അധ്വാനം സഫലം; ഹരിതാഭം 'ശ്രീലക്ഷ്മി'

Posted on: 13 Sep 2013ആലപ്പുഴ: മുന്തിരിയും, ഫാഷന്‍ ഫ്രൂട്ടും, കോവലും പന്തലിടുന്ന മട്ടുപ്പാവ്. ആ പന്തലിന് കീഴെ പച്ചക്കറികളുടെ നീണ്ടനിര. ടെറസ്സില്‍ നിറയുന്ന പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമിടയില്‍ ഭംഗിയേറും കാഴ്ചയുമായി വിവിധതരം ഓര്‍ക്കിഡുകള്‍. ആലപ്പുഴ നഗരത്തിലെ 'ശ്രീലക്ഷ്മി' എന്ന വീടിന്റെ മട്ടുപ്പാവിലെത്തിയാല്‍ ആരുമൊന്ന് അമ്പരക്കും. കഴിഞ്ഞ ഒന്നരവര്‍ഷമായി ഈ വീട്ടുകാര്‍ പച്ചക്കറികള്‍ പണം കൊടുത്ത് വാങ്ങിയിട്ടില്ല. വീട്ടുകാരുടെ കൃഷിയോടുള്ള താത്പര്യത്തിന്റെയും അധ്വാനത്തിന്റെയും ഫലം അത്രയേറെ.

സീ വ്യൂ വാര്‍ഡിലെ 10 സെന്റിലാണ് മട്ടുപ്പാവ് കൃഷിയിടമാക്കിയ ശ്രീലക്ഷ്മി എന്ന വീട്. കരണ്‍ ഗ്രൂപ്പിന്റെ കൊച്ചി വിഭാഗം ചുമതലക്കാരനായ എസ്. ഗോപകുമാറും വീട്ടമ്മയായ ഭാര്യ ലതിക ഗോപകുമാറുമാണ് ഈ കൃഷിയിടത്തിന്റെ ഉടമസ്ഥര്‍. രണ്ടുവര്‍ഷം മുമ്പ് തലസ്ഥാനഗരിയില്‍ വീടുകളില്‍ പച്ചക്കറി കൃഷി വ്യാപിക്കുന്നത് സംബന്ധിച്ച് 'മാതൃഭൂമി' യില്‍ വന്ന വാര്‍ത്തയാണ് ഇവരുടെ വീടിനേയും മാറ്റിമറിച്ചത്. പിന്നിടുന്ന യാത്രകളില്‍ പലതരം വിത്തുകള്‍ ശേഖരിച്ച് 1200 ചതുരശ്രയടിവരുന്ന ടെറസ്സിന് മുകളില്‍ ചാക്കുകളില്‍ വിത്തുകള്‍ നട്ടു. ഇതിനിടെ വീടിനോടുചേര്‍ന്ന് മുന്തിരിയും കോവലും ഫാഷന്‍ ഫ്രൂട്ടും വച്ചു. പടര്‍ന്നുപന്തലിച്ച വള്ളികള്‍ വീടിന്റെ ടെറസ്സില്‍ മുകളിലേക്കാക്കി ഇന്ന് ഈ പന്തലിന് കീഴെ കൂടുകളില്‍നിറയുന്ന പച്ചക്കറികള്‍ നിരവധി.

വെണ്ടക്കാ, പാവക്ക, പയര്‍, അമര, തക്കാളി, കാബേജ്, കോളിഫ്ലവര്‍, കത്തിരിക്ക എന്നീ പച്ചക്കറികള്‍ക്കൊപ്പം ഉരുളന്‍, ഉള്ളി, ഇഞ്ചി, ചെറുനാരങ്ങ, കുരുമുളക് എന്നിവ ഇവിടെ കൃഷി ചെയ്യുന്നു.

കൃഷി വകുപ്പിന്റെ ചാക്കുകളിലും പാതിവെട്ടിയെടുത്ത പ്ലാസ്റ്റിക് കുപ്പികളിലും വരെ ചെടികള്‍ നില്‍ക്കുന്നു. ഇത്രയും കൃഷികള്‍ക്ക് തണലായാണ് കോവല്‍, മുന്തിരി, ഫാഷന്‍ ഫ്രൂട്ട് എന്നിവയുടെ പന്തല്‍. ഇതിലും നിറയെ ഫലങ്ങള്‍. ഈ വര്‍ഷം 50 കിലോ മുന്തിരി വിളവെടുത്ത് കഴിഞ്ഞു. കോവക്ക അടുത്ത സുഹൃത്തുക്കള്‍ക്ക്കൂടി നല്‍കിയാണ് ഉപയോഗപ്പെടുത്തുന്നത്. പച്ചക്കറികളെല്ലാം വീട്ടാവശ്യത്തിന് ഉപയോഗിക്കുകയാണെന്ന് ഗോപകുമാര്‍ പറയുന്നു. വല്ലപ്പോഴും ജൈവവളം ഇടും. വീട്ടില്‍ ഉണ്ടാവുന്ന മാലിന്യങ്ങളാണ് കൃഷിക്ക് ഉപയോഗിക്കുന്നതെന്ന് മട്ടുപ്പാവിലെ കൃഷിക്ക് ചുക്കാന്‍പിടിക്കുന്ന ലതിക വ്യക്തമാക്കി. 40 തരം ഓര്‍ക്കിഡുകളും ഈ ടെറസ്സില്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്.

മുകളില്‍ കൃഷിയിടം ഒരുക്കിയപ്പോള്‍ മുതല്‍ മുറിക്കുള്ളില്‍ ചൂട് വളരെ കുറഞ്ഞുവെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. വീട്ടുമുറ്റത്ത് രണ്ട് ടാങ്കുകളിലായി അലങ്കാരമത്സ്യങ്ങളേയും വളര്‍ത്തുന്നുണ്ട്. ഇതിനിടെ വീണുകിട്ടുന്ന സമയങ്ങളില്‍ ഫാബ്രിക് പെയിന്റിങ്ങും, ആഭരണനിര്‍മാണവും ലതിക ഹോബിയാക്കുകയാണ്. വിവാഹിതയായ മകള്‍ ലക്ഷ്മി ഗോപകുമാറും, വിദ്യാര്‍ഥിയായ മകന്‍ ബാലുശങ്കറും അച്ഛനും അമ്മക്കും സര്‍വവിധ പിന്തുണയും നല്‍കുന്നു


Stories in this Section