'ചതിക്കാത്തത് ജാതി മാത്രം'- ഇത് വര്‍ക്കി തൊമ്മന്റെ ഉറപ്പ്‌

Posted on: 01 Jun 2013

ആന്റണി മുനിയറ
പണിക്കന്‍കുടി (ഇടുക്കി): കുരുമുളകും ഏലവും ചിലപ്പോള്‍ ചതിച്ചെന്നിരിക്കും. എന്നാല്‍, ജാതിക്കൃഷിയെക്കുറിച്ച് ആരെങ്കിലും അങ്ങനെ പറഞ്ഞാല്‍ കൊമ്പൊടിഞ്ഞാല്‍ പുന്നത്താനത്ത് വര്‍ക്കി തൊമ്മന്‍ സഹിക്കില്ല. ജാതിക്കൃഷി ചതിക്കില്ല. രാസവളവും കീടനാശിനിയും വേണ്ട. അടുത്ത തലമുറകള്‍ക്കും ആദായം നല്‍കി ജാതിമരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കും. ഇത് വര്‍ക്കി തൊമ്മന്‍ വെറുതെ നല്‍കുന്ന ഉറപ്പല്ല. മൂന്ന് പതിറ്റാണ്ടായി തെളിയിക്കുകയാണ്. ഈ സാധാരണ കര്‍ഷകന്‍ സ്വന്തം നിലയില്‍ വികസിപ്പിച്ചെടുത്ത ജാതിയിനത്തിന് നാട്ടുകാര്‍ പുന്നത്താനത്ത് ജാതി എന്ന് പേരിട്ടു. കൊടിയ വേനലിലും വാടാതെ നില്‍ക്കുന്ന ജാതിമരങ്ങള്‍.

ഫാഷന്‍ഫ്രൂട്ടിനേക്കാള്‍ വലിപ്പമുള്ള ജാതിക്കായ്കള്‍. ജാതിക്കായ്കള്‍ക്കും പത്രിക്കും നല്ല കനമുണ്ട്. അമ്പതിനും അറുപതിനുമിടയില്‍ കായ്കള്‍ മതി ഒരു കിലോഗ്രാം ഭാരമുണ്ടാകും. പത്തുവര്‍ഷം പ്രായമായ ഒരു ജാതിച്ചെടി 6000 രൂപ മുതല്‍ 8000 രൂപ വരെ വരുമാനം നല്‍കുമെന്ന് വര്‍ക്കി തൊമ്മന്‍ പറയുന്നു. 'പുന്നത്താനത്തുജാതി' ഇന്ന് കൊമ്പൊടിഞ്ഞാലും കൊന്നത്തടി പഞ്ചായത്തും കടന്ന് കേരളത്തിന്റെ പല ഭാഗങ്ങളിലും വേരുപിടിച്ചുകഴിഞ്ഞു. പണിക്കന്‍കുടി സെന്റ് ജോണ്‍ മരിയാ വിയാനി പള്ളി പുരയിടത്തില്‍ ഒരു മാതൃകാ ജാതിക്കൃഷിത്തോട്ടവും വര്‍ക്കി നട്ടുവളര്‍ത്തിയിട്ടുണ്ട്. ഏലത്തിനും കുരുമുളകിനും കാപ്പിക്കുമിടയില്‍ മൂന്നേക്കര്‍ സ്ഥലത്താണ് ജാതിക്കൃഷി. ജാതിമരങ്ങളുടെ പരിപാലനകാര്യത്തില്‍ ജൈവകൃഷിരീതി മാത്രം അവലംബിക്കുന്ന ഈ എഴുപത്തിനാലുകരാന് ജാതിമരങ്ങള്‍ മക്കളെപ്പോലെയാണ്. ചില്ലകളില്‍ തൊട്ടുതലോടി ഓമനിച്ച് പുരയിടത്തിലൂടെ ഈ കര്‍ഷകന്‍ നടക്കും.

പുന്നത്താനത്ത് ജാതിയുടെ ശിഖരങ്ങള്‍ക്കും സവിശേഷതയുണ്ട്. ഒരു തട്ടില്‍ 12 മുതല്‍ 16 വരെ ശിഖരങ്ങള്‍ വളര്‍ന്നുപന്തലിച്ച് നില്‍കും.
ഇലകള്‍ക്ക് ഇരുണ്ട പച്ചനിറമാണ്. ഇതുവരെ ഈ ചെടികള്‍ക്ക് കാര്യമായ രോഗകീട ബാധകളൊന്നുമുണ്ടായിട്ടില്ല. മഴവെള്ളസംഭരണത്തിനായി പടുതാക്കുളങ്ങള്‍ നിര്‍മ്മിച്ചാണ് ഈ കര്‍ഷകന്റെ വിളപരിപാലനം. മീനച്ചില്‍ താലൂക്കില്‍നിന്ന് ഇടുക്കിയിലെ ഉടുമ്പന്‍ചോല താലൂക്കിലെ കൊമ്പൊടിഞ്ഞാലിലെത്തിയ യൗവനകാലം മുതല്‍ അത്യധ്വാനം ചെയ്യുന്ന വര്‍ക്കി തൊമ്മന്റെ ആണ്‍മക്കളും മാതൃകാ കര്‍ഷകരാണ്. ഇളയ മകന്‍ ഷാജന്‍ വര്‍ഗീസ്, വര്‍ക്കിക്കും മറിയാമ്മയ്ക്കുമൊപ്പം ഇപ്പോഴുണ്ട്.


Stories in this Section