കര്‍ഷകനുമാകാം കോടീശ്വരന്‍

Posted on: 01 Jun 2013

ജി.എസ്. ഉണ്ണികൃഷ്ണന്‍നായര്‍പാട്ടഭൂമിയില്‍ കൃഷി തുടങ്ങിയ വടമയില്‍ ജോസഫ് ഇന്ന് കോടീശ്വരനാണ്. 40 ഏക്കര്‍
കൃഷിഭൂമിയില്‍ ഇദ്ദേഹം പൊന്നുവിളയിക്കുകയാണ്

'പട്ടാളത്തില്‍നിന്ന് വിരമിക്കുമ്പോള്‍ പെന്‍ഷന്‍ ആനുകൂല്യങ്ങളെല്ലാം ചേര്‍ത്ത് 99,000 രൂപയാണ് എനിക്ക് കിട്ടിയത്. പെങ്ങമ്മാരുടെ കല്യാണവും മറ്റ് ചെലവുകളും കഴിഞ്ഞപ്പോള്‍ പാപ്പരായി. അങ്ങനെ പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി തുടങ്ങി. ഇന്ന് ഞാന്‍ കോടിപതിയാണ്.' - വടമയില്‍ ജോസഫ് പറഞ്ഞു.

കറയറ്റ അധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും സാക്ഷ്യപത്രമാണ് തൃശ്ശൂര്‍ മാളയ്ക്ക് സമീപമുള്ള വടമയിലെ ജോസഫിന്റെ കൃഷിത്തോട്ടം. 1993-ലാണ് ജോസഫ് പെന്‍ഷന്‍ പറ്റുന്നത്. പട്ടാളസേവനത്തിനിടെ കാണാന്‍ സാധിച്ച പഞ്ചാബിലെയും മറ്റും കൃഷിയിടങ്ങള്‍ ഈ പട്ടാളക്കാരന്റെ മനസ്സില്‍ കൃഷിയോട് താത്പര്യം വളര്‍ത്തിയിരുന്നു. അങ്ങനെ കുടുംബംപുലര്‍ത്താന്‍ പാട്ടകൃഷി ആരംഭിച്ചു. 38 സെന്റ് പാട്ടഭൂമിയില്‍ വെറ്റിലകൃഷിയോടെയായിരുന്നു തുടക്കം. രണ്ടുവര്‍ഷത്തെ കൃഷികൊണ്ട് ഒന്നരലക്ഷം രൂപ അറ്റാദായം കിട്ടി, 15 വര്‍ഷത്തെ പട്ടാളസേവനത്തിനൊടുവില്‍ ലഭിച്ച തുകയേക്കാള്‍ അധികം. അന്ന്, കൃഷിക്ക് തന്റെ ജീവിതം മെച്ചപ്പെടുത്താനാവുമെന്ന് ജോസഫ് ഉറപ്പിച്ചു. നാട്ടില്‍ കൃഷി ചെയ്യാതെകിടക്കുന്ന പറമ്പും പാടവും പാട്ടത്തിനെടുത്ത് കൃഷിതുടങ്ങി. ഇന്ന് 40 ഏക്കറിലാണ് വിവിധ വിളകള്‍ ഇദ്ദേഹം കൃഷിചെയ്യുന്നത്.

ഒരേ ഭൂമിയില്‍നിന്ന് അഞ്ചുമുതല്‍ ആറ് വിളകള്‍വരെ തുടര്‍ച്ചയായി കൃഷിചെയ്ത് വിളവെടുക്കുന്ന റിലേ കൃഷിരീതിയാണ് ജോസഫ് അനുവര്‍ത്തിക്കുന്നത്. നവംബര്‍ പകുതിയോടെ റോട്ടവേറ്റര്‍ ഉപയോഗിച്ച് മണ്ണ് കിളച്ച് രണ്ടുമീറ്റര്‍ അകലത്തില്‍ തിട്ടകള്‍ പിടിക്കുന്നു. തിട്ടകളില്‍, പുതയിടുന്നതിനുള്ള മല്‍ച്ചിങ് ഷീറ്റ് വിരിച്ച് ഷീറ്റിലുള്ള ദ്വാരത്തിലൂടെ മണ്ണില്‍ വിത്ത് നിക്ഷേപിക്കും. നവംബര്‍ പകുതിയോടെ വെള്ളരി നടുന്നു. ഇത് ജനവരി 25 വരെ നില്‍ക്കും. വെള്ളരിത്തടത്തില്‍ ഡിസംബര്‍ 25 ഓടെ വെണ്ടവിത്ത് പാകുന്നു. ഏപ്രില്‍ 25 വരെ വെണ്ടയുണ്ടാവും. വെണ്ടത്തടത്തില്‍ ഫിബ്രവരി 15-ഓടെ പയര്‍ പാകുന്നു.

ജൂണ്‍ 15 വരെ പയര്‍ പറിക്കാം. അതുകഴിഞ്ഞ് രണ്ടു മാര്‍ഗമുണ്ട്. മെയ് പകുതിയോടെ പയര്‍ത്തടത്തില്‍ കുമ്പളം നട്ട് വീണ്ടും പഴയതുപോലെ പച്ചക്കറിതന്നെ റിലേ കൃഷിയായി തുടരുന്നതാണ് ഒന്ന്. മെയ് 15-ഓടെ പയറിന്റെ തടത്തില്‍ മരച്ചീനിക്കമ്പ് (ആറുമാസ കപ്പയുടെ) നടുന്നു. ആറുമുതല്‍ എട്ടുമാസംകൊണ്ട് മരച്ചീനി വിളവെടുക്കും. നവംബര്‍ തുടക്കത്തോടെ ചാലുകളില്‍ വാഴക്കന്നുകള്‍ നട്ട് തടത്തിലെ മണ്ണ് കൂനുകൂട്ടി ചുറ്റും വെക്കുന്നു.

'റിലേ കൃഷിക്ക് നല്ല വളപ്രയോഗം അത്യാവശ്യമാണ്. ആറുവിള കണക്കാക്കി ചാണകം, ഗോമൂത്രം, കപ്പലണ്ടിപ്പിണ്ണാക്ക് എന്നിവ തുടക്കത്തില്‍ മണ്ണില്‍ ചേര്‍ക്കും. തുള്ളിനനയാണ് എല്ലാ വിളകള്‍ക്കും അനുവര്‍ത്തിക്കുന്നത്. ഇതിനായി കൃഷിയിടത്തില്‍ ഡ്രിപ്പ് ജലസേചനവും വെള്ളത്തോടൊപ്പം വളമെത്തിക്കുന്ന ഫെര്‍ട്ടിഗേഷന്‍ സംവിധാനവും അനുവര്‍ത്തിച്ചിട്ടുണ്ട്. നന ശരിക്കും ശാസ്ത്രീയമായേ ചെയ്യുകയുള്ളൂ. ഒരുമൂട് പച്ചക്കറിക്ക് ദിവസവും രണ്ടു ലിറ്ററും വാഴയ്ക്ക് 16 ലിറ്ററും വെള്ളം വേണം. ഇത് അതിരാവിലെയും വൈകിട്ടും തുള്ളിതുള്ളിയായി നല്‍കുന്നു. ഈ രീതിയില്‍ വെള്ളവും വളവും പാഴാകാതെ വേരുപടലത്തിനടുത്തുതന്നെ എത്തുന്നതിനാല്‍ നന്നായി വലിച്ചെടുക്കപ്പെടുന്നുണ്ട്. അതിനാല്‍ വിളകളൊക്കെ നന്നായി വളര്‍ന്ന് നേരത്തേ പുഷ്പിച്ച് മികച്ച വിളവുതരും. പതിനായിരത്തോളം മൂട് വാഴയുള്‍പ്പെടെ എല്ലാം ബംബര്‍ വിളവാണ് നല്‍കുന്നത്. 'ഒരേക്കര്‍ 15 സെന്റ് ഭൂമിയില്‍നിന്ന് 15 ടണ്‍ കുമ്പളം ഞാന്‍ ഇതിനകം പറിച്ചുകഴിഞ്ഞു' - ജോസഫ് പറഞ്ഞു.

രണ്ടുവര്‍ഷം പച്ചക്കറികൃഷി ചെയ്തുകഴിഞ്ഞാല്‍ ആ ഭാഗത്ത് ഉമ എന്ന നെല്ലിനം കരനെല്ലായി കൃഷിചെയ്യുന്നു. കീടശല്യം കുറയ്ക്കാന്‍ പ്ലാസ്റ്റിക് പുത സഹായിക്കുന്നുണ്ടെന്നാണ് ജോസഫിന്റെ അനുഭവം. പ്ലാസ്റ്റിക് ഷീറ്റ് മൂടിയ മണ്ണില്‍ കീടങ്ങള്‍ക്ക് പെരുകാനാവില്ല. കീടഭോജികളായ പക്ഷികള്‍ക്കും തുമ്പികള്‍ക്കുമൊക്കെ ഇരിക്കാന്‍ കുരിശാകൃതിയിലുള്ള തടിഫ്രെയിമുകള്‍ കൃഷിസ്ഥലത്ത് പലയിടത്തായി നാട്ടിവെച്ചിട്ടുണ്ട്.

ഇതിനുപുറമേ ഫെറമോണ്‍ കെണികളും വിളക്കുകെണികളും ഉപയോഗിക്കുന്നു. അതിരാവിലെമുതല്‍ വൈകുന്നേരംവരെ ജോസഫ് കൃഷിയിടത്തിലുണ്ടാവും. കര്‍ഷകത്തൊഴിലാളികള്‍ക്കൊപ്പം നന്നായി പണിയെടുക്കുകയും ചെയ്യും. തൊഴിലാളികള്‍ ഏറെയൊന്നും ഈ കൃഷിയില്‍ ആവശ്യമായി വരുന്നില്ല.

ജോസഫ് വിളയിക്കുന്ന ഉത്പന്നങ്ങള്‍ വാങ്ങാന്‍ വ്യാപാരികള്‍ കൃഷിയിടത്തില്‍ നേരിട്ടെത്തുന്നുണ്ട്. പാപ്പരായിരിക്കെ തുടങ്ങിയ കൃഷിയില്‍നിന്ന് ഒരുകോടിയില്‍പ്പരം രൂപ സമ്പാദിക്കാന്‍ 15 വര്‍ഷത്തെ കൃഷിയിലൂടെ തനിക്കായെന്ന് ഇദ്ദേഹം അഭിമാനത്തോടെ പറയുന്നു. ഒരേക്കറില്‍നിന്ന് കുറഞ്ഞത് ഒന്നരലക്ഷം രൂപയുടെ അറ്റാദായം ലഭിക്കുന്നുണ്ട്. ഭൂമി സ്വന്തമായി വാങ്ങാനും സാധിച്ചു. ഈ റിട്ട. ജവാന്‍ ഇന്ന് മണ്ണിന്റെ ഉള്ളറിയുന്ന കിസാനായി മാറിക്കഴിഞ്ഞു. (വടമയില്‍ ജോസഫ്. ഫോണ്‍: 9744622871.)Stories in this Section