ഓണാട്ടുകരയിലെ എള്ളുകൃഷി

Posted on: 01 Jun 2013

പ്രീത സി. കൃഷി ഓഫീസര്‍, ചവറ
ആലപ്പുഴ കൊല്ലം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഓണാട്ടുകര കാര്‍ഷികമേഖല എള്ളുകൃഷിക്ക് പേരുകേട്ട പ്രദേശമായിരുന്നു. മുണ്ടകന്‍ കൊയ്ത്ത് കഴിഞ്ഞ് മൂന്നാംവിളയായിട്ടാണ് എള്ളുകൃഷി ചെയ്യുന്നത്. നെല്‍കൃഷി കഴിഞ്ഞുള്ള നെല്‍പ്പാടത്തെ പോഷകങ്ങളും ജലാംശവും പ്രയോജനപ്പെടുത്തിയാണ് ഈ കൃഷി. എന്നാല്‍, നെല്‍പ്പാടങ്ങള്‍ കുറയുന്നതും കൃഷിച്ചെലവും കാലാവസ്ഥാ വ്യതിയാനവും കാരണം എള്ളുകൃഷി കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

എങ്കിലും ചവറ കൃഷിഭവന്‍ പരിധിയിലുള്ള 25 അംഗങ്ങളുള്ള സമൃദ്ധി കര്‍ഷകസംഘം തങ്ങളുടെ ആറേക്കര്‍ പാടത്ത് മൂന്നാംവിളയായി എള്ളുകൃഷി ചെയ്ത് മാതൃകയായിരിക്കുകയാണ്.

ഉത്പാദനശേഷി കൂടിയ തിലക് എന്ന ഇനമാണ് കൃഷിക്കായി തിരഞ്ഞെടുത്തത്. ആദ്യസംരംഭമായ നെല്‍കൃഷി കഴിഞ്ഞവര്‍ഷം ഡിസംബറില്‍ മന്ത്രി ഷിബു ബേബിജോണ്‍ വിളവെടുപ്പ് നടത്തിയിരുന്നു. തുടര്‍ന്ന് ഉടന്‍തന്നെ നിലം നല്ലവണ്ണം ഉഴുത് കട്ടകളുടച്ച് കളകളും മറ്റും നീക്കം ചെയ്ത് മണ്ണ് പരുവപ്പെടുത്തി ജൈവവളവും മറ്റുമിട്ടു. തുടര്‍ന്ന് ഒരേക്കറിന് രണ്ടു കിലോഗ്രാം എന്ന തോതില്‍ എല്ലാ സ്ഥലത്തും ഒരുപോലെ വീഴത്തക്കവിധത്തില്‍ വിത്തുവിതറി. 15-ാം ദിവസം ആദ്യ ഇടയിളക്കലും 25-35-നുമിടയില്‍ രണ്ടാമത്തെ ഇടയിളക്കലും നടത്തി. പൂവിട്ടുതുടങ്ങിയപ്പോള്‍ ലഭിച്ച ലഘുവായ മഴ വിളവുവര്‍ധിപ്പിക്കുന്നതിനും സഹായിച്ചു. കീടങ്ങളും രോഗങ്ങളും ഒന്നുംതന്നെ ഉണ്ടായില്ല.

80-84 ദിവസത്തിനുള്ളില്‍ എള്ള് വിളവെടുപ്പിന് പാകമായി. ഇലകള്‍ മഞ്ഞനിറമായി കൊഴിഞ്ഞുതുടങ്ങുകയും കായ്കള്‍ മഞ്ഞനിറമാകുകയും താഴത്തെ കായ്കള്‍ പൊട്ടാന്‍ തുടങ്ങുകയും ചെയ്യുന്നതാണ് വിളവെടുക്കാന്‍ പാകമായതിന്റെ ലക്ഷണം. സംഘാംഗങ്ങള്‍തന്നെയാണ് വിളവെടുപ്പ് നടത്തിയത്. ചെടിയുടെ ചുവടുഭാഗം മുറിച്ചുകളഞ്ഞതിനുശേഷം കെട്ടുകളാക്കി 3-4 ദിവസം തണലത്ത് അടുക്കിവെച്ചു. പിന്നീട് ഇലകള്‍ കുടഞ്ഞതിനുശേഷം 3-4 ദിവസം വെയിലത്തുവെച്ച് ഉണക്കി. ചെറിയ വടികൊണ്ട് അടിച്ച് ഓരോ ദിവസവും വിത്ത് പൊളിച്ചെടുത്തു. 800 കിലോഗ്രാമോളം എള്ള് കിട്ടി. വിപണിയിലെ എള്ളിന്റെ വിലയും എള്ളിന്റെയും എള്ളെണ്ണയുടെയും ഗുണവും പരമ്പരാഗതമായ ചികിത്സാരീതിയിലുള്ള എള്ളിന്റെ പ്രമുഖസ്ഥാനവും കാരണം എള്ളുകൃഷിക്ക് ശോഭനമായ ഭാവിയാണുള്ളത്.

അടുത്തവര്‍ഷം കുറച്ചുകൂടി ശാസ്ത്രീയമായ രീതിയില്‍ കൂടുതല്‍ സ്ഥലത്ത് എള്ളുകൃഷി ചെയ്യണമെന്ന തീരുമാനത്തിലാണ് സമൃദ്ധി കര്‍ഷകസംഘം. ഈ ഗ്രൂപ്പിന് ഇതുകൂടാതെ വേറെ സംരംഭങ്ങളായ നെല്‍കൃഷി, ചേനകൃഷി, വാഴകൃഷി, ഇഞ്ചികൃഷി, പച്ചക്കറികൃഷി എന്നിവയുമുണ്ട്. എള്ളുകൃഷി, കൃഷിഭൂമി തരിശ്ശായി ഇട്ടിരിക്കുന്ന മറ്റു കര്‍ഷകര്‍ക്ക് മാതൃകയായി സ്വീകരിക്കാവുന്നതാണ്.

Stories in this Section