കോള്‍പ്പാടത്ത് ഒരു മാന്തോപ്പ്‌

Posted on: 11 Aug 2013


കോള്‍പ്പാടങ്ങളിലെ ബണ്ടുകളില്‍ മണ്ണിടിച്ചില്‍ തടയാം. കൃഷിക്കാര്‍ക്ക് പുതിയൊരു വരുമാനവുമാകാം. കോള്‍പ്പാടത്ത് മാവിന്‍തൈകള്‍ നട്ടുപിടിപ്പിക്കുമ്പോള്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ ലക്ഷ്യങ്ങള്‍ ഇതാണ്. വെങ്കിടങ്ങ് കിഴക്കേ കരിമ്പാടത്താണ് ഈ പരീക്ഷണം അരങ്ങേറുന്നത്.


വെങ്കിടങ്ങ് ഗ്രാമപ്പഞ്ചായത്തിലെ കിഴക്കേ കരിമ്പാടം. ഏക്കറുകളോളം പരന്നുകിടക്കുന്ന കോള്‍പ്പാടങ്ങളിലെത്തിയാല്‍ ആരും ഒന്ന് അതിശയിക്കും. കാറ്റില്‍ തലയാട്ടി നില്‍ക്കുന്ന മാവിന്‍തൈകളായിരിക്കും നിങ്ങളെ സ്വീകരിക്കുന്നത്. കോള്‍പ്പാടങ്ങള്‍ മാവിന്‍ തോപ്പുകളാക്കി മാറ്റിയതല്ല. ബണ്ടുകളില്‍ മാവിന്‍തൈകള്‍ നട്ടുവളര്‍ത്തിയതാണ്. മഴക്കാലമായാല്‍ കോള്‍പ്പാടങ്ങളിലെ ബണ്ടുകളില്‍നിന്ന് മണ്ണിടിച്ചില്‍ രൂക്ഷമാകും. ഓരോ വര്‍ഷക്കാലവും വലിയ അളവില്‍ മണ്ണ് നഷ്ടമായി അത് കോള്‍കൃഷിക്ക് ഭീഷണിയായപ്പോള്‍ അതിനൊരു പരിഹാരമായി സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ് വര്‍ഗ്ഗീസ് നടത്തിയ പരീക്ഷണമായിരുന്നു ഈ പുതിയ കൃഷിരീതി. ഈ കൃഷികൊണ്ട് രണ്ട് ഗുണങ്ങളാണുള്ളത്. ആഴത്തില്‍വേരിറങ്ങുന്ന മാവുകള്‍ മണ്ണിടിച്ചില്‍ തടയും. മാവില്‍ നിന്ന് നല്ല വരുമാനവും ലഭിക്കും. കൂടിയ ജലത്തിലും നശിക്കാത്ത മാവിന്‍തൈകള്‍ മഴക്കാലത്തും സുരക്ഷിതമായിരിക്കും. മാവിന്‍ചുവട്ടില്‍ പുല്ല് നിറയാതിരിക്കാന്‍ പ്ലാസ്റ്റിക്ഷീറ്റുകള്‍ നീളത്തിന്‍ മണ്ണില്‍ വിരിച്ചിട്ടുണ്ട്.

രണ്ട് ലക്ഷം രൂപ മുതല്‍മുടക്കില്‍ അല്‍ഫോന്‍സ, നീലം, ബങ്കനപ്പള്ളി തുടങ്ങി പത്ത് വ്യത്യസ്ത ഇനം മാവിന്‍ തൈകളാണ് നട്ടിരിക്കുന്നത്. എട്ടു മുതല്‍ പത്ത് അടിവരെ മാത്രമേ ഈ മാവിന്‍ തൈകള്‍ ഉയരം വയ്ക്കൂ. അതിനാല്‍ മാവുകള്‍ ബണ്ടില്‍ സുരക്ഷിതമായിരിക്കും.

പരീക്ഷണാര്‍ത്ഥം നടത്തിയ കൃഷിരീതി വളരെ ഫലപ്രദമായിട്ടുണ്ടെന്നും ആദ്യം താത്പര്യം കാണിക്കാത്ത ധാരാളം ആളുകള്‍ ഈ പദ്ധതിയെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ജോസ് ജോര്‍ജ് പറയുന്നു.

ഒരു പരീക്ഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. കോള്‍പ്പാടങ്ങളുടെ ബണ്ടുകളില്‍ പലതരം ഫലവര്‍ഗ്ഗങ്ങള്‍ നടുകയാണ് ഇത്തവണത്തെ ലക്ഷ്യം. ഔഷധഗുണമേറെയുള്ള പപ്പായകൃഷിക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുമെന്ന് അദ്ദേഹം പറയുന്നു.

ജസ്റ്റിന്‍ മാത്യു


Stories in this Section