അടുക്കളപ്പുറത്തുനിന്ന് യന്ത്രക്കൃഷിയിലേക്ക്...

Posted on: 14 Jun 2013ഹരിപ്പാട്: ട്രാക്ടര്‍ ഓടിച്ചുനീങ്ങുമ്പോള്‍ മിനിമോള്‍ക്ക് കുലുക്കമില്ല. വിജയിച്ചേ അടങ്ങൂവെന്ന വാശിയോടെ അഞ്ജുവും കൃഷ്ണപ്രിയയും നിഷയും സിന്ധുവുമെല്ലാം ഒപ്പമുണ്ട്. സംസ്ഥാനത്ത് ആദ്യമായി മുതുകുളം ബ്ലോക്ക് പഞ്ചായത്തില്‍ കൃഷിവകുപ്പ് നടപ്പാക്കുന്ന അഗ്രോ സര്‍വീസ് സെന്റര്‍ പദ്ധതിയാണ് അടുക്കളപ്പുറത്ത് ഒതുങ്ങിക്കൂടിയിരുന്ന ഇവരെ യന്ത്രവത്കൃത കൃഷിയുടെ വക്താക്കളാക്കുന്നത്.

സംസ്ഥാനത്തെ ആദ്യ അഗ്രോ സെന്റര്‍ പദ്ധതിയാണ് മുതുകുളത്ത്. എട്ട് പെണ്‍കുട്ടികളടക്കം 15 പേരാണ് സെന്ററിലുള്ളത്. ഇവരുടെ സംഘത്തിന് കാര്‍ഷിക യന്ത്രങ്ങളും വിത്തും വളവും പരിശീലനവും എല്ലാം നല്‍കി കൃഷിചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതി. 25 ലക്ഷത്തിന്റെ പദ്ധതിയാണിത്. വി.എച്ച്.എസ്.ഇ.യ്ക്ക് കൃഷി പാഠ്യവിഷയമാക്കിയ അഞ്ചുപേരും ഐ.ടി.ഐ.ല്‍ ട്രാക്ടര്‍ നന്നാക്കാന്‍ പഠിച്ച അഞ്ചുപേരും സംഘത്തിലുണ്ട്. മറ്റ് അഞ്ചുപേര്‍ പത്താം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ കൃഷിക്കായി പാടത്തും പറമ്പിലും ഇറങ്ങിയവരാണ്.
ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുത്ത ഇവര്‍ക്ക് ആലപ്പുഴ കൃഷി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഓഫീസിലായിരുന്നു ആദ്യപരിശീലനം. 15 പേരും ട്രാക്ടറും ട്രില്ലറും ഓടിക്കാന്‍ പഠിച്ചു. പിന്നീട് മങ്കൊമ്പ് കീടനിയന്ത്രണ കേന്ദ്രം, മലപ്പുറം തവനൂര്‍ കാര്‍ഷിക സര്‍വകലാശാലാകേന്ദ്രം എന്നിവിടങ്ങളിലും പരിശീലനം കൊടുത്തു.

കാര്‍ഷികയന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനൊപ്പം ആധുനിക കൃഷിരീതികളും ഇവരെ ഇതിനോടകം പഠിപ്പിച്ചു. പരിശീലനകാലത്ത് ഒരുദിവസം 200 രൂപയും ഭക്ഷണച്ചെലവും കൃഷിവകുപ്പ് നല്‍കി.

ചിങ്ങോലിയില്‍ ഇവര്‍ രണ്ടര ഏക്കറും ചേപ്പാട് ഒരേക്കറും കൃഷിയിറക്കാന്‍ കണ്ടെത്തി. ചിങ്ങോലിയില്‍ ട്രാക്ടര്‍ ഉപയോഗിച്ച് കൃഷിയിടം ഒരുക്കിത്തുടങ്ങി.

കൃഷിവകുപ്പിന്റെ ട്രാക്ടറാണ് ഇപ്പോള്‍ ഇവര്‍ ഉപയോഗിക്കുന്നത്. ഇവര്‍ക്ക് രണ്ടുവീതം ട്രാക്ടര്‍, ട്രില്ലര്‍, നടീല്‍യന്ത്രം, ഒരു മിനി ട്രില്ലര്‍, കാടുവെട്ട് യന്ത്രം, സ്‌പെയറുകള്‍ എന്നിവ ഉടന്‍ കൈമാറും. കൃഷി ആവശ്യത്തിനുശേഷം ഈ യന്ത്രങ്ങള്‍ പുറത്ത് മറ്റ് കര്‍ഷകര്‍ക്കുവേണ്ടിയും ഇറക്കാം. ട്രാക്ടര്‍ പൂട്ടുന്നതിന് മണിക്കൂറിന് 850 മുതല്‍ 1000 രൂപ വരെയാണ് നിരക്ക്. ഈ സ്ഥാനത്ത് 500 രൂപയ്ക്ക് തങ്ങള്‍ ട്രാക്ടര്‍ ഇറക്കുമെന്ന് സെന്ററിന്റെ ലീഡറായ എം.ഡി.മോഹനന്‍ പറഞ്ഞു.


Stories in this Section