലപ്പുഴ ജില്ലയുടെ കിഴക്കെ ഭാഗങ്ങളിലും പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറെ ഭാഗങ്ങളിലും നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്. കുമിള്‍മൂലമുള്ള ഈ രോഗത്തെക്കുറിച്ച് ആലപ്പുഴ സനാതനധര്‍മ കോളേജിലെ സസ്യശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സി. ദിലീപ് 2010 മുതല്‍ അഞ്ചുവര്‍ഷം നടത്തിയ സര്‍വേ പഠനഫലം അന്താരാഷ്ട്ര സസ്യശാസ്ത്ര പ്രസിദ്ധീകരണമായ 'ജേണല്‍ ഓഫ് പ്ലാന്റ് ഡെവലപ്പ്‌മെന്റ് സയന്‍സസി'ന്റെ 2013 ജൂലായ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്രതലത്തില്‍ ആദ്യമായി ഈ രോഗത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ഡോ. ദിലീപ്.

സാപിന്റേസിയോ സസ്യകുടുംബത്തിലെ അംഗമായ നെഫേലിയം ലപ്പേസിയം എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന റംബൂട്ടാന്‍ മലേഷ്യക്കാരനെങ്കിലും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ പ്രത്യേകിച്ചും കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്തുവരുന്നു. ലിച്ചിപ്പഴത്തിന്റെ അടുത്തബന്ധുവായ ഈ പഴം അതേപോലെതന്നെ രുചികരവുമാണ്. അഞ്ചുമുതല്‍ 10 വരെ മീറ്റര്‍ ഉയരത്തില്‍ വളരുന്ന ചെടിയുടെ സംയുക്ത നിത്യഹരിത ഇലകളടങ്ങിയ ഇലച്ചാര്‍ത്ത് സവിശേഷമാണ്.

ഇലയുടെ പ്രധാന സിരയില്‍നിന്ന് അകന്നും അരികുകളിലും കാണുന്ന വെള്ളപ്പുള്ളികളാണ് തുരുമ്പ് രോഗത്തിന്റെ പ്രാഥമിക ലക്ഷണം. പിന്നീട് രോഗബാധയേറ്റ ഭാഗങ്ങള്‍ തവിട്ട് നിറമാവുകയും ദ്രവിക്കുകയും ചെയ്യുന്നതിനാല്‍ ഇലകള്‍ പൂര്‍ണമായും നശിച്ച്
അടര്‍ന്നുവീഴുന്നു. ഉത്പാദനം കുറയുകയും പഴത്തിന്റെ ഗുണമേന്മയില്ലാതാവുകയുമാണ് രോഗം മൂലമുള്ള നഷ്ടം.

കാപ്പിച്ചെടിയെ സാധാരണയായി ബാധിക്കുന്ന ഹെമീലിയ വിഭാഗം കുമിളിന്റെ സ്പീഷിസാണ് രോഗകാരിയെന്ന് വിശ്വസിക്കാവുന്ന തരത്തിലുള്ള തെളിവുകള്‍ വിശദമായ സൂക്ഷ്മപഠനത്തില്‍ ലഭിച്ചതായി ദിലീപ് പറഞ്ഞു. യൂറിഡോസ്‌പോറുകള്‍ കണക്കെ ധാരാളം വിത്തുകള്‍ അടങ്ങിയ അസര്‍വുലസുകളാണ് പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍. രോഗകാരിയെ വേര്‍തിരിക്കാനും പരീക്ഷണശാലയില്‍ വളര്‍ത്താനും കഴിയാത്തതിനാല്‍ പ്രതിരോധമാര്‍ഗങ്ങള്‍ക്കും ചികിത്സയ്ക്കും ഫലപ്രദമായ മാര്‍ഗങ്ങള്‍ ലഭ്യമായിട്ടില്ല. എങ്കിലും ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള കുമിള്‍ നാശിനികള്‍ സ്‌പ്രേ ചെയ്യുന്നത് ഉചിതമാണെന്ന് അദ്ദേഹം പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. സി. ദിലീപ്- ഫോണ്‍: 9446264129.

സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍


Stories in this Section