കൃഷി ഉത്‌പന്നങ്ങളുമായി കൃഷി ബിസിനസ് കേന്ദ്ര

Posted on: 01 Jun 2013

എസ്. ജെന്‍സി
കൊച്ചി നഗരത്തില്‍ പച്ചക്കറി കൃഷി ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്... മണ്ണ് മുതല്‍ പന്തല്‍ കയര്‍ വരെയുള്ള ഉത്പന്നങ്ങളുമായി വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (വി.എഫ്.പി.സി.കെ.) നിങ്ങളെ സഹായിക്കാന്‍ രംഗത്തുണ്ട്.

വി.എഫ്.പി.സി.കെ. ആരംഭിച്ച 'കൃഷി ബിസിനസ് കേന്ദ്ര'യാണ് കൃഷിക്കാവശ്യമായ എല്ലാം വില്പനയ്ക്ക് ഒരുക്കിയിരിക്കുന്നത്.
ചെറുനാരകം, കശുമാവ്, വിവിധയിനം മാവുകള്‍, കറിവേപ്പ്, സപ്പോട്ട, മധുരപ്പുളി, കാബേജ്, കാപ്‌സിക്കം, പയറുകള്‍, പേര, സ്‌ട്രോബറി തുടങ്ങിയ നിരവധി പച്ചക്കറി-ഫലവര്‍ഗങ്ങളുടെ വിത്തുകളും ചെടി നടുന്നതിനാവശ്യമായ മിശ്രിതവും ഗ്രോ ബാഗുകളും കൃഷി ബിസിനസ് കേന്ദ്രയില്‍ ലഭ്യമാണ്.

ഇതുകൂടാതെ പച്ചക്കറിത്തൈകള്‍ ഗ്രോ ബാഗുകളിലാക്കിയും കിട്ടും. ആവശ്യക്കാര്‍ക്ക് ചുവന്ന മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവയടങ്ങിയ മിശ്രിതം, ഗ്രോ ബാഗുകള്‍, പച്ചക്കറി തൈകള്‍, കയര്‍പ്പന്തല്‍ എന്നിങ്ങനെയും ഇവിടെ നിന്ന് ലഭിക്കും.
പിയര്‍, മുന്തിരി, മാതളനാരകം, സ്‌ട്രോബറി എന്നിവയും ചെടികള്‍ക്ക് നല്‍കേണ്ട ജൈവവളങ്ങളായ ബെവേറിയ, മെറ്റാറൈസിയം, സ്യൂഡോമോണാസ്, സ്യൂഡോമോണാസ് ലായിനി, ട്രൈക്കോഡര്‍മ, മണ്ണിരവളം, വെര്‍ട്ടിസീലിയം തുടങ്ങിയവയും ലഭ്യമാണ്.
വാണിജ്യാടിസ്ഥാനത്തില്‍ വീടുകളില്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിസിനസ് കേന്ദ്രയ്ക്ക് വി.എഫ്.പി.സി.കെ. തുടക്കമിട്ടതെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ വി.വി. പുഷ്പാംഗദന്‍ പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് കൃഷി ബിസിനസ് കേന്ദ്ര ആരംഭിച്ചത്.

ഗുണമേന്മയുള്ളതും നാടനും മറുനാടനുമായ എല്ലാത്തരം ഫലവൃക്ഷങ്ങളുടെയും പച്ചക്കറി തൈകളുടെയും വിത്തുകള്‍ ഇവിടെ കിട്ടും. കാക്കനാട് വി.എഫ്.പി.സി.കെ. ആസ്ഥാന മന്ദിരത്തോട് ചേര്‍ന്നാണ് കേന്ദ്ര പ്രവര്‍ത്തിക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ വില്ക്കുന്നതിനുള്ള കാര്‍ഷിക വിപണിയും വി.എഫ്.പി.സി.കെ. ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2427544.


Stories in this Section