ജൈവപച്ചക്കറിക്കൃഷിയില്‍ കൂട്ടായ്മയുടെ വിജയം

Posted on: 04 Apr 2013കാര്‍ഷികഗ്രാമമായ തകഴിയില്‍ ജൈവ പച്ചക്കറിക്കൃഷിയിലൂടെ കൂട്ടായ്മ വിജയഗാഥ രചിക്കുകയാണ്. പാട്ടത്തിനെടുത്ത രണ്ടരയേക്കറില്‍ അത്യധ്വാനത്തിലൂടെ ഇവര്‍ പൊന്നുവിളയിച്ചു. ചീര, പാവല്‍, പടവലം, വെള്ളരി, വെണ്ടയ്ക്ക, തക്കാളി എന്നിവയാണ് കൃഷിചെയ്യുന്നത്. സര്‍ക്കാര്‍ ജോലിയടക്കം വിവിധ തൊഴിലുകളുള്ള എട്ടുപേര്‍ സമയം കണ്ടെത്തിയാണ് കൃഷിയിടത്തിലെത്തുന്നത്.

കര്‍ഷകനും കെട്ടിടനിര്‍മ്മാണ കരാറുകാരനുമായ തകഴി പാണ്ടിയപ്പള്ളില്‍ ഉണ്ണികൃഷ്ണനാണ് കൂട്ടായ്മയുടെ നേതാവ്. കര്‍ഷകത്തൊഴിലാളിയായ തകഴി വളംതിട്ട മുകുന്ദന്‍ മുഴുവന്‍ സമയം കൃഷിയിടത്തിലുണ്ട്. എറണാകുളത്ത് സെക്യൂരിറ്റി ജോലി ചെയ്യുന്ന തകഴി പുത്തന്‍പുര ജയപ്രകാശ്, കെ.എസ്.ആര്‍.ടി.സി.യില്‍ കണ്ടക്ടര്‍മാരായ കരുമാടി മുഞ്ഞനാട് പ്രതാപന്‍, പുന്നപ്ര വെളിന്തറ ബിജിത്ത്, കൂലിപ്പണിക്കാരനായ തകഴി ശ്രീവിലാസം വിനോദ്, ലോറി ക്ലീനറായ തുണ്ടിപ്പറമ്പ് അനില്‍കുമാര്‍, ഡ്രൈവറായ ശശി ഭവനത്തില്‍ ബൈജു എന്നിവരാണ് കൂട്ടായ്മയിലെ മറ്റംഗങ്ങള്‍.

എസ്.എന്‍.ഡി.പി. മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍പ്പെടുത്തി വായ്പയായി അനുവദിച്ച രണ്ട് ലക്ഷം രൂപയാണ് കൂട്ടായ്മയുടെ കൃഷിക്ക് പ്രേരണയായത്. ആറുവര്‍ഷം മുന്‍പായിരുന്നു ഇത്. തകഴി ആശുപത്രി ജങ്ഷന് സമീപം സ്വകാര്യ വ്യക്തിയില്‍നിന്ന് പാട്ടത്തിനെടുത്ത രണ്ടരയേക്കറില്‍ ചെറിയ രീതിയില്‍ കൃഷി തുടങ്ങി. മൂന്നുമാസം മുന്‍പാണ് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി കൂട്ടായ്മ വിപുലപ്പെടുത്തിയത്.

പരമ്പരാഗത രീതിയിലാണ് കൃഷി. കീടങ്ങളെ ചെറുക്കാന്‍ കൃഷിയിടത്തില്‍ ചിരട്ടയില്‍ ഉറി കെട്ടിയിട്ടിരിക്കുകയാണ്. പഴവും ശര്‍ക്കരയും ചേര്‍ന്ന മിശ്രിതം ഉറിയില്‍ ശേഖരിച്ചുവക്കും. ഇതിന്റെ മണംകേട്ട് എത്തുന്ന കീടങ്ങളെ കൊല്ലാന്‍ ഉറിയില്‍ കീടനാശിനിയും വയ്ക്കും. ഇതുമൂലം ചെടിയില്‍ കീടനാശിനി ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. ആഴ്ചതോറും ഉറികള്‍ മാറ്റിവയ്ക്കും. ചാണകമാണ് അടിസ്ഥാനവളം. 30,000 രൂപയുടെ പടവലം ഇവര്‍ കഴിഞ്ഞദിവസം വിറ്റു.

ആറ് ക്വിന്റല്‍ പാവയ്ക്കയാണ് അടുത്തിടെ വിളഞ്ഞത്. മാര്‍ക്കറ്റില്‍ വില ലഭിക്കാതെ വന്നതോടെ റോഡില്‍ കൂട്ടിയിട്ടുവിറ്റു. അരമണിക്കൂര്‍ കൊണ്ട് 45 കിലോ പാവയ്ക്ക വിറ്റുപോയി. കിലോക്ക് 40 രൂപയ്ക്കാണ് വിറ്റത്. ജൈവ പച്ചക്കറിയുടെ രുചിതേടി കൂട്ടായ്മയുടെ കൃഷിയിടത്തിലേക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ ധാരാളമായി എത്തുന്നുണ്ട്. ലാഭത്തേക്കാളുപരി കൃഷിയോടുള്ള സ്‌നേഹമാണ് കൂട്ടായ്മയെ മുന്നോട്ടുനയിക്കുന്നത്. കൃഷി കൂടുതല്‍ വിപുലപ്പെടുത്താനാണിവരുടെ പദ്ധതി.

- എം.അഭിലാഷ്


Stories in this Section