തെങ്ങ് ഒരു വലിയ മരമല്ല

Posted on: 14 Jun 2013

സജേഷ് പുലരിതിരുവനന്തപുരം: ഒരുകാലത്ത് ആണുങ്ങള്‍ക്കുമാത്രം എന്ന് പറഞ്ഞ് മാറ്റിവയ്ക്കപ്പെട്ട തൊഴില്‍പരിസരങ്ങള്‍ മുഴുവന്‍ ഇന്ന് സ്ത്രീകളുടെ സാന്നിധ്യംകൊണ്ടുകൂടി ശ്രദ്ധേയമാവുകയാണ്. സ്വയംതൊഴില്‍ പദ്ധതിയിലൂടെ തെങ്ങുകയറ്റം തൊഴിലായി സ്വീകരിച്ചിരിക്കുന്ന ഷൈലക്കും ഗീതയ്ക്കും തെങ്ങ് ഒരു വലിയ മരമായി തോന്നുന്നില്ല. ജീവിതത്തിന്റെ മറുകരയിലേക്ക് ആയാസരഹിതമായി കയറിപ്പോകാന്‍ മാന്യമായ ഏത് ജോലിയും മഹത്തരമാണ് എന്നാണ് ഇവരുടെ വാദം.

കല്ലറ വെള്ളംകുടി ചരുവിളവീട്ടില്‍ ഷൈലയും (34) കല്ലറ തണ്ണിയം കിഴക്കിന്‍കര പുത്തന്‍വിട്ടില്‍ ഗീത (33)യുമാണ് തെങ്ങുകയറി ഉപജീവനം നടത്തുന്നത്. വീട്ടാവശ്യങ്ങള്‍ക്കും കുട്ടികളുടെ പഠിത്തത്തിനുമൊക്കെ തങ്ങളാലാവുന്ന ഒരു ചെറുസഹായം എന്നാണ് ഈ ജോലിയെക്കുറിച്ച് ഇവരുടെ അഭിപ്രായം. വീടിന് സമീപത്തുള്ള പുരയിടങ്ങളിലാണ് ഇവര്‍ സാധാരണ തേങ്ങിയിടാന്‍ പോകുന്നത്. തെങ്ങ് ഒന്നിന് 25 രൂപ എന്ന നിരക്കിലാണ് കൂലി ഈടാക്കുന്നത്. ഉയരമുള്ള തെങ്ങുകളാണെങ്കില്‍ വീട്ടുകാര്‍ മനസ്സറിഞ്ഞ് എന്തെങ്കിലുംകൂടി തരുമെന്ന് ഇവര്‍ പറയുന്നു.

കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ കരകുളത്തുവച്ചായിരുന്നു ഇവര്‍ക്ക് പരിശീലനം ലഭിച്ചത്. ആറ് ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയപ്പോള്‍ തെങ്ങ് കയറുന്നതിനുള്ള യന്ത്രവും ക്ലാസ്സിനെത്തിയതിനുള്ള വണ്ടിക്കൂലിയും ഇവര്‍ക്ക് നല്‍കി. സ്ത്രീകളായതിനാല്‍ ആദ്യമൊക്കെ ജോലിക്ക് വിളിക്കാന്‍ പലര്‍ക്കും മടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്യാവശ്യക്കാര്‍ വിളിക്കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. കൂടാതെ മറ്റെവിടത്തെയുംപോലെ കല്ലറ മേഖലയില്‍ പുരുഷ തെങ്ങുകയറ്റ തൊഴിലാളികളുടെ എണ്ണവും കുറഞ്ഞുവരികയാണ്. കൂടുതല്‍ സ്ത്രീകള്‍ ഈ തൊഴില്‍മേഖലയിലേക്ക് കടന്നുവരണമെന്നാണ് ഇവരുടെ ആവശ്യം. ഒരു തൊഴിലായി സ്വീകരിച്ചില്ലെങ്കില്‍പോലും സ്വന്തം പുരയിടത്തില്‍ തേങ്ങയിടാനെങ്കിലും കൂലിക്കാരെ അന്വേഷിച്ച് അലയേണ്ടിവരില്ലല്ലോ എന്നാണ് ഇവര്‍ പറയുന്നത്. ഷൈലയുടെ ഭര്‍ത്താവ് കൂലിപ്പണിക്കാരനാണ്. ഗീതയുടെ ഭര്‍ത്താവ് പുറംനാട്ടിലും. സ്‌കൂളില്‍ പഠിക്കുന്ന രണ്ട് കുട്ടികള്‍ ഇരുവര്‍ക്കുമുണ്ട്. വീട്ടിലെ ജോലികള്‍ കഴിഞ്ഞ് കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞയച്ചശേഷമാണ് ഇവര്‍ ജോലിക്കിറങ്ങുന്നത്.


Stories in this Section