ഇഞ്ചിക്ക് പൊന്നു വില

Posted on: 19 May 2013


കൊച്ചി: പത്ത് രൂപക്ക് വേപ്പിലക്കും മുളകിനുമൊപ്പം പൊതിഞ്ഞെടുക്കാറുള്ള ഇഞ്ചിക്കിനി എരിവേറും. വില പേശി വാങ്ങേണ്ട ഇനങ്ങളുടെ പട്ടികയില്‍ വീട്ടമ്മമാര്‍ക്കിനി ഇഞ്ചിയെ ഉള്‍പ്പെടുത്താം. വെള്ളിയാഴ്ച ഇഞ്ചിയുടെ വിപണി വില കിലോക്ക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 200 രൂപയിലെത്തി. വെറും രണ്ടു രൂപക്ക് ലഭിക്കുമായിരുന്ന 100 ഗ്രാം ഇഞ്ചിക്ക് ഇനി രൂപ 20 കൊടുക്കണം.

ലഭ്യതക്കുറവ് മുതലെടുത്ത് കര്‍ഷകര്‍ വില കൂട്ടുകയായിരുന്നു. ക്വിന്‍റലിന് 2000 രൂപയായിരുന്ന ഇഞ്ചിക്ക് കഴിഞ്ഞ മൂന്നാഴ്ചക്കിടെയാണ് വില കുത്തനെ കയറിയത്. വെള്ളിയാഴ്ച കുടകില്‍ വില ക്വിന്‍റലിന് 14, 100 രൂപ ആയിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. കുടകില്‍ കിലോഗ്രാമിന് 141 രൂപയാണ് വില. കേരളത്തിലെ മൊത്ത കച്ചവടക്കാരന്റെ കൈയിലേക്കെത്തുമ്പോഴിത് 150 ആകും. ചില്ലറ വില്‍പ്പനക്കാരനെയും മൊത്തക്കച്ചവടക്കാരനെയും ബന്ധിപ്പിക്കുന്ന ഇടനിലക്കാരന്‍ 170 രൂപക്കാണ് വില്‍ക്കുന്നത്. ഇവരില്‍ നിന്ന് ചില്ലറ വില്‍പ്പനക്കാരന്‍ വഴി സാധാരണക്കാരനിലെത്തുമ്പോള്‍ വില 200 കടക്കും.

കര്‍ണാടകയിലെ കുടകില്‍ നിന്നാണ് കേരളത്തിലേക്ക് ഇപ്പോള്‍ ഇഞ്ചി കൂടുതല്‍ എത്തുന്നത്. വയനാട്, മൂവാറ്റുപുഴ, ഇടുക്കി എന്നിവിടങ്ങളിലെ ഇഞ്ചി പാടങ്ങളാണ് കേരളത്തിന്റെ ബാക്കി ഇഞ്ചി വിതരണ സ്രോതസ്സുകള്‍. കേരളത്തിലെ കര്‍ഷകര്‍ ഭൂരിഭാഗവും കാര്‍ഷിക വായ്പയെടുത്ത് പാട്ടത്തിനെടുത്ത സ്ഥലത്ത് ഇഞ്ചിക്കൃഷി ചെയ്യുന്നവരാണ്. മഴ കുറഞ്ഞത് കൃഷിയെ പ്രതികൂലമായി ബാധിച്ചു. വില കുറഞ്ഞിരുന്ന സമയത്തുതന്നെ കര്‍ഷകര്‍ ഇഞ്ചി വിറ്റഴിക്കുകയും ചെയ്തു.മഴക്കാലത്തിന് മുന്നോടിയായി ഈ പാടങ്ങളെല്ലാം ഒഴിച്ചിട്ടിരിക്കുകയാണ്. ഇതുമൂലം ഇഞ്ചിക്കായി കുടകിനെ കൂടുതലായി ആശ്രയിക്കേണ്ടി വരികയായിരുന്നു.

കുടകും കേരളവും കഴിഞ്ഞാല്‍ ഇഞ്ചി കൂടുതലായി കൃഷി ചെയ്യുന്നത് ബംഗാള്‍ പോലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ഇവിടങ്ങളില്‍ ഇഞ്ചി വില കിലോയ്ക്ക് 80-90 രൂപയാണ്. അല്പം കുറവുണ്ടെങ്കിലും ഇവിടങ്ങളില്‍ നിന്ന് ഇഞ്ചി കേരളത്തിലെത്തുമ്പോഴേക്കും വില ഉയരുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.Stories in this Section