'റെഡ് ലേഡി' പപ്പായയിലെ റാണി

Posted on: 19 May 2013


പാവപ്പെട്ടവന്റെ പഴമായി കാലങ്ങളായി അവഗണിക്കപ്പെട്ട പപ്പായയ്ക്ക് ശാപമോക്ഷം നല്‍കിയവള്‍ 'റെഡ്‌ലേഡി'. പഴവിപണിയിലെ ഈ താരറാണിക്ക് രുചിയും മാധുര്യവുമേറും. ഉടഞ്ഞുപോകാത്ത ചുവന്ന കാമ്പാണ് ഇതിന്. വ്യാവസായികാടിസ്ഥാനത്തില്‍ പപ്പായയും കൃഷിചെയ്യാമെന്ന് കര്‍ഷകന് ഉറപ്പുനല്‍കാന്‍ പപ്പായയുടെ ഈ ഇനത്തിനേ കഴിയൂ.

മറ്റ് പപ്പായ ഇനങ്ങളെപ്പോലെത്തന്നെ റെഡ്‌ലേഡിയും നമ്മുടെ മണ്ണിനും കാലാവസ്ഥയ്ക്കുമിണങ്ങും. വിപണിയിലെ താരമായതുകൊണ്ടുതന്നെ വിത്തിന് വില അല്പം കൂടുമെന്നുമാത്രം. ആയിരം രൂപയ്ക്ക് 250 വിത്തു മാത്രമേ കിട്ടൂ.

ചുവന്ന സുന്ദരിയെ നേരിട്ട് മണ്ണിലിറക്കാതിരിക്കുന്നതാണ് ബുദ്ധി. പോളിബാഗില്‍ മുളപ്പിച്ചെടുത്ത തൈകള്‍ പറിച്ചുനടാന്‍ തിരഞ്ഞെടുക്കാം. ചെറിയ ദ്വാരങ്ങളിട്ട പോളിബാഗില്‍ മണ്ണും മണലും ചാണകപ്പൊടിയും ഒരേ അനുപാതത്തില്‍ ചേര്‍ത്ത മിശ്രിതംനിറച്ച് വിത്തുപാകാം. വിത്തിനുമുകളില്‍ നേര്‍ത്ത പാളിയായിമാത്രമേ മണ്ണ് ചേര്‍ക്കാവു. മണ്ണിന്റെ കനംകൂടുന്നതനുസരിച്ച് മുളച്ചുവരുന്നതിനുള്ള കഴിവ് കുറയും.

പോളിബാഗ് തണലുള്ളിടത്ത് വെക്കണം. രാവിലെയും വൈകിട്ടും മിതമായി നനച്ചുകൊടുക്കാം. നഴ്‌സറിയില്‍ കാണുന്ന ചീയല്‍രോഗത്തെ നിയന്ത്രിക്കാന്‍ ട്രൈക്കോഡര്‍മ വളര്‍ത്തിയ ചാണകപ്പൊടി ഉപയോഗിക്കുന്നതാണ് അഭികാമ്യം.പോളിബാഗില്‍ നിന്ന് ഒന്നരമാസത്തിനുശേഷം പറിച്ചുനടാം. നിലം നന്നായി കിളച്ചശേഷം രണ്ടുമീറ്റര്‍ അകലത്തില്‍ ഒന്നരയടി നീളവും വീതിയും ആഴവുമുള്ള കുഴികളെടുക്കണം.

പത്തു കിലോഗ്രാം ചാണകപ്പൊടി അടിവളമായി നല്‍കാം. മൂന്നുമാസംകൊണ്ട് റെഡ്‌ലേഡി പുഷ്പിണിയാകും. വേഗത്തില്‍ വളരുകയും തുടര്‍ച്ചയായി കായ്ക്കുകയും ചെയ്യുമെന്നതിനാല്‍ പപ്പായയ്ക്ക് യഥാസമയം വളം ചെയ്യേണ്ടത് അനിവാര്യം. ചാണകമോ കമ്പോസ്റ്റോ പത്തുകിലോഗ്രം ഒന്നരമാസത്തെ ഇടവേളയില്‍ നല്‍കണം.

രാസവളമായി 100 ഗ്രാം വീതം യൂറിയയും പൊട്ടാഷും 200 ഗ്രാം എല്ലുപൊടിയും ചേര്‍ത്തുകൊടുക്കുന്നത് ചുവന്നസുന്ദരിയുടെ ഉത്പാദനം കൂട്ടും.ഏഴെട്ടുമാസംകൊണ്ട് മൂപ്പെത്തിയ കായ പറിച്ചെടുക്കാം. കായകളുടെ ഇടച്ചാലുകളില്‍ മഞ്ഞ നിറം കാണുന്നതാണ് ചുവന്ന സുന്ദരിയെ പറിച്ചെടുക്കേണ്ടതിന്റെ സൂചന.

കുഴിയില്‍നിന്നുതന്നെ കായ പറിക്കാമെന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതതന്നെ. കായകള്‍ക്ക് രണ്ടുമുതല്‍ ആറുകിലോഗ്രാംവരെ ഭാരം പ്രതീക്ഷിക്കാം.

കാസര്‍കോട് മൊഗ്രാല്‍പുത്തൂരിലെ ചിത്രയുടെ ചുവന്നസുന്ദരിത്തോട്ടത്തില്‍ രാസകീടനാശിനികള്‍ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള കൃഷിരീതിയാണ് അനുവര്‍ത്തിക്കുന്നത്. ഓരോ പപ്പായയുടെ ചുവട്ടിലും ഫെര്‍ട്ടിഗേഷനിലൂടെ വളവും വെള്ളവും ഉറപ്പുവരുത്തുന്നതിനാല്‍ വിളവ് കൂടുമെന്ന് ചിത്ര പറയുന്നു.ഭര്‍ത്താവും കൃഷി ഓഫീസറുമായ ച്യവന നരസിംഹലു ആണ് ചിത്രയെ കൃഷിയില്‍ സഹായിക്കുന്നത്.വളരെയധികം പോഷകഗുണവും ഔഷധഗുണവുമുള്ള പപ്പായ കേരളത്തിലെ അടുക്കളത്തോട്ടങ്ങളില്‍പ്പോലും അപ്രത്യക്ഷമാവുകയാണ്. അര്‍ഹിക്കുന്ന പ്രധാന്യം നമ്മള്‍ മലയാളികള്‍ പപ്പായയ്ക്ക് നല്‍കുന്നുണ്ടോ എന്ന കാര്യം സംശയമാണ്.

ജീവകങ്ങളുടെയും ധാതുക്കളുടെയും മുഖ്യ ഉറവിടമായ പപ്പായ ഉദരരോഗങ്ങള്‍ അകറ്റാന്‍ ഉത്തമമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ചിത്ര- ഫോണ്‍: 9846979348.

വീണാറാണി ആര്‍.


Stories in this Section