കാഴ്ചക്കുലകളാവുന്ന ചെങ്ങാലിക്കോടന്‍

Posted on: 17 Sep 2013ഓണത്തിന്, തൃശ്ശൂര്‍ ജില്ലക്കാര്‍ക്ക് പ്രത്യേകിച്ച് തലപ്പിള്ളി താലൂക്കിലെ കര്‍ഷകര്‍ക്ക് മോഹവില കിട്ടുന്ന സൗന്ദര്യക്കുലകളാണ് 'കാഴ്ചക്കുലകള്‍'. ചെങ്ങാലിക്കോടന്‍ എന്ന നേന്ത്രന്‍ ഇനമാണിത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാഴ്ചക്കുലകളായി സമര്‍പ്പിക്കുന്നത് പ്രത്യേകം കൃഷിചെയ്ത ചെങ്ങാലിക്കോടനാണ്.

വേലൂര്‍, പോട്ടോര്‍, തെക്കപ്പറമ്പ്, പുത്തൂര്‍, ആളൂര്‍, മിണാലൂര്‍, മുണ്ടത്തിക്കോട്, വടക്കാഞ്ചേരി, എരുമപ്പെട്ടി, തെക്കുംകര, മുള്ളൂര്‍ക്കര എന്നിവിടങ്ങളിലാണ് കാഴ്ചക്കുലകള്‍ കൃഷിചെയ്യുന്നത്. എന്നാല്‍, ഇതിന് പുറമേ ഗുരുവായൂര്‍, ചൂണ്ടല്‍, കുന്ദംകുളം, എയ്യാല്‍, കേച്ചേരി, മങ്ങാട്, നെല്ലുവായ്, പാണഞ്ചേരി, ആമ്പല്ലൂര്‍, നടത്തറ, പുതുക്കാട് എന്നീ പ്രദേശങ്ങളിലെ ചില കര്‍ഷകരും ഇത് കൃഷിചെയ്യുന്നുണ്ട്.

നേന്ത്രനില്‍ പേരുകൊണ്ടും പെരുമയാലും സ്വഭാവ വ്യത്യാസത്താലും പലയിനങ്ങള്‍ കാണുന്നുണ്ട്. കേരളത്തില്‍ ഏറ്റവുംകൂടുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്തുവരുന്ന വാഴയിനവും നേന്ത്രനാണ്. ഇതില്‍ ചെങ്ങാലിക്കോടനെ ചെങ്ങഴിക്കോടന്‍ എന്നുംപറയും. നെടുനേന്ത്രന്‍, കുഴിനേന്ത്രന്‍, മഞ്ചേരി നേന്ത്രന്‍, കോട്ടയം നേന്ത്രന്‍, ആറ്റുനേന്ത്രന്‍, വാളിയേത്തന്‍, ചങ്ങനാശ്ശേരി നേന്ത്രന്‍, മിന്‍റ്റോളി (ക്വിന്റല്‍ വാഴ), സാന്‍സിബാര്‍ എന്ന ആനക്കൊമ്പന്‍ എന്നിവയെല്ലാം വ്യത്യസ്ത നേന്ത്രയിനങ്ങളാണ്. ഇതില്‍ നമുക്കിടയില്‍ ഓണസമയത്ത് കടന്നുവരുന്നത് സൗന്ദര്യമിഴുകിച്ചേര്‍ന്ന ചെങ്ങഴിക്കോടന്‍ തന്നെയാണ്.

നേന്ത്രപ്പഴങ്ങളില്‍ ഏറ്റവുംകൂടുതല്‍ രുചിയുള്ളത് ഈയിനത്തിന്റെ കുലകളിലെ പഴത്തിനാണ്. ഉപ്പേരിയുണ്ടാക്കാനും പഴംനുറുക്കിനും ശര്‍ക്കരവരട്ടിക്കും ഈയിനം കേമം തന്നെ.

പത്തര-പതിനൊന്ന് മാസമാണിതിന്റെ മൂപ്പ്. നല്ല തുറന്ന സ്ഥലത്ത് നടാന്‍ ഉത്തമം. ചെങ്കല്‍നിറഞ്ഞ വെട്ടുകല്‍ മണ്ണില്‍ കൃഷിചെയ്യാന്‍ ഏറ്റവും യോജിച്ചയിനവുമാണിത്.

ഇതുണ്ടാക്കാന്‍ പ്രത്യേകം പരിപാലനമുറകള്‍ ആവശ്യമാണ്. തിരഞ്ഞെടുത്ത മാതൃവാഴയില്‍നിന്ന് ഇളക്കിയെടുത്ത മൂന്നരമാസം മൂപ്പുള്ള കന്നുകളാണ് നടീല്‍ വസ്തു. കന്നിമാസം പത്തുകഴിഞ്ഞാണ് കാഴ്ചക്കുലയ്ക്കുള്ള വാഴനടീല്‍ നടക്കുന്നത്. ചെങ്ങാലിക്കോടന്റെ വിത്ത് തിരയാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓണം നേരത്തേയെങ്കില്‍ വലിയ കന്നും വൈകിയാണെങ്കില്‍ ചെറിയ കന്നും നടണം. കാഴ്ചക്കുലകള്‍ സ്വര്‍ണവര്‍ണമണിഞ്ഞതാവണം. വളഞ്ഞുനീണ്ട വാഴപ്പിണ്ടിയും വെട്ടിമാറ്റാത്ത നീളന്‍ കൂമ്പുമെല്ലാം ചേര്‍ന്ന കാഴ്ചക്കുല കാണാന്‍ കൗതുകമാണ്.

വാഴകള്‍ തമ്മില്‍ അകലം മൂന്നേകാല്‍ കോലാണ്. കുഴിക്ക് മുക്കാല്‍കോല്‍ താഴ്ചയുണ്ടായിരിക്കണം.
മണ്ണുകൂട്ടി വെണ്ണീറിട്ട് മുക്കാല്‍ക്കെട്ട് പച്ചിലത്തോല്‍ ചേര്‍ക്കലാണ്ആദ്യപടി. ഓരോ വാഴയ്ക്കും ഒരുകുട്ട ചാണകമിടണം. ഇതിനുമേലെ കുമ്മായം ചേര്‍ക്കണം. മണ്ണ് കൊത്തിയിളക്കി ഒരിക്കല്‍ക്കൂടി ചാരം ചേര്‍ക്കണം. ഓണം നേരത്തേയെങ്കില്‍ വൃശ്ചികം മുതല്‍ നനച്ചുതുടങ്ങണം. വൈകിയാണെങ്കില്‍ ധനുമാസം മുതല്‍ നന മതി. വൃശ്ചികത്തില്‍ കിളച്ച് വെണ്ണീര്‍ ചേര്‍ക്കണം. കന്ന് പൊട്ടിയാല്‍ മെല്ലെ ഇളക്കിമാറ്റണം. വിളവിന്റെ സമയമനുസരിച്ചാവണം വളം ചേര്‍ക്കല്‍. ഇതിനുപുറമേ കുല കെട്ടിനിര്‍ത്തണം. മേടത്തില്‍ കുലവന്നാല്‍ നല്ല ശ്രദ്ധ വേണം. പിന്നീട് കാലവര്‍ഷത്തിന് മുമ്പായി കൃഷിയിടത്തിലെ മണ്ണ് ചുട്ടെടുക്കും. വെന്തമണ്ണ് പിന്നീട് വാഴയുടെ ചുവട്ടില്‍ കൂട്ടിയിടും. നേന്ത്രക്കായയ്ക്ക് സ്വര്‍ണനിറം പകരുന്ന വിദ്യയാണിത്.

ചെങ്ങാലിക്കോടന് നന നിര്‍ബന്ധമാണ്. നന കുറഞ്ഞുപോയാല്‍ കായ്കളുടെ രുചി കുറയും. കാഴ്ചക്കുലയുടെ 'കുലപൊതിയലും' പ്രധാന പണിയാണ്.

വാഴ കുലച്ച് 20-25 ദിവസത്തിനകം ഉണങ്ങിയ വാഴയില ഉപയോഗിച്ച് പൊതിയണം. കുല പൊതിയുന്നതില്‍ നല്ല ശ്രദ്ധവേണം. ഇതിലൂടെ കായ്കള്‍ക്ക് നല്ല വലിപ്പവും വെടിപ്പും ചുവന്ന നിറവും കിട്ടും. ഏഴുമുതല്‍ ഒമ്പത് പടലവരെയുള്ള കുലകളെ ലക്ഷണമൊത്ത കാഴ്ചക്കുലകളായി കരുതുന്നു. ഓണക്കാലത്ത് മാത്രമേ കാഴ്ചക്കുലകള്‍ക്ക് വിലയുള്ളൂ. അതിനാല്‍ ഓണത്തിന് മുമ്പുതന്നെ ഇവ വിറ്റഴിയുന്ന തരത്തില്‍ കൃഷിയിറക്കാനും കര്‍ഷകര്‍ ശ്രദ്ധിക്കണം.

വി.എഫ്.പി.സി.കെ.യുടെ മുണ്ടത്തിക്കോട് വിപണിയും മുള്ളൂര്‍ക്കരയിലെ വാഴക്കോട് വിപണിയും 'ചെങ്ങാലിക്കോടന്‍ കുലകള്‍' വില്‍ക്കാന്‍ കര്‍ഷകരെ സഹായിക്കുന്നുണ്ട്. ഇതല്ലാതെ നേരിട്ട് തോട്ടത്തില്‍ ചെന്ന് ആദ്യമേ വില നല്‍കി കാഴ്ചക്കുല വാങ്ങുന്ന കച്ചവടക്കാരാണേറെയുള്ളത്.

എം.എ. സുധീര്‍ ബാബു


Stories in this Section