ആടുകളിലെ രക്താതിസാരം

Posted on: 29 Jul 2013


ആറുമാസത്തിന് താഴെയുള്ള ആട്ടിന്‍കുട്ടികളുടെ മരണത്തിനുവരെ കാരണമാകുന്ന രോഗമാണ് കോക്‌സിഡിയോസിസ് അഥവാ രക്താതിസാരം. മുതിര്‍ന്ന ആടുകളെ ബാധിക്കുമ്പോള്‍ അവ രോഗലക്ഷണങ്ങള്‍ കാണിക്കാതെ രോഗവാഹകരായി പ്രവര്‍ത്തിക്കുന്നു. മഴക്കാലത്തും അതിന് ശേഷമുള്ള സമയത്തുമാണ് രക്താതിസാരം കൂടുതലായി കണ്ടുവരുന്നത്. അഴിച്ചുവിടാതെ കൂടുകളില്‍ത്തന്നെ വളര്‍ത്തുന്നവയില്‍ ഈ രോഗം കുറവാണ്.

ഏകകോശജീവിയായ ഐമീരിയ ജനുസ്സില്‍പ്പെട്ട രോഗാണുക്കള്‍ തീറ്റയിലൂടെയും കുടിക്കുന്ന വെള്ളത്തിലൂടെയുമാണ് ശരീരത്തില്‍ പ്രവേശിക്കുക. കുടല്‍ഭിത്തിയിലെ ശ്ലേഷ്മസ്തരത്തിന്റെ കോശങ്ങളിലാണ് രോഗാണുക്കള്‍ വസിക്കുക. രോഗമുള്ളവയുടെ കാഷ്ഠത്തിലൂടെ രോഗാണുക്കള്‍ വിസര്‍ജിക്കപ്പെടുന്നു.

രക്താതിസാരത്തിന് വിധേയമായ ആട്ടിന്‍കുട്ടികളില്‍ കാണുന്ന ആദ്യത്തെ ലക്ഷണം വയറിളക്കമാണ്. കാഷ്ഠത്തില്‍ കഫവും രക്തവും കലര്‍ന്നിരിക്കും. ചിലപ്പോള്‍ അതിന് പച്ചനിറമായിരിക്കും. ദുര്‍ഗന്ധമുള്ള കാഷ്ഠം മലദ്വാരത്തില്‍നിന്ന് ഒലിച്ചുകൊണ്ടേയിരിക്കും. ഇടക്കിടയ്ക്ക് ആട്ടിന്‍കുട്ടികള്‍ മുക്കുന്നതുമൂലം മലദ്വാരത്തിലെ ശ്ലേഷ്മസ്തരം പുറത്തേക്ക് തള്ളിവരുന്നതായിക്കാണാം. രോഗാണുക്കളുടെ പ്രവര്‍ത്തന ഫലമായി കുടലിന് പഴുപ്പുണ്ടാവുകയും തന്മൂലം ആട്ടിന്‍കുട്ടികള്‍ക്ക് വയറുവേദന അനുഭവപ്പെടുകയും ചെയ്യുന്നു. ഇതേത്തുടര്‍ന്ന് അവ നിലത്തുകിടന്ന് ഉരുളുകയോ കൈകാലിട്ട് അടിക്കുകയോ ഇടക്കിടയ്ക്ക് കരയുകയോ മൂളുകയോ ചെയ്യുന്നതായും കാണാം. രോഗം മൂര്‍ച്ഛിക്കുന്നതോടുകൂടി ക്ഷീണം വര്‍ധിക്കും. തീറ്റയെടുക്കാതെ തൂങ്ങിപ്പിടിച്ച് നില്‍ക്കുന്നതായിക്കാണാം. ഇടവിടാതെയുള്ള വയറിളക്കം ശരീരത്തില്‍ നിര്‍ജലീകരണം സൃഷ്ടിക്കുന്നു. തന്മൂലം മൂന്നുനാല് ദിവസത്തിനകം ചത്തുപോകും. മുതിര്‍ന്ന ആടുകളില്‍ കാണപ്പെടുന്ന ലക്ഷണം കാഷ്ഠം ചാണകംപോലെ പോവുന്നതാണ്.

രോഗാരംഭത്തില്‍ത്തന്നെ ചികിത്സിച്ചാല്‍ സുഖപ്പെടും. സള്‍ഫാഗ്രൂപ്പില്‍പ്പെട്ട മരുന്നുകളും ആംപ്രോളിയം ഹൈഡ്രോ ക്ലോറൈഡ്, ബൈഫറാന്‍ തുടങ്ങിയ മരുന്നുകളും രോഗചികിത്സയ്ക്കായി ഉപയോഗിക്കുന്നു.

നിര്‍ജലീകരണംമൂലം അവശരായി തളര്‍ന്നുകിടക്കുന്നവയ്ക്ക് സിരാന്തരീയമായി ഗ്ലൂക്കോസ് കുത്തിവെക്കാം. ശാസ്ത്രീയമായ പരിചരണമുറകള്‍കൊണ്ട് രോഗം നിയന്ത്രിക്കാവുന്നതാണ്. രോഗലക്ഷണങ്ങള്‍ കാണിക്കാത്ത മുതിര്‍ന്ന ആടുകളില്‍നിന്നാണ് കുട്ടികള്‍ക്ക് പൊതുവേ രോഗസംക്രമണം ഉണ്ടാവുന്നത്. അതിനാല്‍ മുതിര്‍ന്നവയെയും കുട്ടികളെയും വെവ്വേറെ താമസിപ്പിക്കുന്നതാണ് നല്ലത്. രോഗം ബാധിച്ചവയുടെ കാഷ്ഠത്തില്‍ രോഗാണുക്കള്‍ ധാരാളമുണ്ടാകും. തീറ്റ സാധനങ്ങളും വെള്ളവും ഇത്തരത്തിലുള്ള ആട്ടിന്‍ കാഷ്ഠവുമായി ഇടകലരുന്നതിന് സന്ദര്‍ഭമുണ്ടായാല്‍ രോഗം ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് പകരും. ഇത് ഒഴിവാക്കണം. രോഗമുള്ളവയുടെ കാഷ്ഠവും മറ്റ് ആടുകള്‍ മേയുന്ന സ്ഥലത്ത് നിക്ഷേപിക്കാതെ കുഴിച്ചുമൂടണം.

ആട്ടിന്‍കുട്ടികള്‍ക്ക് മണ്ണ് തിന്നാല്‍ അവസരം കൊടുക്കാതിരുന്നാല്‍ മണ്ണില്‍ക്കൂടിയുള്ള രോഗസംക്രമണം തടയാം. ആട്ടിന്‍കൂടും പരിസരവും സദാ വൃത്തിയാക്കിവെക്കണം. നനവും ഈര്‍പ്പവുമുള്ള സ്ഥലത്ത് ചരലും മണലും മറ്റുമിട്ട് ഈര്‍പ്പരഹിതമാക്കുന്നതും കുമ്മായമിട്ട് കൊത്തിയിളക്കുന്നതും നല്ലതാണ്. ആട്ടിന്‍ കാഷ്ഠം ഇടക്കിടയ്ക്ക് പരിശോധിച്ചാല്‍ രോഗാവസ്ഥയുണ്ടോയെന്ന് തിട്ടപ്പെടുത്തി തക്കതായ ചികിത്സ നല്‍കാം. ആട്ടിന്‍കുട്ടികളുടെ രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിന് പോഷകാംശമേറിയ തീറ്റ നല്‍കുകയും വേണം.

ഡോ. പി.കെ. മുഹ്‌സിന്‍ താമരശ്ശേരി


Stories in this Section