അരി വില കുതിക്കുന്നു

Posted on: 14 Jun 2013


കൊച്ചി: ആന്ധ്രപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വരവ് കുറഞ്ഞതോടെ കേരളത്തില്‍ അരിവില കുതിക്കുന്നു. ഒരു മാസത്തിനിടെ ആന്ധ്ര അരിയുടെ വരവില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. നിലവില്‍ അരി എത്തിയിട്ട് പത്ത് ദിവസമായി. മലയാളിയുടെ ഇഷ്ടയിനമായ സുരേഖ അരിക്കാണ് വിലക്കയറ്റവും ക്ഷാമവും കൂടുതല്‍. ജയ അരിയും കുറഞ്ഞിട്ടുണ്ട്. തമിഴ്‌നാട്, ബംഗാള്‍, കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള അരി ലഭ്യതയും കുറഞ്ഞു.

ഒരാഴ്ചയ്ക്കിടെ അരിയുടെ മൊത്തവില രണ്ട് രൂപ വരെ കൂടി. സുരേഖ അരിക്ക് 32 രൂപയാണ് മൊത്തവില. ചില്ലറ വില 35ഉം. ജയയ്ക്ക് മൊത്തവില 29ഉം ചില്ലറ വില 33ഉം ആണ്. അരിക്ഷാമം കൂടി ഉള്ളതിനാല്‍ വരുംദിവസങ്ങളില്‍ വില ഇനിയും കൂടുമെന്ന് മൊത്തവില്‍പ്പനക്കാര്‍ പറയുന്നു. രണ്ട് ദിവസത്തിനകം ആന്ധ്രയില്‍ നിന്ന് അഞ്ച് റാക്ക് അരി എത്തുമെന്നാണ് വിവരം. അതോടെ കിലോഗ്രാമിന് രണ്ട് രൂപ കൂടി കൂടും. ഓരോ തവണ ലോഡ് എത്തുമ്പോഴും ആന്ധ്ര അരിയുടെ വില കൂടുന്ന സ്ഥിതിയാണ്.

നെല്ല്ക്ഷാമം മൂലമാണ് അരി കുറഞ്ഞതെന്ന് കച്ചവടക്കാര്‍ പറയുന്നു. എന്നാല്‍, ആന്ധ്രലോബിയുടെ ഇടപെടലാണ് അരിവില കൂട്ടുന്നതെന്ന് ആക്ഷേപമുണ്ട്. ഇതിനായി ആന്ധ്രയില്‍ നിന്നുള്ള സംഘം കേരളത്തില്‍ തങ്ങുന്നുമുണ്ട്. പൂഴ്ത്തിവെപ്പിലൂടെ കൃത്രിമക്ഷാമം ഉണ്ടാക്കി വിലക്കയറ്റം ഉണ്ടാക്കാനും ശ്രമം നടക്കുന്നതായി മൊത്തവില്‍പ്പനക്കാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.

ഒരു മാസത്തിനിടെ അരിയുടെ ചില്ലറ വില 10 രൂപ വരെ വര്‍ദ്ധിച്ചിട്ടുണ്ട്. ബ്രാന്‍ഡഡ് അരിയുടെ വില 50 രൂപ വരെ എത്തി. സംസ്ഥാനത്ത് നിന്നുള്ള മട്ട അരിക്ക് 40 രൂപയാണ് . സുരേഖ അരിയുടെ വിലയും ഈ നിരക്കിലേക്ക് ഉയര്‍ത്താനാണ് ആന്ധ്രലോബിയുടെ ശ്രമം. 21 രൂപയായിരുന്ന പച്ചരിയുടെ മൊത്തവില 31 രൂപ വരെയെത്തി. ആന്ധ്രയില്‍ നിന്നുള്ള പച്ചരി 27 രൂപയ്ക്ക് ലഭിക്കുമെങ്കിലും ഇതിന് നിലവാരം കുറവാണ്. ഉയര്‍ന്ന നിലവാരമുള്ള ഗുജറാത്ത് പച്ചരി ആവശ്യത്തിന് കിട്ടാനുമില്ല.

മലബാര്‍ മേഖലയിലെ ഇഷ്ടയിനമായ പൊന്നിയുടെ ചില്ലറ വില അഞ്ച്‌രൂപ വരെ കൂടി. ബോധന, കുറുവ അരികള്‍ക്ക് രണ്ട് രൂപവീതവും കൂടിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പലയിടത്തും സുരേഖ അരി കിട്ടാനില്ല. രണ്ടാഴ്ചയിലധികമായി ഇവിടെ അരി എത്തുന്നില്ല.


Stories in this Section