ഓണ്‍ലൈന്‍ പെറ്റ് വിപണി കരുത്താര്‍ജ്ജിക്കുന്നു

Posted on: 19 May 2013


വിവര സാങ്കേതിക വിദ്യയിലുള്ള വളര്‍ച്ചയ്ക്കാനുപാതികമായി ലോകത്താകമാനം പെറ്റ്‌സ് വിപണിയിലുള്ള മാറ്റം ഏറെ ശ്രദ്ധേയമാണ്. 25,000 ത്തിലധികം ഉല്‍പന്നങ്ങളുള്ള ഈ വിപണിയില്‍ നൂറുകണക്കിന് പുത്തന്‍ ഉല്‍പന്നങ്ങളാണ് ദിനംപ്രതി എത്തുന്നത്. ഓണ്‍ലൈന്‍വഴി ഓമനമൃഗങ്ങള്‍ക്കുള്ള ഉല്‍പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്തു വാങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു. ഓണ്‍ലൈന്‍ വ്യാപാരം റീട്ടെയില്‍ വിപണിയെ പിന്‍തള്ളി മുന്നേറി വരുന്നു. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ലിന്‍ക്ടിന്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെ പെറ്റ്‌സ് വിപണി കരുത്താര്‍ ജ്ജിച്ചു വരുന്നു.

ഇതിലൂടെ ഓമനമൃഗങ്ങളുടെ വിപണനം, വെറ്ററിനറി ഡോക്ടര്‍മാരുമായുള്ള കണ്‍സല്‍ട്ടന്‍സി, ശാസ്ത്രീയ ഭക്ഷണക്രമം, പരിചരണം, പരിശീലനം, രോഗനിയന്ത്രണം, തുടങ്ങി നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു വരുന്നു. അമേരിക്കയില്‍ 37.5% പേരും സോഷ്യല്‍ നെറ്റ്‌വര്‍ക്കിനെ ആശ്രയിച്ചു വരുന്നു.

ഓണ്‍ലൈന്‍ വഴി പെറ്റ്‌സ് ഉല്‍പന്നങ്ങള്‍ ലഭിയ്ക്കുവാന്‍ നിരവധി ഓണ്‍ലൈന്‍ ഷോപ്പുകളുണ്ട്. ഇവയില്‍ ഭൂരിഭാഗവും ഉല്‍പന്നങ്ങള്‍ സ്വന്തം ചിലവിലാണ് കൊറിയര്‍ വഴി എത്തിയ്ക്കുന്നത്. www.amazon .com, www.urbanbrat.com, www.dogspot.in, petshop18.com എന്നിവ പ്രധാനപ്പെട്ട ഓണ്‍ലൈന്‍ പെറ്റ് ഷോപ്പുകളാണ്.

പെറ്റ് ഇന്‍ഷ്വറന്‍സ് രംഗത്ത് 12% ത്തിലധികം വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ഓമനമൃഗങ്ങള്‍ക്ക് വേണ്ടി ചെലവിടുന്ന തുകയില്‍ 4% ത്തിന്റെ വര്‍ദ്ധനവുണ്ട്. ഓമനകളുമായുള്ള യാത്ര വര്‍ദ്ധിച്ചു വരുമ്പോള്‍ യാത്രാസംബന്ധമായ പെറ്റ് ഉല്‍പന്നങ്ങള്‍ക്ക് സാധ്യതയേറി വരുന്നു. പെറ്റ്‌സിന് റിസോര്‍ട്ടുകള്‍, ട്രാവല്‍ മെത്തകള്‍, ഹോട്ടലുകള്‍, പെറ്റ് ക്ലിനിക്കുകള്‍, മ്യൂസിയങ്ങള്‍, സ്റ്റോറുകള്‍ എന്നിവ വിപുലപ്പെട്ടു വരുന്നു.

റെഡിമെയ്ഡ് പെറ്റ് വിപണിയി്ല്‍ ജൈവ, പ്രകൃത്യാ ഉള്ള പെറ്റ് ഫുഡുകള്‍ അതായത് Organic and Natural pet foods ന് ആവശ്യക്കാര്‍ ഏറി വരുന്നു. ഈ രംഗത്ത് വാര്‍ഷിക വളര്‍ച്ചാ നിരക്ക് 17% ത്തിലധികമാണ്. ഹില്‍സിന്റെ സയന്‍സ് ഡയറ്റ്, നെസ്ലേയുടെ പുരിന, വാള്‍മാര്‍ട്ടിന്റെ അള്‍ട്രാ പ്രീമിയം തീറ്റ എന്നിവ പൂര്‍ണ്ണമായും ഓര്‍ഗാനിക്ക് ഉല്‍പന്നങ്ങളാണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. വാള്‍മാര്‍ട്ടിന്റെ ഉല്‍പന്നങ്ങള്‍ തീരെ ജലാംശം കുറഞ്ഞ Dry foods ല്‍പ്പെടുന്നു. പെറ്റ് വിപണിയിലേക്ക് കടന്നെത്തുന്ന ഗുണമേന്മ കുറഞ്ഞ തീറ്റകള്‍ ഓമനകളില്‍ വിഷബാധയുളവാക്കുന്ന സാഹചര്യത്തില്‍ ഓമനകളുടെ ജൈവതീറ്റകള്‍ക്ക് ആഗോളതലത്തില്‍ തന്നെ പ്രസക്തിയേറി വരുന്നു. പെറ്റ് ഫുഡ്‌സിന്റെ ഗുണനിലവാരത്തിലുള്ള ഏറ്റക്കുറച്ചിലാണ് ഇവയ്ക്കിടവരുത്തുന്നത്.

ഓമനകളുടെ ചികിത്സാരംഗത്തുള്ള പുത്തന്‍ പ്രവണതകള്‍ ഏറെ പ്രകടമാണ്. കാര്‍ഡിയോളജി, ന്യൂറോളജി, ഓന്‍കോളജി, ഒഫ്താല്‍മോളജി തുടങ്ങി പെറ്റ്‌സ് ചികിത്സാ രംഗത്ത് നിരവധി സ്‌പെഷ്യലൈസേഷനുകള്‍ നിലവിലുണ്ട്.


Stories in this Section