അറയ്ക്കല്‍ വീട്ടിലെ സ്‌മോള്‍ ഗാര്‍ഡന്‍

Posted on: 01 Jun 2013കൊച്ചി: കുണ്ടന്നൂര്‍-ചിലവന്നൂര്‍ റോഡില്‍ ആറ് സെന്റ് സ്ഥലത്ത് വീട് നിര്‍മിക്കുമ്പോള്‍ എ.പി. ജോസ് ആന്റോയും ഭാര്യ സോഫിയും മുറ്റത്ത് ഒരു പൂന്തോട്ടത്തിന് കൂടി സ്ഥലം മാറ്റിവച്ചിരുന്നു. വീട് നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ വിവിധങ്ങളായ ഓര്‍ക്കിഡും ആന്തൂറിയവും നന്ത്യാര്‍വട്ടവും റെഡ് പാമും ഈ പൂന്തോട്ടത്തില്‍ ഇടം നേടി. ഇവ കൃത്യമായി നട്ടുവളര്‍ത്തിയപ്പോള്‍ രണ്ടുസെന്റ് സ്ഥലത്തെ പൂന്തോട്ടം അറയ്ക്കല്‍ വീടിന്റെ് ഹരിതഭംഗി കൂട്ടി.

പതിനാല് വര്‍ഷം മുന്‍പായിരുന്നു കനറാ ബാങ്ക് മനേജരായ എ.പി. ജോസ് കുണ്ടന്നൂരില്‍ വീട് നിര്‍മിച്ചത്. വീട്ടുമുറ്റത്ത് ഒരു പൂന്തോട്ടം വേണമെന്നത് ജോസിന്റെ ആഗ്രഹമായിരുന്നു. അങ്ങനെയാണ്, പൂന്തോട്ടം കൂടി ഉള്‍പ്പെടുത്തി വീടിന്റെ രൂപരേഖ തയ്യാറാക്കിയത്.

ചെടികള്‍ നട്ടതും ചെടിച്ചട്ടികള്‍ തയ്യാറാക്കിയതുമെല്ലാം ജോസാണ്. ഭാര്യ സോഫി സഹായിയായി. തേവര എസ്.എച്ച്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മലയാള വിഭാഗം അധ്യാപികയാണ് സോഫി. ചെടികളുടെ പരിചരണത്തിന് ജോസിനൊപ്പം മക്കളായ മെറിയ, മിന്ന, മിയ എന്നിവരും ഉണ്ടാകും. കൊച്ചിന്‍ ഫ്ലവര്‍ ഷോയില്‍ സ്‌മോള്‍ ഗാര്‍ഡന്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും അറയ്ക്കല്‍ വീട്ടിലെ പൂന്തോട്ടം നേടിയിരുന്നു.

പൂന്തോട്ടം കൂടാതെ വിവിധയിനം പച്ചക്കറികളും അറയ്ക്കല്‍ വീട്ടില്‍ ഇടം നേടിയിട്ടുണ്ട്. കോവല്‍, പടവലം, ചാമ്പ എന്നിവയും ഒപ്പം കോഴികളെയും ഇവിടെ വളര്‍ത്തുന്നുണ്ട്. ബയോഗ്യാസില്‍ നിന്നുള്ള സ്ലെറിയാണ് ചെടികള്‍ക്ക് നല്‍കുന്നത്.


Stories in this Section