പാട്ടത്തിനെടുത്ത ഭൂമിയില്‍ നൂറുമേനി

Posted on: 14 Jun 2013ആലപ്പുഴ: ആനന്ദവും ആദായകരവുമായപ്പോള്‍ വനിതാ പഞ്ചായത്ത് മെമ്പര്‍ പാട്ടത്തിനെടുത്ത ഭൂമിയിലെ പച്ചക്കറിക്കൃഷി ഉപജീവന മാര്‍ഗമായി. മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്ത് 13 ാം വാര്‍ഡംഗം മായ ദിലീപിന് സ്വന്തമായി ഭൂമിയില്ല. എങ്കിലും കഴിഞ്ഞ രണ്ടുവര്‍ഷമായി കാര്‍ഷികരംഗത്ത് സക്രിയമാണ്. അയല്‍വാസി പാണത്തുവീട്ടില്‍ രോഹിണിയമ്മയുടെ തരിശ് കിടന്ന വയല്‍ പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. ആദ്യം നെല്‍ക്കൃഷി നടത്തി. നെല്‍ക്കൃഷി ആദായകരമായപ്പോള്‍ പച്ചക്കറിക്കൃഷി തുടങ്ങി. ഇപ്പോള്‍ രണ്ടുദിവസം കൂടുമ്പോള്‍ പച്ചക്കറി വിറ്റ് 500 രൂപ വീതം ലഭിക്കുന്നുണ്ടന്ന് മായ ദിലീപ് പറയുന്നു.

കയര്‍ത്തൊഴിലാളിയായി ഉപജീവനം നടത്തുമ്പോഴാണ് ആര്‍.എസ്.പി. സീറ്റില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചത്. പഞ്ചായത്ത് മെമ്പറായിക്കഴിഞ്ഞ് തിരക്കുകാരണം കയര്‍ ഫാക്ടറിയില്‍ ജോലിക്ക് പോകാന്‍ കഴിയാതെയായി. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോള്‍ ജനസേവനത്തിനൊപ്പം ചെയ്യാന്‍ പറ്റിയ ജോലി അന്വേഷിച്ച് തുടങ്ങി. മണ്ണഞ്ചേരി കൃഷി ഓഫീസര്‍ റെജിമോളും പരമ്പരാഗത കര്‍ഷകനായ ചന്ദ്രഹാസനും കാര്‍ഷികവൃത്തി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചു. ആദ്യം വീടിനുസമീപം അടുക്കളത്തോട്ടം തുടങ്ങി. വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ക്കു പുറമെ ചെറിയതോതില്‍ പച്ചക്കറി വില്പന തുടങ്ങി. ചെറിയ വരുമാനം കിട്ടിത്തുടങ്ങിയപ്പോള്‍ പാട്ടത്തിന് വയല്‍ എടുത്തു. ഭര്‍ത്താവ് ദിലീപും മകന്‍ അരുണും സഹായത്തിന് വന്നു. പച്ചക്കറിക്കൃഷി തുടങ്ങിയപ്പോള്‍ ആദ്യകാലത്ത് കുടംകൊണ്ട് വെള്ളം കോരി ഒഴിച്ചായിരുന്നു ജലസേചനം. ചെടികള്‍ വളര്‍ന്നശേഷമാണ് നനമെഷീന്‍ ഉപയോഗിച്ചു തുടങ്ങിയത്. കൃഷിഭവനില്‍നിന്നും നാട്ടിലെ പരമ്പരാഗത കര്‍ഷകരില്‍നിന്നുമാണ് വിത്ത് വാങ്ങിയത്.

നിലം ഒരുക്കുന്നതില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായം ലഭിച്ചു. ചാണകം, ചാരം, കോഴിവളം തുടങ്ങിയ ജൈവവളം മാത്രം ഉപയോഗിച്ചായിരുന്നു കൃഷി. കീടങ്ങളെ അകറ്റാന്‍ ജൈവ കീടനിയന്ത്രണ മാര്‍ഗങ്ങളും അവലംബിച്ചു. പയര്‍, പാവല്‍, വെള്ളരി, പടവലം, പീച്ചില്‍, കപ്പ, ചീര എന്നിവയാണ് കൃഷി ചെയ്തത്. ഇപ്പോള്‍ പയര്‍, പീച്ചില്‍ വിളകളാണ് നേട്ടം തരുന്നത്. ചെറിയ തോതില്‍ പലതരം വിളകള്‍ കൃഷിചെയ്തത് ഗുണംചെയ്തുവെന്ന് മായ ദിലീപ് പറയുന്നു.


Stories in this Section