നാട്ടില്‍ വിളയും കാട്ടുപടവലം

Posted on: 29 Jul 2013


നമ്മുടെ നാട്ടില്‍ പണ്ട് നിറച്ചുണ്ടായിരുന്നതാണ് കാട്ടുപടവലം. അഥവാ കയ്പന്‍ പടവലം. ഇന്നിത് നട്ടുപിടിപ്പിക്കേണ്ട അവസ്ഥയാണ്.
വനത്തിലും ചെറിയ കുന്നിന്‍പ്രദേശങ്ങളിലും ഇവ ഒരുകാലത്ത് സുലഭമായിരുന്നു. എന്നാല്‍ ഇന്ന് ഇത്കൃഷിചെയ്തുവരുന്നുണ്ട്. ആയുര്‍വേദ ചികിത്സയില്‍ മുഖ്യസ്ഥാനമുള്ള ഔഷധിയാണിത്. നാടന്‍ പടവലത്തെപ്പോലെത്തന്നെയാണിത്.

കായ്കള്‍ ചെറുതാണ്. പെട്ടെന്നുകണ്ടാല്‍ കോവല്‍ക്കായപോലെതോന്നും. സാധാരണ പടവലത്തിന്റെ ഇലയേക്കാള്‍ ചെറുതാണ് ഇതിന്റെ ഇലകള്‍. പൂക്കള്‍ക്ക് വെള്ളനിറമാണ്. കയ്പുരസം കലര്‍ന്ന ഇതിന്റെ കായ്കള്‍ക്ക് സാധാരണ ചെറിയവലിപ്പമേ കാണൂ. എന്നാല്‍, ഇതിന് ജൈവവളംചേര്‍ത്ത് പടവലം കൃഷിയിറക്കുന്നതുപോലെ പന്തലിട്ട് പടര്‍ത്തിയാല്‍ വലിപ്പമേറിയ കായ്കള്‍ ലഭിക്കാറുണ്ട്.

പച്ചയില്‍ ചെറിയ വെളുത്തവരകള്‍ ഇതിന്റെ കായ്കളുടെ സവിശേഷതയാണ്. ഏറെ നീളം വെക്കാറില്ല. കാട്ടുപടവലം സസ്യശാസ്ത്രത്തില്‍ 'ട്രൈക്കോസാന്തസ് കുക്കു മെറീന' എന്നാണ് അറിയപ്പെടുന്നത്. ഇതിന്റെ കായ്കള്‍ക്ക് 8-9 സെന്റിമീറ്റര്‍ നീളംവരും. ചെടിക്ക് 3-4 മീറ്റര്‍ ഉയരം വെക്കും. ജൂലായ്, ആഗസ്തില്‍ പുഷ്പിക്കും. സപ്തംബര്‍, ഒക്ടോബറില്‍ കായ്കള്‍ നിറഞ്ഞുനില്‍ക്കും.

ഇതില്‍ ആണ്‍ചെടിയും പെണ്‍ചെടിയുമുണ്ട്. കയ്പ്പുള്ളതിനാല്‍ നല്ല ഔഷധഗുണമുണ്ട്. കായ്കള്‍ ഭക്ഷ്യയോഗ്യമാണ്. മുളയുടെ ചീളുപയോഗിച്ച് കായയിലെ തൊലി ചുരണ്ടിനീക്കി ഉപ്പിട്ട് തോരന്‍വെക്കണം. ഇരുമ്പുതൊട്ട് പാചകംചെയ്യരുത്. കയ്പന്‍ പടവലം ഉണക്കി കൊണ്ടാട്ടം തയ്യാറാക്കാം. വിത്തിന് വിരശല്യം നിയന്ത്രിക്കാന്‍ കഴിവുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ കാട്ടുപടവലം കൃഷിചെയ്യാം. ചിലയിടങ്ങളില്‍ ഇത് വലിയ വിജയം നേടിയിട്ടുണ്ട്.

ചെടി സമൂലം ഔഷധയോഗ്യമാണ്. ദീപന വര്‍ധനയ്ക്കും രക്തശുദ്ധീകരണം, ത്വഗ്രോഗ നിവാരണം, നേത്രരോഗ ശമനം, ശ്വാസരോഗ ശമനം, എന്നിവയ്ക്ക് ഉത്തമമാണ്. പടോലാസവം, ഗുല്‍ഗുലുതിക്തം, തൈലം, പടോലാദിഘൃതം, പടവലാദി കഷായം എന്നിവയില്‍ കയ്പന്‍ പടവലം അവശ്യഘടകമാണ്.

സാധാരണപടവലത്തെപോലെ കുഴിയുണ്ടാക്കി ജൈവവളം ചേര്‍ത്ത് വിത്തിടണം. ചെടി പന്തലിട്ട് പടര്‍ത്തണം. രോഗകീട ശല്യമില്ല. ചെടിയില്‍നിന്നുള്ള കായ്കള്‍ക്കുപുറമെ, ചെടി സമൂലം ഉണക്കിയും വില്പനനടത്താം.

ഒരേക്കറില്‍നിന്ന് 400 കിലോഗ്രാംവരെ വിളവുകിട്ടും. പിത്തചികിത്സയിലും കാട്ടുപടവലം മികച്ച മരുന്നാണ്. പനി, മഞ്ഞപ്പിത്തം, എന്നിവയുടെ ശമനത്തിനും ഇത് ഉത്തമമാണ്. കാട്ടുപടവലത്തിന്റെ വിത്ത് ചില കര്‍ഷകര്‍ നല്‍കിവരുന്നുണ്ട്. ഔഷധസസ്യകൃഷിയില്‍ വിപണിയാണ് ഉറപ്പാക്കേണ്ടത്.

എം.എ. സുധീര്‍ ബാബു


Stories in this Section