പച്ചക്കറിയുടെ സുവിശേഷം

Posted on: 14 Jun 2013കൊച്ചി: നല്ലനിലത്ത് വിതച്ച് നൂറുമേനികൊയ്ത സുവിശേഷകഥയിലെ വിതക്കാരനെപ്പോലെ പച്ചക്കറികൃഷിയില്‍ ദൈവിക സ്പര്‍ശം തീര്‍ക്കുകയാണ് ഞാറക്കല്‍ സെന്റ് മേരീസ് പള്ളിവികാരി ഫാ.പോള്‍ കല്ലൂക്കാരന്‍. പള്ളിമേടയോട് ചേര്‍ന്നുള്ള ചെറിയ പറമ്പില്‍ അച്ചന്‍ നട്ട് നനച്ച് വളര്‍ത്തിയ തക്കാളിയും ചേനയും കാബേജും കാച്ചിലും പാവലും പയറും പപ്പായയും ഇടവകക്കാര്‍ക്ക് ഹരിതപാഠമാകുന്നു.

ഞാറക്കല്‍ പള്ളിയില്‍ വികാരിയായെത്തിയിട്ട് രണ്ടുവര്‍ഷമേ ആകുന്നുള്ളൂവെങ്കിലും എറണാകുളം-അങ്കമാലി രൂപതയിലെ പല ഇടവകകളിലായി പിന്നിട്ട 43 വര്‍ഷത്തെ വൈദികജീവിതവഴികളിലും കൃഷിയോടുള്ള കൂറ് പച്ചപിടിച്ച് നിന്നിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. ജന്മദേശമായ അങ്കമാലി കിടങ്ങൂരിലെ നാട്ടിന്‍പുറങ്ങളിലും അറുപതുകളുടെ ആരംഭത്തില്‍ സെമിനാരിയില്‍ ചേര്‍ന്നപ്പോഴും പ്രകൃതിയോട് ഇണങ്ങിത്തന്നെയായിരുന്നു ജീവിതം. ഇടവകകള്‍ മാറിമാറി സേവനം തുടരുമ്പോള്‍ എത്തുന്ന സ്ഥലങ്ങളിലൊക്കെ നല്ല വളക്കൂറുള്ള മണ്ണും സഹകരണമനോഭാവമുള്ള ഇടവകാംഗങ്ങളും കൂട്ടുണ്ടായിരുന്നുവെന്ന് 'ഹരിതവികാരി'യെന്ന് അറിയപ്പെടുന്ന അദ്ദേഹം പറയുന്നു.

അതിരാവിലെ പള്ളിമേടയില്‍ നിന്നും അള്‍ത്താരയുടെ വിശുദ്ധിയിലേക്കിറങ്ങിയാണ് അച്ചന്റെ ദിവസത്തിന്റെ ആരംഭം. കുര്‍ബാനയ്ക്കുശേഷം ഇടവകക്കാരോടുള്ള കുശലാന്വേഷണത്തിനോടൊപ്പം തന്റെ തോട്ടത്തിലേക്ക്. ഇടവകാംഗങ്ങളെപ്പോലെതന്നെ പ്രിയപ്പെട്ടതാണ് പച്ചക്കറിത്തോട്ടത്തിലെ ചെടികളുമെന്ന് അദ്ദേഹം പറയുന്നു. ചാണകവും പൈപ്പ്കമ്പോസ്റ്റില്‍ നിന്നുള്ള വളവും നനയുമാണ് ചെടികളുടെ ആരോഗ്യ രഹസ്യം.

ഓരോ ഓണത്തിനും സ്വന്തം പറമ്പിലുണ്ടായ പച്ചക്കറികളില്‍ നിന്നുണ്ടാക്കിയ തോരന്റെ രുചി തൂശനിലയില്‍ നിറയണമെന്നാണ് അദ്ദേഹം ഇടവകാംഗങ്ങളോടെല്ലാം പറയുന്നത്. ഇതിനായുള്ള ശ്രമങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് ഇടവകയിലെ 1500 ഓളം കുടുംബങ്ങളില്‍ ജൈവപച്ചക്കറികൃഷി പദ്ധതി നടപ്പാക്കിയും അച്ചന്‍ ശ്രദ്ധേയനായി. ചീര, പയര്‍, മത്തങ്ങ, കുമ്പളം, പാവല്‍, കോവളം തുടങ്ങിയവയുടെ വിത്തുകളടങ്ങിയ പായ്ക്കറ്റും കൃഷിപരിപാലന രീതികളടങ്ങിയ കൈപ്പുസ്തകവും പദ്ധതിയുടെ ഭാഗമായി വീടുകളില്‍ നല്‍കി.
ഇടവകയിലെ കുടുംബങ്ങളുടെ മാലിന്യ സംസ്‌കരണ പ്രശ്‌നത്തിന് പരിഹാരമായി ലയണ്‍സ് ക്ലബിന്റെയും ഞാറക്കല്‍, നായരമ്പലം, എളങ്കുന്നപ്പുഴ പഞ്ചായത്തുകളുടേയും സഹകരണത്തോടെ ഉറവിട മാലിന്യ സംസ്‌കരണയൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് അച്ചന്‍ നേതൃത്വം നല്‍കി. ഇടവകയില്‍ മതബോധനം പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വീട്ടിലുണ്ടായ വിളകള്‍ സമാഹരിച്ച് നടത്തുന്ന പച്ചക്കറി ലേലവും ജനങ്ങളില്‍ കൃഷിയോട് ആഭിമുഖ്യം വളര്‍ത്തി. പള്ളിയോടൊപ്പമുള്ള സെന്റ് മേരീസ് പള്ളിക്കൂടത്തിലും മേരിമാതാ പാരലല്‍ കോളേജിലും കൃഷിപാഠങ്ങള്‍ പകര്‍ന്നുനല്‍കാന്‍ അച്ചന്‍ ശ്രദ്ധചെലുത്തുന്നുണ്ടെന്ന് അസി.വികാരി ഫാ.ജോസ് പുതുശ്ശേരിയുടെ സാക്ഷ്യം.

കുംഭമാസമായതിനാല്‍ സ്വദേശത്തുനിന്ന് രണ്ടര ടണ്‍ ചേനയും കാച്ചിലും അച്ചന്‍ പള്ളിയിലെത്തിച്ച് ലേലം ചെയ്ത് വീടുകളില്‍ നല്‍കി. കറിവയ്ക്കുവാനും നടുന്നതിനുമാണ് ഇത് നല്‍കിയത്. ഈ പരിപാടിയിലൂടെ ഇടവകയ്ക്ക് കൈമോശം വന്നുതുടങ്ങിയ കൃഷിപാരമ്പര്യമാണ് അച്ചന്‍ തിരിച്ചുനല്‍കിയതെന്ന് ഇടവകക്കാര്‍ ഒന്നടങ്കം പറയുന്നു.

ബിബിന്‍ബാബു


Stories in this Section