കവിയുടെ കൃഷിത്തോട്ടം

Posted on: 11 Aug 2013


കുമ്പളം: നനവുള്ള മണ്ണില്‍,
വിത്തു കൈകൂപ്പി വളരുന്നപോല്‍...
അനുഭവം ഉഴുതിട്ട!
ഹൃദയത്തിലൂറുന്നു?
ഹൃദ്യമാം കവിതകള്‍...

വാക്കുകള്‍ വിതച്ച് കവിത കൊയ്യുന്ന ജലിന്‍ കുമ്പളം മണ്ണറിഞ്ഞ് വിത്തെറിയുന്ന കര്‍ഷകന്‍ കൂടിയാണ്.
കുമ്പളം പഞ്ചായത്ത് 18-ാം വാര്‍ഡിലെ പുരയിടത്തിനോടു ചേര്‍ന്നുള്ള 23 സെന്റ് ജലിന്‍ പച്ചക്കറി വിളകളാല്‍ ഹരിതാഭമാക്കിയിരിക്കുന്നു. ചീര, കപ്പ, വാഴ, പപ്പായ, പയര്‍ തുടങ്ങിയവ വിളഞ്ഞുകിടക്കുന്നു. ഒപ്പം ചെങ്കദളി, ഏത്തന്‍, ഞാലി, പാളയന്‍കോടന്‍, റോബസ്റ്റ, ഗ്രണ്‍നെയിന്‍, മോറിസ് ഇനങ്ങളില്‍പ്പെട്ട വാഴകള്‍, പച്ച, ചുവപ്പ്, പാലക് ചീരകള്‍... വിളകളുടെ നിര ഇങ്ങനെ നീളുന്നു.

വീട്ടാവശ്യം കഴിഞ്ഞുള്ള ഉത്പന്നങ്ങള്‍ അയല്‍വീടുകളില്‍ കൊടുക്കും. ബാക്കി വില്‍ക്കും. വളമായി ഉപയോഗിക്കുന്നത് ചാണകപ്പൊടിയും പച്ചിലയും ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ നിന്നുള്ള സിറ്റി കമ്പോസ്റ്റുമാണ്.

ഭാര്യ പ്രീതി ടിഷ്യൂ കള്‍ച്ചര്‍ ലാബിലെ അനുഭവ സമ്പത്തുമായി, ഓര്‍ക്കിഡ് കൃഷിയുമായി സഹായത്തിനുണ്ട്. മക്കളായ ബി.ടെക് ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിനി വീണയും ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി വാണിയും പഠനശേഷം കൃഷിയിടത്തിലെത്തും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ പാലാരിവട്ടം ഗോള്‍ഡ് പോയിന്റ് ശാഖയിലെ ഹെഡ് കാഷ്യറായ ജലിന്‍ കുമ്പളം 'കൊത്തങ്കല്ല്' എന്ന പേരില്‍ ഒരു കവിതാ സമാഹാരവും, 'എന്റെ ഗ്രാമം' എന്ന പേരില്‍ കവിതകളും ഓഡിയോ സി.ഡി.യും പുറത്തിറക്കിയിട്ടുണ്ട്. കുമ്പളത്തെ സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയായ ഈ 'കര്‍ഷക കവി', 'ഗ്രാമസ്പന്ദം' വാര്‍ഷിക പതിപ്പിന്റെ പത്രാധിപരും മഹാത്മാ റോഡ് റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിയുമാണ്.

ഉണ്ണികൃഷ്ണന്‍ നെട്ടൂര്‍


Stories in this Section